നാല് പതിറ്റാണ്ട് നിങ്ങളില്‍ ഒരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്; നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി; അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു; വിവാദ ഭാഗം നീക്കം; എമ്പുരാനില്‍ ഖേദ പ്രകടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹന്‍ലാല്‍

Update: 2025-03-30 07:14 GMT

കൊച്ചി: പരസ്യ ഖേദപ്രകടനവുമായി മോഹന്‍ലാല്‍. 'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു എന്ന മുഖവരയോടെയാണ് മോഹന്‍ലാലിന്റെ ഖേദ പ്രകടനം. സിനിമയിലെ വിവാദങ്ങള്‍ മാറ്റുമെന്നും മോഹന്‍ലാല്‍ വിശദീകരിക്കുകയാണ്.

ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു... സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍-ഇതാണ് കുറിപ്പ്. ഇതോടെ എമ്പുരാനിലെ റീ സെന്‍സറിംഗ് അടക്കം മോഹന്‍ലാല്‍ സമ്മതിക്കുകയാണ്. ആര്‍ എസ് എസ് പരസ്യ നിലപാട് എടുത്ത സാഹചര്യത്തിലാണ് ലാലിന്റെ ഖേദപ്രകടനം എന്നാണ് സൂചന. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍നിന്ന് പതിനേഴു രംഗങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ചിത്രത്തിലെ ചില രംഗങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണിത്. ഇത് സ്ഥിരീകരിക്കുകയാണ് മോഹന്‍ലാല്‍.

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. ചിത്രത്തിന്റെ പുതിയ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സിനിമയുടെ നിര്‍മാതാക്കള്‍തന്നെ സ്വയം ചില വെട്ടിത്തിരുത്തലുകള്‍ നടത്തി പരിഷ്‌കരിച്ച പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് കൈമാറുമെന്നാണ് വിവരം. റീ സെന്‍സറിംഗ് അല്ല വോളന്ററി മോഡിഫിക്കേഷന്‍ ആണെന്നാണ് സൂചന. ചിത്രത്തില്‍നിന്ന് പത്ത് സെക്കന്‍ഡ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായ ചില ഭാഗങ്ങളായിരുന്നു ഇത്.

ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരേ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം.


Full View


Tags:    

Similar News