മിഹിറിന്റ ആത്മഹത്യയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും; കലക്ടറേറ്റില്‍ ഇന്ന് തെളിവെടുപ്പ്; 'മിഹിറിന്റെ മരണം ഹൃദയഭേദകം; പീഡിപ്പിച്ചവരും നടപടി എടുക്കാത്തവരും ഉത്തരവാദികള്‍, മാതാപിതാക്കള്‍ മക്കളെ ദയയും സ്‌നേഹവും പഠിപ്പിക്കണ'മെന്ന് രാഹുല്‍ ഗാന്ധിയും
മിഹിറിന്റ ആത്മഹത്യയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിറിന്റെ ആത്മഹത്യ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും. സംഭവത്തിലെ തെളിവെടുപ്പിന്റെ ഭാഗമായി മിഹിറിന്റെ മാതാപിതാക്കളോടും സ്‌കൂള്‍ അധികൃതരോടും തെളിവെടുപ്പിനായി ഇന്ന് കലക്ട്രേറ്റില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മിഹിറിന്റെ മരണം സഹപാഠികളുടെ റാഗിങ്ങില്‍ മനംനൊന്താണെന്ന് ആരോപിച്ച് കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മിഹിറിന്റെ മാതാപിതാക്കളോടും സ്‌കൂള്‍ അധികൃതരോടും ഇന്ന് കലക്ട്രേറ്റില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
അതേസമയം മിഹിര്‍ മൂന്നുമാസം മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. മിഹിര്‍ സ്‌കൂള്‍ മാറാന്‍ കാരണം വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് മിഹിര്‍ ആത്മഹത്യ ചെയ്യുന്നത്.
ഇതിനിടെ മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ചു. മിഹിര്‍ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് സ്വദേശികളാണ് മിഹിറിന്റെ മാതാപിതാക്കള്‍.
'മിഹിര്‍ നേരിട്ടത് ഇനി ഒരു കുട്ടിയും സഹിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകള്‍. എന്നിട്ടും അവിടെ ആ കുട്ടി നിരന്തര പീഡനങ്ങള്‍ അനുഭവിച്ചു. ഈ സംഭവത്തില്‍ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്‍ മക്കളെ ദയ, സ്‌നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ അവരെ വിശ്വസിക്കുക, അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഇടപെടുക' -അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സലീം-റജ്‌ന ദമ്പതികളുടെ മകനായ മിഹിര്‍ അഹമ്മദ് സ്‌കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്‍ന്ന് ജനുവരി 15നാണ് ജീവനൊടുക്കിയത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സംഭവദിവസം വൈകീട്ട് സ്‌കൂളില്‍ നിന്നെത്തിയ മിഹിര്‍ 3.50ഓടെ ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
സഹപാഠികള്‍ മിഹിറിനെ വാഷ്‌റൂമില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്‌ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായും മാതാപിതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നു.
സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും മിഹിര്‍ കഠിനമായ ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയനായി എന്ന് വ്യക്തമാണെന്ന് പരാതിയില്‍ പറയുന്നു. അത്തരമൊരു നിസ്സഹായ ഘട്ടത്തിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനത്തിന് മകന്‍ ഇരയായി എന്ന് ചാറ്റുകളില്‍ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോള്‍ പുറം ലോകം അറിയുമ്പോള്‍ തങ്ങളുടെ സല്‍പ്പേര് നഷ്ടപ്പെടുമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ചില സഹപാഠികള്‍ ചേര്‍ന്ന് ആരംരഭിച്ച 'ജസ്റ്റിസ് ഫോര്‍ മിഹിര്‍'' എന്ന ഇന്‍സ്റ്റഗ്രാം പേജ് നീക്കം ചെയ്യപ്പെട്ടതായും ഇതിന് പിന്നില്‍ ആരുടെയോ സമ്മര്‍ദ്ദമുള്ളതായും പരാതിയില്‍ പറയുന്നു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂളില്‍ അത്തരം സംഭവം നടന്നതായി അറിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ടോയ്‌ലറ്റിന്റെ ഭാഗത്ത് രണ്ട് വശത്തും നിരീക്ഷണത്തിന് ആളുകളുണ്ട്. അത് കൊണ്ട് ടോയ്‌ലറ്റിനുള്ളില്‍ അത്തരം സംഭവം നടക്കാനിടയില്ല. സ്‌കൂളിന്റെ സല്‍പേര് കളയാന്‍ ആസൂത്രിത ശ്രമമാണോയെന്ന് സംശയമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍, സ്‌കൂള്‍ പറയുന്ന വാദങ്ങളെല്ലാം തെറ്റാണെന്ന് മരിച്ച മിഹിറിന്റെ അമ്മാവന്‍ ഷെരീഫ് പറഞ്ഞു. മിഹിറിന് നീതി കിട്ടണമെന്നും ഇനിയൊരു സംഭവം ഇത്തരത്തില്‍ ഉണ്ടാവാതിരിക്കാന്‍ ഉറപ്പുവരുത്തണമെന്നും അപകടത്തിനു ശേഷം കിട്ടിയ ചാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.