ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ? 200 മില്യണ്‍ ഡോളര്‍ ശമ്പള വാഗ്ദാനവുമായി ആപ്പിളിന്റെ എ ഐ ഗവേഷകനെ തട്ടിയെടുത്ത് മെറ്റ; പാങ്ങിന് ലഭിച്ചത് മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവി
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ?
ന്യൂയോര്‍ക്ക്: നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മേല്‍ക്കൈ നേടാനുള്ള ശക്തമായ നീക്കങ്ങളുമായി ലോകത്തെ പ്രമുഖ ഐ.ടി ഭീമന്‍മാര്‍ മല്‍സരിക്കുമ്പോള്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്ന നീക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത് മെറ്റയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമസ്ഥരായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെതാണ് ഈ സ്ഥാപനം.
എതിരാളിയായ ആപ്പിളിന് വന്‍ പണി നല്‍കി കൊണ്ടാണ് അവരുടെ നാടകീയമായ നീക്കം. ആപ്പിളിന്റെ ഏറ്റവും
പ്രശസ്തനായ ഒരു എ.ഐ വിദഗ്ധനെ കണ്ണഞ്ചിപ്പിക്കുന്ന ശമ്പള ഓഫര്‍ നല്‍കി മെറ്റ സ്വന്തമാക്കിയിരിക്കുകയാണ്. നമ്മളില്‍ ഭൂരിഭാഗത്തിനും സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന ഒരു തുകയാണ് മെറ്റ ഈ എന്‍ജിനിയര്‍ക്ക് ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
200 മില്യണ്‍ ഡോളറാണ് റൂമിംഗ് പാങ്ങ് എന്ന ഈ ചൈനക്കാരന് മെറ്റ ശമ്പളമായി നല്‍കുന്നത്. ലോകത്തിലെ പ്രമുഖ ബാങ്കുകളിലെ സി.ഇ.ഒ ഉള്‍പ്പെടെ കോര്‍പ്പറേറ്റ് മേഖലയില്‍ ആര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള പാക്കേജാണ് ഇത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് പാങ്ങിന് ലഭിച്ചിരിക്കുന്നത്. മനുഷ്യ ബുദ്ധിയെ കടത്തിവെട്ടുന്ന തരത്തിലുള്ള നിര്‍മ്മിത ബുദ്ധി സങ്കേതങ്ങള്‍ കണ്ടെത്താന്‍ മെറ്റ നടത്തുന്ന പരീക്ഷണങ്ങളില്‍ ഈ ചൈനക്കാരന്‍ സാരഥിയാകും.
മെറ്റയില്‍ ഇപ്പോള്‍ തന്നെ ചാറ്റ് ജി.പി.ടിയുടെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ എ.ഐയിലെ മുന്‍ ജീവനക്കാര്‍ നിരവധിയുണ്ട്. ആപ്പിളിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന സി.ഇ.ഒയായ ടീംകുക്കിന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ശമ്പളമാണ് പാങ്ങിന് ലഭിക്കുന്നത്. അതേ സമയം പാങ്ങിനെ പോലെയുളള ഒരതിപ്രഗത്ഭനായ എന്‍ജിനിയര്‍ക്ക് പുതിയ ഓഫര്‍ ലഭിക്കുമ്പോള്‍ അദ്ദേഹത്തെ പിടിച്ചു നിര്‍ത്താനായി നല്ലൊരു പാക്കേജ് പ്രഖ്യാപിക്കാന്‍ ആപ്പിള്‍ എന്ത് കൊണ്ട് തയ്യാറായില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
പാങ്ങിന് ഇത്രയും കനത്ത ശമ്പളം കൂടാതെ മറ്റ് ചില വാഗ്ദാനങ്ങളും മെറ്റ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ഒരു വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ ആശ്രയിച്ചായിരിക്കും തീരുമാനിക്കപ്പെടുക. പാങ്ങ് നേരത്തേ സ്ഥാപനം വിട്ടുപോകുകയോ പെര്‍ഫോമന്‍സ് മോശമാകുകയോ ചെയ്താല്‍ ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല.
പാങ്ങ് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹത്തിന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ഉണ്ട്. 2021 ലാണ് പാങ്ങ് ആപ്പിളില്‍ ജോലിക്കായി ചേര്‍ന്നത്. അതിന് മുമ്പ് അദ്ദേഹം ഗൂഗിളില്‍ പ്രിന്‍സിപ്പല്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി 15 വര്‍ഷം ജോലി ചെയ്തിരുന്നു.