ദാ, കണ്ടോളൂ, നിങ്ങള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട വ്യോമതാവളം അതേ പോലെയുണ്ട്! ആദംപൂര്‍ വ്യോമതാവളത്തില്‍ എസ് 400 മിസൈല്‍ സംവിധാനത്തിന് മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്കു വച്ച് പ്രധാനമന്ത്രി; ഇനി ഭീകരാക്രമണത്തിന് ഒരുമ്പെട്ടാല്‍ പാക്കിസ്ഥാന്റെ സര്‍വനാശം; പാക്കിസ്ഥാന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ച് മോദി
ാക്കിസ്ഥാന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ച് മോദി
ന്യൂഡല്‍ഹി: പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം തങ്ങള്‍ തകര്‍ത്തെന്ന പാക്കിസ്ഥാന്റെ വാദം നിസ്സാരമായി പൊളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ചൈനീസ് നിര്‍മ്മിത ജെഫ് 17 പോര്‍ വിമാനങ്ങള്‍ ആദംപൂരിലെ റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ത്തെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടത്. പോര്‍വിമാനങ്ങളും റഡാര്‍ സ്‌റ്റേഷനുകളും തകര്‍ത്തതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ആ ആക്രമണത്തില്‍ 60 ഇന്ത്യന്‍ സൈനികരെ വകവരുത്തിയെന്നും പാക് സേന ആരോപിച്ചു എന്നാല്‍, പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ എല്ലാം പൊളിച്ചുകൊണ്ട് ഇന്ന് ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് എസ്-400 ന് മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം മോദി പുറത്തുവിട്ടു.
ആദംപൂര്‍ താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പാക് സൈന്യം വ്യാജ അവകാശവാദം ഉന്നയിച്ചത്. പ്രധാനമന്ത്രി വ്യോമതാവളത്തിലെത്തി സൈനികരുടെ ധീരതയെ സല്യൂട്ട് ചെയ്തു. എസ് 400 മിസൈല്‍ പശ്ചാത്തലമായുള്ള സല്യൂട്ട് ചിത്രം പാക്കിസ്ഥാനുള്ള ശക്തമായ സന്ദേശം കൂടിയാണ്. എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ചിത്രം ഇന്ത്യ പുറത്തുവിടുന്നതും ഇതാദ്യമാണ്. എസ് -400 നിരവധി പാക് മിസൈലുകളെയും ഡ്രോണുകളെയുമാണ് കഴിഞ്ഞാഴ്ച വെടിവച്ചിട്ടത്.
' ഇന്നുരാവിലെ ആദംപൂരിലെ വ്യോമ സേനാ താവളം സന്ദര്‍ശിച്ച് നമ്മുടെ ധീരരായ വ്യോമസേനാംഗങ്ങളെയും സൈനികരെയും കണ്ടു. ധീരതയുടെയും ഇച്ഛാശക്തിയുടെയും ഭയരാഹിത്യത്തിന്റെയും പ്രതീകമായ സൈനികര്‍ക്കൊപ്പം സമയം ചെലവഴിക്കാനായത് സവിശേഷാനുഭവമായിരുന്നു', മോദി എക്‌സില്‍ കുറിച്ചു.
മോദിയുടെ സന്ദേശം
' ഞങ്ങളുടെ ഉദ്ദേശം വ്യക്തമാണ്. ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ ചുട്ട മറുപടി നല്‍കും. പാത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷമുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ബാലാക്കോട്ട് വ്യോമാക്രമണവും നമ്മള്‍ കണ്ടിരുന്നു. പക്ഷേ ഓപ്പറേഷന്‍ സിന്ദൂറാണ് ഇനി ന്യൂ നോര്‍മല്‍'- പ്രധാനമന്ത്രി പറഞ്ഞു.
'പാകിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുത്തു. നമ്മുടെ കര-വ്യോമ-നാവിക സേനകള്‍ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താന്‍ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്'.
ആണവായുധം ഉപയോഗിച്ചുള്ള ബ്ലക്മെയിലിങ് വെച്ചുപൊറുപ്പിക്കില്ല. ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാല്‍ മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ യുദ്ധത്തിലേക്ക് നീങ്ങാന്‍ മടിക്കില്ല. ഇനി മറുപടി നല്‍കിയാല്‍ അത് പാകിസ്ഥാന്റെ സര്‍വനാശമായിരിക്കും. ശത്രുക്കള്‍ മണ്ണോടടിയുമെന്നും മോദി പറഞ്ഞു.
' ഓരോ ഇന്ത്യാക്കാരനും നിങ്ങളില്‍ അഭിമാനം കൊള്ളുന്നു...നിങ്ങള്‍ ചരിത്രം രചിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കായാണ് എത്തിയത്. ഭീകരവാദികള്‍ നമ്മളെ വെല്ലുവിളിച്ചു...പക്ഷേ നിങ്ങള്‍ അവരുടെ തലയ്ക്ക് തന്നെയടിച്ചു. നിങ്ങള്‍ അവരുടെ താവളങ്ങള്‍ തുടച്ചുനീക്കി 100 ഭീകരവാദികളെ വകവരുത്തി. ഇനി നമ്മളെ ആക്രമിച്ചാല്‍ സര്‍വനാശമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു', മോദി പറഞ്ഞു.
മെയ്9 നും, 10ന നും പാക്കിസ്ഥാന്‍ ലക്ഷ്യം വച്ച വ്യോമതാവളങ്ങളില്‍ ഒന്ന് ആദംപൂരായിരുന്നു. ജമ്മു-കശ്മീരിലെ ഉധംപൂരും, രാജസ്ഥാനിലെയും ഗുജറാത്തിലെയും സൈനിക കേന്ദ്രങ്ങളും അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍, കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല.