അമിതവണ്ണത്തിനെതിരായ അവബോധം ശക്തിപ്പെടുത്തണം; ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കണം; പ്രചരണത്തിന് മോഹന്‍ലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി
അമിതവണ്ണത്തിനെതിരെ പോരാട്ടം; പ്രമുഖരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അമിത വണ്ണവും ഭക്ഷ്യ എണ്ണ ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിനായി നടന്‍ മോഹന്‍ലാലിനെയടക്കം വിവിധ മേഖലയിലുള്ള പത്ത് പ്രമുഖരെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി അംബാസഡര്‍മാരായി നാമനിര്‍ദേശം ചെയ്തത്.
ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍. മാധവന്‍, എംപി സുധാമൂര്‍ത്തി എന്നിവരാണ് അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റു വ്യക്തികള്‍. സാമൂഹികമമാധ്യമമായ എക്സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇവരോട് മറ്റുപത്തുപേരെ നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി ആശ്യപ്പെട്ടു.ആരോഗ്യ രംഗത്തെ ഈ നീക്കത്തില്‍ തന്നെയും പങ്കാളിയാക്കിയതിന് നന്ദി അറിയിക്കുന്നു എന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
അമിതവണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറയ്ക്കാന്‍ കഴിഞ്ഞ മന്‍ കി ബാത്തില്‍ മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ താന്‍ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇവരോട് മറ്റ് പത്തുപേരെക്കൂടി നിര്‍ദേശിക്കാനും ആവശ്യപ്പെടുമെന്ന് മോദി പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേരെ മെന്‍ഷന്‍ ചെയ്ത് മോദിയുടെ എക്സ് പോസ്റ്റ്.
അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ അംബസര്‍മാരായി നാമനിര്‍ദേശം ചെയ്തതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മന്‍ കി ബാത്തില്‍ അമിത വണ്ണത്തിനെതിരെ പോരാടാനും ആളുകളോട് ഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
അമിത വണ്ണത്തിനെതിരെ അവബോധം ഉണ്ടാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം നിലനിറുത്താന്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഇന്നലെ മന്‍ കി ബാത്ത് പരിപാടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടില്‍ ഒരാള്‍ അമിത വണ്ണം കാരണമുള്ള ആരോഗ്യപ്രശ്‌നം നേരിടുകയാണെന്നും കൗമാരക്കാരില്‍ അമിതവണ്ണം ഉള്ളവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞിരുന്നു.