റോക്കറ്റ് വേഗത്തില്‍ കുതിച്ച സ്വര്‍ണ വില; നാലുമാസം കൊണ്ട് വര്‍ദ്ധിച്ചത് 44,600; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 21,240 രൂപ; ഇന്നത്തെ വിലക്കുറവ് പതിനായിരത്തോളം; ലക്ഷത്തില്‍ നിന്നിറങ്ങുമോ സ്വര്‍ണം? ഇപ്പോള്‍ വാങ്ങണോ? ഇനിയും കാത്തിരിക്കണോ?

Update: 2026-02-02 11:59 GMT

കൊച്ചി: റോക്കറ്റ് വേഗത്തില്‍ കൂടിയ സ്വര്‍ണ വില അതേക്കാള്‍ വേഗത്തില്‍ താഴോട്ടിറങ്ങുകയാണ്. നാലുദിവസം കൊണ്ട് പവന് 21,240 രൂപയാണ് ഇടിഞ്ഞത്. ഇന്ന് മാത്രം രണ്ട് തവണയായി പവന് 9,840 രൂപ കുറഞ്ഞെങ്കിലും വൈകീട്ട് 2000 രൂപ കൂടി. ഗ്രാമിന് 250 രൂപ കൂടി 13,740 രൂപയും പവന് 2000 രൂപ കൂടി 1,09,920 രൂപയുമാണ് നിലവിലെ വില. സ്വര്‍ണം വാങ്ങാന്‍ ഇതിലും നല്ല സമയം വേറെയുണ്ടോ?

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില താഴേക്കിറങ്ങുന്നത് തുടരുകയാണ്. ഇന്നലെ വന്‍ ഇടിവ് രേഖപ്പെടുത്തിയ വില ഇന്ന് രാവിലെയും കുറഞ്ഞു, പിന്നാലെ ഉച്ചയ്ക്കും. ഇക്കണക്കിന് പോയാല്‍ സ്വര്‍ണം ലക്ഷത്തിന് താഴെപോകുമോ എന്ന ചിന്തയും ഉപഭോക്താക്കളിലുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോ എന്ന ആശങ്കയിലാണ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരും.

തിങ്കളാഴ്ച രാവിലെ പവന് 6640 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 ല്‍ എത്തുകയും ചെയ്തു. പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും വില ഇടിഞ്ഞത്. ഒരു പവന് 3,200 രൂപയാണ് ഉച്ചയ്ക്ക് കുറഞ്ഞത്. ഇതോടെ ഇന്നുമാത്രം ആകെ 9,840 രൂപ കുറഞ്ഞു. പവന് 1,07,920 രൂപയിലാണ് ഉച്ചയ്ക്ക് വ്യാപാരം. ഗ്രാമിന് രാവിലെ 830 രൂപയും ഉച്ചയ്ക്ക് 400 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് മാത്രം ഗ്രാമിന് കുറഞ്ഞത് 1,230 രൂപയാണ്. 13490 രൂപയാണ് ഉച്ചയ്ക്ക് ഒരുഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

വ്യഴാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് രാവിലെ പവന്‍ വില. രാവിലെ ഒറ്റയടിക്ക് 8,640 കൂടിയാണ് റെക്കോഡിട്ടത്. എന്നാല്‍, അന്ന് വൈകീട്ട് മുതല്‍ വില കുറഞ്ഞു തുടങ്ങി. 800 രൂപ കുറഞ്ഞ് 130360 രൂപയിലാണ് അന്ന് വിപണി ക്ലോസ് ചെയ്തത്.

തൊട്ടുപിന്നാലെ, വെള്ളിയാഴ്ച 6,280 രൂപയും ശനിയാഴ്ച 6,320 രൂപയും കുറഞ്ഞു. അവധി ദിനമായ ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. നാലുമാസം കൊണ്ട് 44,600 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. 2025 ഒക്ടോബര്‍ മൂന്നിന് 86,560 രൂപയായിരുന്നു വില. ഇത് പിന്നീട് ഏറിയും കുറഞ്ഞും റെക്കോഡ് കുതിപ്പിലെത്തുകയായിരുന്നു.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് സ്വപ്നവിലയായ 5,594.28 ഡോളര്‍ തൊട്ട ശേഷം ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡ് 148.14 ഡോളര്‍ ഇടിഞ്ഞ് 4,745.06 ഡോളറിലാണ് വില്‍പന. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. പിറ്റേ ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് രണ്ട് തവണയായി 9,840 രൂപ കുറഞ്ഞതോടെ നാലു ദിവസം കൊണ്ട് 23,240 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത്.

ആഗോളമാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 79.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം. വില്‍പ്പന സമ്മര്‍ദത്താല്‍ ഓഹരിവിപണിയിലെ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലും വന്‍ ഇടിവാണ്.

രാജ്യാന്തര വില ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചലിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കെവിന്‍ വാര്‍ഷിനെ യുഎസ് ഫെഡ് ചെയര്‍മാനായി തിരഞ്ഞെടുത്തതിന് ശേഷമാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴാന്‍ തുടങ്ങിയത്. മുന്‍ ചെയര്‍മാന്മാരേക്കാള്‍ കെവിന്‍ വാര്‍ഷ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഡോളറിനെ കരുത്തുറ്റതാക്കുന്നത്. ഇത് ഡോളറില്‍ വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കും.

സ്വര്‍ണം വാങ്ങാന്‍ ഇതാണോ നല്ല സമയം അതോ ഇനിയും കാത്തിരിക്കേണമോ എന്ന ആശങ്ക ഉപഭോക്താക്കളിലുണ്ട്. നിലവിലെ ഇടിവ് തുടര്‍ന്നാല്‍ ചിലപ്പോള്‍ നാളെ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ ഈ ഇടിവ് താല്‍ക്കാലികമാണെന്നും സ്വര്‍ണം ഉടന്‍ തിരിച്ചു കയറിയേക്കുമെന്നും എന്നും അവകാശപ്പെടുന്നവരുമുണ്ട്.

Tags:    

Similar News