മുതല്‍മുടക്കിന്റെ ഉറവിടം തേടി യുഎഇ; ഇന്ത്യയുടെ സഹകരണം റോയിയെ വെട്ടിലാക്കി; യുഎഇയിലെ ആന്റി മണി ലോണ്ടറിങ് നിയമം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് കുരുക്കാകുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധന ദുബായില്‍ നിന്നുള്ള ആവശ്യപ്രകാരം; ബംഗ്ലൂരുവിലെ ആത്മഹത്യയ്ക്ക് കാരണം എന്ത്?
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള സഹകരണ കരാര്‍ നടപടികള്‍ കടുത്തതെന്നു സൂചന. വിദേശ നിക്ഷേപങ്ങളുടെ ഉറവിടം കണ്ടെത്താന്‍ 2018-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം യുഎഇ അധികൃതര്‍ ഇന്ത്യയുടെ സഹായം തേടിയത് റോയിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇന്ത്യയിലെ ബിസിനസ് ലാഭമാണ് യുഎഇയില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു റോയി നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടി യുഎഇ നീങ്ങിയതോടെയാണ് മാസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധനകള്‍ തുടങ്ങിയത്.
യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025-ല്‍ പത്താം നമ്പര്‍ ഫെഡറല്‍ ഡിക്രി വഴി പരിഷ്‌കരിച്ച് കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. നിക്ഷേപം നിയമപരമല്ലെന്ന് സംശയം തോന്നിയാല്‍ ആ രാജ്യത്ത് നടത്തിയ ഇന്‍വെസ്റ്റ്മെന്റുകള്‍ തിരിച്ചുപിടിക്കാനും ഈ കരാറിലൂടെ സാധിക്കും. നിക്ഷേപങ്ങളില്‍ രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലയിലുള്ളവരുടെ പണം ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
അന്വേഷണ വിവരങ്ങള്‍ അതീവ രഹസ്യമായി കൈമാറാന്‍ ഇരുരാജ്യങ്ങളും ബാധ്യസ്ഥരാണ്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ യുഎഇക്ക് കൈമാറുന്നതോടെ വിദേശത്തുള്ള ആസ്തികള്‍ കണ്ടുകെട്ടപ്പെടുമെന്ന ഭീതിയാകാം ഒരു പ്രമുഖ സംരംഭകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് മേഖലയിലുള്ളവര്‍ നല്‍കുന്ന സൂചന.
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസില്‍ നിര്‍ണായക കണ്ടെത്തല്‍ വാര്‍ത്ത പുറത്തു വരുന്നുണ്ട്. റോയിയുടെ ഡയറി പൊലീസ് കസ്റ്റഡിയിലാണ്. ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. സി.ജെ റോയിയുടെ ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങള്‍ ഉണ്ട്.
കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കുറിപ്പില്‍ ഡയറിയില്‍. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
കര്‍ണാടക സിഐ ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും . ചട്ടം ലംഘിച്ചാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു.
