രാഹുലിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു; പാലക്കാട് മണ്ഡല സന്ദര്‍ശനത്തിന് മാങ്കൂട്ടത്തിലിന് പ്രൊട്ടക്ഷനൊരുക്കാന്‍ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ: ശക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവം; രണ്ടും കല്‍പ്പിച്ചു പാലക്കാട്ടെ ഷാഫി അനുഭാവികള്‍

രാഹുലിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു

Update: 2025-09-19 01:08 GMT

പാലക്കാട്: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ പടയൊരുങ്ങുന്നു. സംസ്ഥാന നേതൃത്വം മാങ്കൂട്ടത്തിലിനെ മാറ്റി നിര്‍ത്തുമ്പോള്‍ അണികളേയും അനുഭാവികളെയും മുന്നില്‍ നിര്‍ത്തി രാഹുലിന് വേണ്ടി ചരടു വലിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍. രാഹുലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. പാലക്കാട്ടേക്ക് അടുത്ത ദിവസം മാങ്കൂട്ടത്തില്‍ എത്തിയേക്കും. അങ്ങനെ എങ്കില്‍ മാങ്കൂട്ടത്തലിനെ എങ്ങനെ സംരക്ഷിച്ചു നിര്‍ത്തണമെന്ന കാര്യത്തിലു പാളയത്തില്‍ പടയൊരുങ്ങുന്നുണ്ട്.

പാലക്കാട് മണ്ഡലസന്ദര്‍ശനം ആസന്നമായതോടെ 'എംഎല്‍എയ്ക്ക് സുരക്ഷ' എന്നപേരിലാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൂട്ടായ്മ സജീവമാകുന്നു. രാഹുലിന്റെ ക്തിതെളിയിക്കുന്ന സ്വീകരണമൊരുക്കാനുള്ള ആലോചനകളും സജീവമാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ ചില ഉന്നത നേതാക്കളാണ് രാഹുലിന് വേണ്ടി ചരടു വലിക്കുന്നതെന്നാണ് സൂചന. പാലക്കാട്ടെ തന്നെ ചില കുട്ടി നേതാക്കളെയാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്.

പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷും മൂന്ന് മണ്ഡലം പ്രസിന്റുമാരുമടക്കം ആറുപേര്‍ കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി കണ്ടിരുന്നു. തിരുവനന്തപുരം യാത്രയ്ക്കിടെയുള്ള സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണമെങ്കിലും അടൂരില്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടായ്മയുടെ സൂചനയായി. ഇത് രാഹുലിനെ പാലക്കാട്ട് എത്തിക്കാനും നഷ്ടപ്പെട്ട് പോയ ഇമേജ് വീണ്ടെടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമെന്നുമാണ് സൂചന.

സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കേ ഇത്തരമൊരു സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ തയ്യാറായതിനുപിന്നില്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് സൂചന. എന്തായാലും വരും ദിവസങ്ങളില്‍ അണികളുടെ പിന്തുണയോടെ രാഹുല്‍ പാലക്കാട് എത്തുമെന്ന് തന്നെയാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മണ്ഡലത്തിലെത്തുന്ന എംഎല്‍എയെ ആരുതടഞ്ഞാലും ശക്തമായി എതിര്‍ക്കുമെന്ന സാമൂഹികമാധ്യമ പോസ്റ്റുമായി കഴിഞ്ഞദിവസം പാലക്കാട്ടെ ഒരു നഗരസഭാ കൗണ്‍സിലറും രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അപ്രീതി നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ നേതാക്കള്‍ക്കുപകരം പ്രവര്‍ത്തകരും അനുഭാവികളുമായിരിക്കും എംഎല്‍എയ്ക്ക് പിന്തുണയുമായെത്തുക.

രാഹുലിന്റെ ശബരിമല സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് പ്രാദേശിക നേതാക്കള്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. ശനിയാഴ്ച രാഹുല്‍ പാലക്കാട്ടെത്തുമെന്നാണ് പ്രചാരണമെങ്കിലും അവസാനവട്ട സ്ഥിതിഗതികൂടി വിലയിരുത്തിയശേഷമാവും തീയതി ഉറപ്പാക്കുക. രാഹുല്‍ എത്തിയാല്‍ തടയുമെന്ന് പ്രഖ്യാപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തുണ്ട്.

Tags:    

Similar News