ഇരുപത്തിനാലാം വയസ്സില്‍ ചാവേറായി ആസിഫ! ബലൂചിസ്ഥാന്റെ മോചനത്തിനായി പാക്ക് ഭരണകൂടത്തോട് പോരിന് ഇറങ്ങിയ പെണ്‍പട; 'ഓപ്പറേഷന്‍ ഹെറോഫ് 2' തകര്‍ത്തത് പാക് നെഞ്ചകം! ബിഎല്‍എയുടെ 'ജെന്‍ സീ വനിതാ ചാവേറുകള്‍'; പാക്കിസ്ഥാനെ വിറപ്പിച്ച രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎല്‍എ
കറാച്ചി: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ട് ബലൂച് ലിബറേഷന്‍ ആര്‍മി. ശനിയാഴ്ച ബലൂചിസ്ഥാനില്‍ പലയിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 120ഓളം പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ വനിതാ ചാവേറുകള്‍ പങ്കെടുത്തതായി ബിഎല്‍എ നേരത്തെ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ ചാവേറുകളുടെ ചിത്രം പുറത്ത് വിട്ടത്. ഇതില്‍ 24കാരിയായ ചാവേറിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. ആസിഫ മെംഗല്‍ എന്ന യുവതിയെയാണ് തിരിച്ചറിഞ്ഞത്.
ആസിഫ ബലൂചിസ്ഥാനിലെ നുഷ്‌കി സ്വദേശിയാണെന്നും 21-ാം വയസില്‍ ബിഎല്‍എയില്‍ ചേര്‍ന്നതാണെന്നും കണ്ടെത്തി. 2002 ഒക്ടോബര്‍ 2നാണ് ആസിഫ ജനിച്ചത്. ബിഎല്‍എയുടെ മജീദ് ബ്രിഗേഡിന്റെ ഭാഗമായിരുന്നു. സ്വന്തം താത്പര്യത്തില്‍ ആണ് ഇവര്‍ ബിഎല്‍എയുടെ ചാവേര്‍ ആയതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച നുഷ്‌കിയിലെ ഐഎസ്ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു. അതേസമയം രണ്ടാമത്തെ സ്ത്രീയെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കിടയില്‍ പാക്കിസ്ഥാനില്‍ നടന്ന ഏറ്റവും മാരകമായ ചാവേര്‍ ആക്രമണമാണ് ശനിയാഴ്ച നടന്നത്.
ജയിലും പൊലീസ് സ്റ്റേഷനും സുരക്ഷാ സംവിധാനങ്ങളും ഉന്നമിട്ട ആക്രമണം ഉന്നത സുരക്ഷയുള്ള ജയില്‍, പൊലീസ് സ്റ്റേഷന്‍, പാരാമിലിട്ടറി സുരക്ഷാ സംവിധാനങ്ങളും ആക്രമണങ്ങളില്‍ തകര്‍ന്നു. 15 സുരക്ഷാ ഉദ്യോഗസ്ഥരും 92 അക്രമികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിടെ ചില ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടു. നിരവധി വാഹനങ്ങളാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിവിധയിടങ്ങളിലായി ഒരേ സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ മേഖലയിലേക്കുള്ള പാക്കിസ്ഥാന്‍ റെയില്‍ വേ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ബിഎല്‍എ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കുകയും ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്വറ്റ, മസ്തൂംഗ്, നുഷ്‌കി, ഗദ്ദര്‍, പസ്‌നി അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടന്നു. ഗദ്ദറിലും പസ്‌നിയിലും ഭീകരവാദികള്‍ ബസുകള്‍ തടഞ്ഞുനിര്‍ത്തി സാധാരണക്കാരെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും നടന്നു. നുഷ്‌കിയിലെ പാരാമിലിട്ടറി ആസ്ഥാനം ആക്രമിക്കാന്‍ ശ്രമിച്ച ഭീകരരെ സൈന്യം തടഞ്ഞു. മസ്തൂംഗില്‍ അതീവ സുരക്ഷയുള്ള ജയില്‍ ആക്രമിച്ച് 30-ലധികം തടവുകാരെ ബിഎല്‍എ മോചിപ്പിച്ചിട്ടുണ്ട്.
ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ 50 ലേറെ സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് 'ഓപ്പറേഷന്‍ ഹെറോഫ് 2 ' എന്ന പേരില്‍ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതര്‍ അക്രമം അഴിച്ചുവിട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാന്‍ സുരക്ഷാ സേന 40 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇതുവരെ 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. രണ്ട് ആക്രമണങ്ങളില്‍ സ്ത്രീകളായിരുന്നു കുറ്റവാളികള്‍ എന്നും വിഘടനവാദികള്‍ സാധാരണക്കാരെയും തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിടുന്നത് വര്‍ധിച്ചു വരികയാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച പരാതികള്‍ കാരണം പതിറ്റാണ്ടുകളായി കലാപം നടക്കുന്ന ഒരു പ്രവിശ്യയാണിത്. പാക്കിസ്ഥാന്‍ സുരക്ഷാ സേനകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം മുമ്പും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏറ്റവും വലിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതുമായ പ്രവിശ്യയായ ബലൂചിസ്ഥാന്‍, വിഘടനവാദി വിമതരും ഭരണകൂടവും തമ്മിലുള്ള കുറഞ്ഞ തീവ്രതയിലുള്ള സംഘര്‍ങ്ങളുടെ വേദിയാണ്. വര്‍ഷങ്ങളായി അക്രമത്തിന്റെ തീവ്രതയില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇടയ്ക്കിടെ നടക്കുന്ന വലിയ ആക്രമണങ്ങളും പ്രത്യാക്രമണ പ്രവര്‍ത്തനങ്ങളും ഈ മേഖലയുടെ ചില ഭാഗങ്ങളില്‍ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
