യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി; സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്ന് ചട്ടം; താടിയെടുക്കാതെ ഇനി ലാലിന് സൈനിക വേഷം ജീവിതത്തില്‍ ധരിക്കാന്‍ കഴിയുമോ?

Update: 2025-10-11 03:56 GMT

ന്യൂഡല്‍ഹി : ഇനി മോഹന്‍ലാലിന് സൈനിക വേഷം അണിയാന്‍ കഴിയില്ലേ? മോഹന്‍ലാല്‍ സ്ഥിരമായി താടി വയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനിടെയിലും ടെറിറ്റോറിയല്‍ ആര്‍മിയുടെ ലെഫ് കേണലായ മോഹന്‍ലാല്‍ താടിയുമായി സൈനിക യൂണിഫോം ധരിച്ചിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ, ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്.കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മോഹന്‍ലാല്‍ താടി വടിക്കാതെ യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണെത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. ഇത് വിവദാമായി. അതുകൊണ്ടാണ് താടി എടുക്കാതെ ഇനി മോഹന്‍ലാലിന് സൈനിക യൂണിഫോം അണിയാന്‍ കഴിയില്ലേ എന്ന ചര്‍ച്ച സജീവമാകുന്നത്.

എന്തുകൊണ്ടാണ് താടി വടിക്കാത്തത്? കഴിഞ്ഞ കുറച്ചുകാലങ്ങളായി മോഹന്‍ലാലിന് നേരെ നീളുന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു ഇത്. തുടര്‍ച്ചായി വന്ന സിനികളിലെല്ലാം താടിവെച്ച കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്തത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തില്‍ സ്വന്തം താടിയെ ട്രോളിക്കൊണ്ട് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗും വൈറലായിരുന്നു. എന്നാല്‍ അടുത്തിടെ ട്രിം ചെയ്ത് ഒതുക്കിയ താടിയുമായി മോഹന്‍ലാല്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും അങ്ങനെയൊന്നായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം ഉയരുന്നത്.

യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. സമാന വിമര്‍ശനം പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉയര്‍ത്തി. സിഖ് വിഭാഗക്കാര്‍ക്കു മാത്രമാണു താടിയുടെ കാര്യത്തില്‍ ഇളവുള്ളത്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ താടി എടുത്തു വേണം സൈനിക യൂണിഫോം ധരിക്കാന്‍. ഒടിയന്‍ എന്ന സിനിമയ്ക്കായി ചില ചികില്‍സകള്‍ ലാല്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുഖത്തിന് മാറ്റം വന്നുവെന്ന് സൂചനകളുണ്ട്. ഇത് മറയ്ക്കാനാണ് മോഹന്‍ലാല്‍ താടി വച്ചിരിക്കുന്നതെന്നാണ് പല കോണുകളില്‍ നിന്നുയരുന്ന വാദം. താടി എടുക്കാത്ത മോഹന്‍ലാല്‍ പലപ്പോഴും ചര്‍ച്ചകളിലും നിറഞ്ഞു. ഇതെല്ലാം നിറപുഞ്ചിരിയോടെ തള്ളുകയായിരുന്നു ലാല്‍. ഇതിനിടെയാണ് സൈനിക യൂണിഫോമില്‍ താടി പറ്റില്ലെന്ന വാദം ചര്‍ച്ചയാകുന്നത്.

ഡല്‍ഹി സൗത്ത് ബ്ലോക്കില്‍ കരസേന ആസ്ഥാനത്താണ് സേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നടന്‍ മോഹന്‍ലാലിനെ ആദരിച്ചത്. സൈനിക വേഷത്തിലെത്തിയ മോഹന്‍ലാലിനൊപ്പം സംവിധായകന്‍ മേജര്‍ രവിയും ഒപ്പമുണ്ടായിരുന്നു. ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ നേടിയതടക്കം സേനയുടെ അംഗീകാരത്തിന് കാരണമായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 16 വര്‍ഷമായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ് മോഹന്‍ലാല്‍.

താടി വടിച്ച് മീശ പിരിച്ചുള്ള ഒരു ലാലേട്ടനെ കാണാന്‍ മലയാള സിനിമാ പ്രേമികള്‍ വലിയ കാത്തിരിപ്പിലാണ്. ഇതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ചര്‍ച്ചകളും ഉയരാറുണ്ട്. ഇതിനിടെ നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താടിവിശേഷത്തെക്കുറിച്ച് താരം പറഞ്ഞത്. എന്നാണ് ലാലേട്ടാ ഈ താടി എടുക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയത്. 'കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല...'- എന്നായിരുന്നു താരത്തിന്റെ അന്നത്തെ മറുപടി. പിന്നീടും താടിയെടുത്തില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് താടി ഷേവ് ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടി തുടരും സിനിമാ പ്രെമോഷനിടേയും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വേണമെങ്കില്‍ മീശയും ഷേവ് ചെയ്തേക്കാമെന്നും തമാശ രൂപേണ മോഹന്‍ലാല്‍ പറയുന്നു. 'മീശ ഷേവ് ചെയ്യാം, അല്ലെങ്കില്‍ മീശ പിരിക്കാം. അങ്ങനെയൊക്കെ ഉടനെ തന്നെ കാണാം. അത്തരം കഥാപാത്രങ്ങള്‍ വരണമെന്ന് മാത്രം. അടുത്തതായി അഭിനയിക്കുന്നത് ദൃശ്യം 3 യില്‍ ആണ്. അത് കഴിഞ്ഞ് ഒരു പൊലീസ് ഓഫീസറുടെ വേഷമാണ്. അതില്‍ നമുക്ക് മീശപിരിക്കാം. അത് കഴിഞ്ഞ് വേണമെങ്കില്‍ മീശ ഷേവ് ചെയ്യാം. അങ്ങനെയൊക്കെ ചെയ്യാമല്ലോ. ഒരുപാട് സിനിമകളുടെ കണ്ടിന്യുവിറ്റി ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ ഷേവ് ചെയ്യാന്‍ പറ്റാത്തത്', മോഹന്‍ലാല്‍ പറയുന്നു.

Tags:    

Similar News