'ഈ വര്‍ഷം അയാളുടെ മാത്രം'; ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ 'എമ്പുരാന്‍'; പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും; റീ എഡിറ്റ് 'എമ്പുരാന്‍' വൈകുന്നു; സാങ്കേതിക കാരണങ്ങള്‍; ഇന്നും പുതിയ പതിപ്പ് തിയേറ്ററുകളിലെത്തിയില്ല; മൗനം പാലിച്ച് മുരളിഗോപി

പുതിയ റെക്കോര്‍ഡ് അറിയിച്ച് മോഹന്‍ലാലും പൃഥ്വിരാജും

Update: 2025-03-31 12:49 GMT

തിരുവനന്തപുരം: ഒരുവശത്ത് വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് മോഹന്‍ലാലിന്റെ എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. അതായിരുന്നു എമ്പുരാന്‍ എന്ന സിനിമയിലേക്ക് മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ച ഘടകം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയില്‍ എത്തിയ ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തി.

റിലീസ് ചെയ്ത് മൂന്നുദിവസം കൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരുകോടി ഡോളറാണ് (ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) ചിത്രം നേടിയത്. 48 മണിക്കൂറിനകമാണ് എമ്പുരാന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. ആദ്യദിന കളക്ഷനിലും വമ്പന്‍ റെക്കോര്‍ഡ് എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. നേരത്തേ അഡ്വാന്‍സ് സെയില്‍സിലും എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 58 കോടി രൂപയിലേറെയാണ് അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ചിത്രം നേടിയത്.

മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എമ്പുരാന്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ആദ്യദിനം മുതല്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രം പക്ഷേ വിവാദ ചുഴയില്‍ പെട്ടിരുന്നു. പിന്നാലെ എമ്പുരാന് റീ എഡിറ്റിങ്ങും നിര്‍ദ്ദേശിച്ചിരുന്നു. പുതിയ പതിപ്പ് തിയറ്ററുകളില്‍ വൈകാതെ എത്തുമെന്നാണ് വിവരം.

ഈ അവസരത്തില്‍ എമ്പുരാന്റെ പുതിയ റെക്കോര്‍ഡ് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 2025ലെ ഏറ്റവും വലിയ ഇന്ത്യന്‍ ഓപ്പണറായി എമ്പുരാന്‍ മാറിയെന്ന വിവരമാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 'ഈ വര്‍ഷം അയാളുടെ മാത്രം' എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. സംവിധായകന്‍ പൃഥ്വിരാജും ഇതേ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി.

പുതിയ പതിപ്പ് വൈകുന്നു

ഉള്ളടക്കത്തെക്കുറിച്ച് ഉയര്‍ന്ന രാഷ്ട്രീയ വിവാദത്തില്‍ റീ എഡിറ്റിംഗിന് വിധേയമായ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളില്‍ എത്തില്ല. റീ സെന്‍സര്‍ ചെയ്യപ്പെട്ട പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് ഉണ്ടാവില്ല. റീ എഡിറ്റിംഗ് പൂര്‍ത്തിയാക്കി തിയറ്റര്‍ പ്രദര്‍ശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികള്‍ക്ക് സമയം എടുക്കും. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് അടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെയോടെയേ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തൂ.

റീ സെന്‍സറിംഗില്‍ മൂന്ന് മിനിറ്റ് രംഗങ്ങളാണ് വെട്ടി മാറ്റിയത്. പ്രതിനായക കഥാപാത്രങ്ങളിലൊരാള്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കമാണ് മാറ്റുന്നത്. ഒപ്പം ചിത്രത്തിലെ പ്രതിനായകന്റെ ബജ്‌റംഗി എന്ന പേരും മാറ്റും. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

അവധി ദിവസമായിട്ടും ഇന്നലെ സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. 17 സീനുകളില്‍ മാറ്റം വരുത്തുന്നതോടൊപ്പം വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളില്‍ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുത്താണ് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുമിച്ച് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും ഇതുവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.സിനിമ വിവാദമായതിനെക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാദ്ധ്യമക്കുറിപ്പ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടും മുരളിഗോപി പ്രതികരിച്ചില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

വിദേശത്ത് ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ ഇതിനകം നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്‍ സ്വന്തം പേരിലാക്കി. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, 2019 ല്‍ പുറത്തെത്തി വലിയ വിജയം നേടിയ ലൂസിഫറിന്റെ സീക്വല്‍ ആണ് എമ്പുരാന്‍. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ആയാണ് ചിത്രം എത്തിയത്.

Tags:    

Similar News