പഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ വയലില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി; സ്ഥലത്തേക്ക് കുതിച്ചെത്തി ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും; കണ്ടെത്തിയത് ചൈനീസ് നിര്‍മ്മിത ദീര്‍ഘദൂര പിഎല്‍ 15 മിസൈല്‍; ഭട്ടിന്‍ഡയിലും മിസൈല്‍ അവശിഷ്ടങ്ങള്‍; പരാജയപ്പെട്ട പാക് ആക്രമണത്തിന്റെ തെളിവുകളായി ചിതറി കിടക്കുന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍
ഹോഷിയാര്‍പൂരിലെ വയലില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വ്യാഴാഴ്ച രാത്രി വ്യോമാക്രമണം അഴിച്ചുവിട്ട പാക്കിസ്ഥാന് തോറ്റുപിന്മാറേണ്ടി വന്നു. ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കിയുള്ള പരാജിതശ്രമത്തിന്റെ സ്മാരകങ്ങളായി പഞ്ചാബിലെ നിരവധി ഗ്രാമങ്ങളില്‍ മിസൈസുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ ചിതറി കിടക്കുകയാണ്. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യന്‍ സേന തകര്‍ത്തവയാണ് ഇവയെല്ലാം. പഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ കാമാഹി ദേവി ഗ്രാമത്തിലെ വയലില്‍ ഒരു പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി. ചൈന നിര്‍മ്മിതമായ ദീര്‍ഘദൂര പിഎല്‍- 15 മിസൈലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.
ലോഹ അവശിഷ്ടങ്ങള്‍ വ്യാഴാഴ്ച വൈകിട്ടാണ് കണ്ടെത്തിയതെന്നും മിസൈലിന്റെ അവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഹോഷിയാര്‍പുര്‍ പൊലീസ് സൂപ്രണ്ട് മുകേഷ് കുമാര്‍ പറഞ്ഞു. വ്യോമസേന സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം അവശിഷ്ടങ്ങള്‍ ശേഖരിച്ചു.
അതേസമയം, ഭട്ടിന്‍ഡയിലെ ബീഡ് തലാബിലും മിസൈല്‍ അവശിഷ്ടങ്ങളും കണ്ടെത്തി. അതിനുപിന്നാലെ എല്ലാവരും വീട്ടിനുള്ളില്‍ ഇരിക്കണമെന്ന് ഗുരുദ്വാരയില്‍ നിന്ന് അറിയിപ്പ് വന്നു. വ്യാഴാഴ്ച അമൃത്സറില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ വിവിധയിടങ്ങളില്‍ നിന്ന് വീണ്ടെടുത്ത് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹോഷിയാര്‍പൂരില്‍ കണ്ടെത്തിയ മിസൈല്‍ ഏതുഇനത്തില്‍ പെട്ടതെന്ന് വ്യക്തമായിട്ടില്ല. മെയ് 7 ന് ശേഷം ഹോഷിയാര്‍പൂരില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മിസൈലാണിത്. ബുധനാഴ്ച രാത്രി ഘഗ്വാള്‍ ഗ്രാമത്തിലെ ഒരു വീടിന്റെ പിന്‍ഭാഗത്ത് സമാനമായ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടത്തിയിരുന്നു. ചൈനാ നിര്‍മ്മിത പി എല്‍-15 മിസൈലായിരുന്നു അത്.
സംഘര്‍ഷം പെരുകിയതോടെ പഞ്ചാബില്‍ അതീവജാഗ്രത പുലര്‍ത്തുകയാണ്. പത്താന്‍കോട്ട്, മൊഹാലി, ജലന്ധര്‍, അമൃത്സര്‍, ഹോഷിയാര്‍പൂര്‍ എന്നീ നഗരങ്ങളില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി വിച്ഛേദിച്ചിരുന്നു.ജമ്മു, പത്താന്‍കോട്ട്, എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയായിരുന്നു വ്യാഴാഴ്ചത്തെ പാക് വ്യോമാക്രമണം.