'പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി; 49 വര്‍ഷം കൂടെ നടന്നവരെ സ്മരിക്കുന്നു; എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു; പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു'; ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം

'പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി

Update: 2025-09-21 02:37 GMT

കൊച്ചി: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. പ്രേക്ഷകര്‍ക്കും ദൈവത്തിനും നന്ദിയെന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ മോഹന്‍ല്‍ പറഞ്ഞു.

പുരസ്‌കാരം ലഭിച്ചത് ഏറ്റവും വലിയ സന്തോഷമാണ്. പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി. 49 വര്‍ഷങ്ങള്‍ തന്റെ കൂടെ നടന്ന എല്ലാവരെയും സ്മരിക്കുന്നു. അവരോടുള്ള സ്‌നേഹവും പ്രാര്‍ഥനയും അറിയിക്കുന്നു. എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു. മലയാള സിനിമക്ക് കിട്ടിയ അംഗീകാരമാണ്. പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു

പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച മമ്മൂട്ടിയുടെ വലിയ മനസിനോട് നന്ദി. മലയാള സിനിമക്ക് ഇനിയും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ എന്നും നേട്ടങ്ങള്‍ കൈവരിക്കട്ടെ എന്നും പറഞ്ഞ മോഹന്‍ലാല്‍, വരും തലമുറക്ക് പ്രചോദനമാകട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. പുരസ്‌കാരത്തിന് അര്‍ഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടി അടക്കമുള്ളവര്‍ എത്തിയിരുന്നു. അര്‍ഹിച്ച ബഹുമതിയാണ് മോഹന്‍ലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

'പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമ യാത്ര ആരംഭിച്ച സഹപ്രവര്‍ത്തകനും സഹോദരനും കലാകാരനുമാണ് ലാല്‍. ഫാല്‍കെ അവാര്‍ഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാര്‍ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓര്‍ത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാല്‍... ഈ കിരീടത്തിന് നിങ്ങള്‍ ശരിക്കും അര്‍ഹനാണ്' - മമ്മൂട്ടി കുറിച്ചു.

മലയാളം സിനിമാ ലോകം മുഴുവന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചു രംഗത്തുവന്നു. 2023ലെ പുരസ്‌കാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും.

സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2023ലെ അഭിമാനകരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സന്തോഷപൂര്‍വം അറിയിക്കുന്നു എന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിര്‍മാതാവുമായ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവര്‍ണ നിലവാരം നേടിത്തന്നു -പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍കെയുടെ 100ാം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കി തുടങ്ങിയത്. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്.

Tags:    

Similar News