വിഴിഞ്ഞം രാജ്യത്തിന് ഇനി സ്വന്തം; ആദ്യ ഘട്ട നിര്‍മ്മാണ പൂര്‍ത്തിയാക്കലിന്റെ കമ്മീഷനിങ് നിര്‍വ്വഹിച്ച് പ്രധാനമന്ത്രി; എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ച് മോദി; പ്രവര്‍ത്തനവും വിലയിരുത്തി; അനന്തപത്മനാഭന്റെ മണ്ണില്‍ വീണ്ടും വന്നതില്‍ സന്തോഷമെന്ന് മലയാളത്തില്‍ പറഞ്ഞ് മോദി; ചരിത്രം രചിക്കാന്‍ വിഴിഞ്ഞം

Update: 2025-05-02 06:11 GMT

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇനി രാജ്യത്തിന് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചത്. രാവിലെ പത്തരയോടെ വിഴിഞ്ഞത്ത് എത്തിയ മോദി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചു. അതിന് ശേഷമാണ് രാജ്യത്തിന് തുറമുഖം സമര്‍പ്പിച്ചത്. 2015ലാണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിര്‍മ്മാണ കരാര്‍ ഒപ്പുവച്ച് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തറക്കല്ലിട്ടത്. 2023ല്‍ ആദ്യഘട്ടം പൂര്‍ത്തിയായി. 2024 ജൂലായില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിസംബര്‍ 3 ന് കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2028 ഓടെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാകും. 2034 മുതല്‍ സംസ്ഥാനസര്‍ക്കാരിന് വരുമാനം ലഭിച്ചുതുടങ്ങും. വലിയ വികസന സാധ്യതയുള്ള തുറമുഖമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. അനന്തപത്മനാഭന്റെ മണ്ണില്‍ വീണ്ടും വന്നതിലെ സന്തോഷം മലയാളത്തില്‍ പ്രകടിപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. ശ്രീ ശങ്കരാചാര്യ ജയന്തി ദിനത്തില്‍ അദ്ദേഹത്തേയും മോദി ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പ്രസംഗത്തിലേക്ക് കടന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി എന്‍ വാസവന്‍ സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാജ്യത്തെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്ത നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷം 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു. പദ്ധതി നടപ്പാക്കുന്നതിനിടെ പ്രകൃതിക്ഷോഭങ്ങളുണ്ടായി. നിര്‍മാണ വസ്തുക്കളുടെ കുറവുമൂലം 3000 മീറ്റര്‍ പുലിമുട്ടിന്റെ പുരോഗതി മന്ദഗതിയിലായിരുന്നു. 2017 ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടം നേരിട്ടു. 2018ലെ പ്രളയം, അസാധാരണമായ ഉയര്‍ന്ന തിരമാല, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകള്‍, പ്രാദേശിക പ്രക്ഷോഭം, കോവിഡ് പ്രതിസന്ധി എന്നിവ മറികടന്നാണ് മറ്റിടങ്ങളില്‍ നിന്നടക്കം പാറക്കല്ലുകള്‍ എത്തിച്ച് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. ഇത്തരം പ്രസിസന്ധികളെല്ലാം ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

2000 മീറ്റര്‍ ബര്‍ത്തില്‍ അഞ്ച് മദര്‍ഷിപ് ഒരേസമയം അടുപ്പിക്കാന്‍ കഴിയുന്ന സംവിധാനമുണ്ട്. വിഴിഞ്ഞത്തിന്റെ രണ്ടുമുതല്‍ നാലുഘട്ടംവരെ പൂര്‍ത്തിയാകുമ്പോഴാണ് ഇത് സാധ്യമാകുക. ഒറ്റഘട്ടമായുള്ള നിര്‍മാണത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. 2028ല്‍ പൂര്‍ത്തിയാകും. നേരത്തെ നിശ്ചയിച്ചതിനും 17 വര്‍ഷം മുമ്പാണ് ഈ നേട്ടം. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന് ആവശ്യമായ 9560 കോടി രൂപമുടക്കുക. രണ്ടാംഘട്ടത്തില്‍ 1200 മീറ്റര്‍ ബര്‍ത്ത്, 920 മീറ്റര്‍ പുലിമുട്ട് എന്നിവയാണ് നിര്‍മിക്കുന്നത്. കൂടാതെ കണ്ടെയ്നര്‍ സൂക്ഷിക്കുന്നതിനുള്ള യാര്‍ഡുകളും നിര്‍മിക്കും. പുതുതായി നിര്‍മിക്കുന്ന ബര്‍ത്തിന്റെ ഓരോ 100 മീറ്ററും ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ സ്ഥാപിക്കും. അങ്ങനെ 1200 മീറ്ററില്‍ 12 ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ ആവശ്യമായി വരും. കണ്ടെയ്നര്‍ നീക്കത്തിന് 36 യാര്‍ഡ് ക്രെയിനും സ്ഥാപിക്കും. ഒന്നാംഘട്ടത്തില്‍ 24 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുമാണ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പുലിമുട്ടിന്റെ നീളം 3880 മീറ്ററാകും. കണ്ടെയ്നര്‍ കൈകാര്യശേഷി പ്രതിവര്‍ഷം 45 ലക്ഷം ടിഇയു ആകും.

1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്ത്, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്ത് (പുലിമുട്ടിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവയുംഈഘട്ടത്തില്‍ നടക്കും. യാര്‍ഡ് നിര്‍മാണത്തിനും മറ്റ് സൗകര്യം ഒരുക്കുന്നതിനുമായി കടല്‍ നികത്തിയുണ്ടാക്കുന്നത് 77.17 ഹെക്ടര്‍ ഭൂമിയാണ്. സ്വകാര്യഭൂമി ഏറ്റെടുക്കില്ല. 2035 മുതല്‍ വരുമാനത്തില്‍നിന്നുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ലഭിച്ചുതുടങ്ങും. ഇതില്‍നിന്ന് 20 ശതമാനം വിജിഎഫ് നല്‍കിയ വകയില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം.

Similar News