'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്; കോടതിയുടെ മേല്‍നോട്ടം വലിയ ആശ്വാസം; സ്വര്‍ണം കടത്തിത് തന്നെ അതിശയപ്പെടുത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല; വിശ്വാസം നിലനിര്‍ത്തേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്'; കെ ജയകുമാര്‍ മനസ്സു തുറക്കുമ്പോള്‍
'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്;
തിരുവനന്തപുരം: തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിക്കാനിരിക്കുന്നത്. നിലനില്‍ വിവാദങ്ങള്‍ നിറഞ്ഞ ബോര്‍ഡിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജയകുമാരിന്റെ നിയമനം. മുന്‍ ചീഫ് സെക്രട്ടറിയുടെ നിയമനം ശബരിമല വിഷയത്തില്‍ അടക്കം പ്രതിരോധത്തിലായ സര്‍ക്കാറിന് ആശ്വാസമായി മാറുമെന്നാണ് കരുതുന്നത്.
മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന കെ ജയകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ഘടനാപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും സ്വര്‍ണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലമാണ്. ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്. കോടതിയുടെ മേല്‍നോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോര്‍ഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതല്‍ നടപ്പിലാക്കിയാല്‍ നിരവധി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. സ്‌പോണ്‍സര്‍ഷിപ്പ് നല്ലൊരു കാര്യമാണ്. എന്നാല്‍ സ്‌പോണ്‍സര്‍മാരുമായി ഡീലുചെയ്യാനുള്ള സംവിധാനം ശബരിമലയില്‍ ഇല്ല. അതുകൊണ്ടാണ് ഇടനിലക്കാര്‍ വരുന്നത്. ശബരിമലയിലെ നിലവിലെ സിസ്റ്റം ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു സിസ്റ്റം വന്നാല്‍ ശബരിമല പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവും -കെ ജയകുമാര്‍ പറഞ്ഞു.
'ദേവസ്വം ബോര്‍ഡിന്റെ ഭരണം കൂടുതല്‍ ആധുനിക വത്കരിക്കണം. ആചാരവുമായി ബന്ധപ്പെട്ടതായതുകൊണ്ട് സര്‍ക്കാരോഫീസുപോലെ ശബരിമലയെ നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്.ഭക്തരുമായി സംവാദം, വസ്തുനിഷ്ഠത, സുതാര്യത എന്നിവ ഉണ്ടാകണം. തീര്‍ച്ചയായും ബോര്‍ഡിന്റെ ഭരണം നവീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ആധുനികവല്‍ക്കരണത്തിനുള്ള അവസരമായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.സിസ്റ്റങ്ങള്‍ എല്ലാം സുതാര്യമായ രീതിയില്‍ അഴിച്ചുപണിയണം.
ഒരു സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണം. ഇതിനുവേണ്ടിയുള്ള ഫുള്‍ടൈം സംവിധാനങ്ങള്‍ ഉണ്ടാവണം. ബോര്‍ഡിന്റെ കീഴിലുളള മൊത്തം ക്ഷേത്രങ്ങളില്‍ ഒന്ന് എന്നനിലയില്‍ ശബരിമലയെ കാണരുത്. അങ്ങനെ കണ്ടാല്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ തീരില്ല. ഭക്തരുടെ പൈസകാെണ്ടാണ് ബാേര്‍ഡ് നടത്തിക്കൊണ്ടുപോകുന്നത് എന്ന ധാരണവേണം. അതിനാല്‍ ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്. ഒന്നിലും മായംചേര്‍ക്കാന്‍ പാടില്ല.
എല്ലാത്തിലും വിശ്വാസത്തിന്റെ ഒരു നൈര്‍മല്യം ഉണ്ടാവണം.വഴിപാടുകളുടെ പവിത്രതയും ഗുണനിലവാരവും അവര്‍ ഉറപ്പാക്കണം'- അദ്ദേഹം വ്യക്തമാക്കി.ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ പണം മറ്റുപലര്‍ക്കും കൊടുക്കുന്നു എന്നുള്ളത് വെറും ദുഷ് പ്രചരണം മാത്രമാണെന്നും ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാരിനുപോലും എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
'ദേവസ്വം ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്ന് വ്യാപകമായ തെറ്റായ പ്രചാരണമുണ്ട്. ഇതിലൂടെ ധ്രുവീകരണവും ആശയക്കുഴപ്പം സൃഷ്ടിക്കലുമാണ് ലക്ഷ്യമിടുന്നത്. ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല. അത് അസാധ്യമാണ്. കോടതി അനുമതിയില്ലാതെ ബോര്‍ഡിന് സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ പോലും കഴിയില്ല. സര്‍ക്കാരിന്റെ ഫണ്ട് വകമാറ്റത്തിന്റെ അവകാശവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ്'- ജയകുമാര്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഒരു നിയോഗമായാണ് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം തന്നെ തേടി വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ. ജയകുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതി പരാമര്‍ശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.സ്വര്‍ണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാള്‍ ഈ ഘട്ടത്തില്‍ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. ബോര്‍ഡ് അംഗമായി സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വിളപ്പില്‍ രാധാകൃഷ്ണനും നിയമിതനാവും.നിലവില്‍ ഐ.എം.ജി ഡയറക്ടറാണ് ജയകുമാര്‍.
കഴിഞ്ഞ ദിവസം ദേവസ്വംമന്ത്രി വി.എന്‍ വാസവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇക്കാര്യം അദ്ദേഹം പറഞ്ഞുവെന്നും തിങ്കളാഴ്ചയോടെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും ജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും കൂടി നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നാണ് സൂചന.
കെ. ജയകുമാര്‍ നേരത്തേയും ശബരിയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സി.പി.എം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കൂടുതല്‍ മുന്‍തൂക്കം കിട്ടിയത് കെ. ജയകുമാറിനായിരുന്നു. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.
ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്കും ഹൈകോടതി വീണ്ടും വിരല്‍ചൂണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലീന്‍ ഇമേജുള്ള ഐ.എ.എസ് ഓഫിസറായ കെ. ജയകുമാറിനെ പ്രസിഡന്റാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
