സുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജം
ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജം
കേരളത്തെ ഞെട്ടിച്ച സംഭവമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ആയിരക്കണക്കിന് യുവാക്കളുടെ ആരാധനാമൂര്‍ത്തിയായ റാപ്പര്‍ ഹിരണ്‍ദാസ് മുരളി ( 30) കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. കഞ്ചാവ് കൈവശം വെച്ചതിന് ജാമ്യം കിട്ടിയിലെങ്കിലും, വേടനെതിരെ പുലിപ്പല്ല് കൈവശംവെച്ചതിന് വനം വകുപ്പ് കേസ് എടുത്തിരിക്കയാണ്. തമിഴ്‌നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഇതില്‍ അന്വേഷണം പുരോഗമിക്കയാണ്.
കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് പിടികൂടിയത്. ഫ്‌ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്.
വേടന്‍ അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയയിലും വന്‍ വിവാദമാണ് നടക്കുന്നത്. കറുത്തവനായതുകൊണ്ടും, കീഴാളനായതുകൊണ്ടുമാണ്, വേടന്‍ വേട്ടയാടപ്പെടുന്നതെന്നും, അയാള്‍ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ രാഷട്രീയത്തെ നിശബ്ദമാക്കാനായാണ് ഈ ശ്രമം നടക്കുന്നത് എന്നുമാണ് ഒരു പറ്റം തീവ്ര ഇടത്- ദലിത് ബുദ്ധിജീവികള്‍ പറയുന്നത്. ഇതിന് അവര്‍ പ്രതിരോധം തീര്‍ക്കുന്നത് മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് ആണ്. മോഹന്‍ലാലിനും വേടനും എന്തുകൊണ്ടാണ് രണ്ടുനീതി എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്നും ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധിയാണെന്നുമാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്.
എന്താണ് ലാലിന്റെ ആനക്കൊമ്പ് കേസ്?
സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്്റ്റുമായ കെ ടി നിശാന്ത് പെരുമന ഈ വിഷയത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു ജോടി ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണു കേസിന് ആധാരം.ആദായ നികുതി വകുപ്പ് ഈ കേസ് വനം വന്യജീവി വകുപ്പിന് കൈമാറി. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ 2015 ഡിസംബര്‍ 2നു കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. മോഹന്‍ലാല്‍ ആയിരുന്നു ഈ കേസിലെ ഒന്നാം പ്രതി. സമാനമായി വേടനെ കഞ്ചാവ് കൈവശം വച്ച കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പുലി പല്ല് ഉണ്ടായിരുന്നു. പോലീസ് കേസ് എടുക്കാന്‍ വനം വന്യജീവി വകുപ്പിന് കേസ് കൈമാറി.
ഇന്ത്യന്‍ നിയമം അനുസരിച്ച്, വന്യജീവികളുടെ ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിന് പൂര്‍ണ്ണമായ നിരോധനം ഉണ്ടായിരുന്നു. എന്നാല്‍ 2003- ലെ ഭേദഗതി പ്രകാരം ഇതിന് ലൈസന്‍സ് ഏര്‍പ്പെടുത്തി കൈവശം വെക്കാം എന്നായി. അതായത്, ഇന്ന് ഇന്ത്യയിലെ നിയമം അനുസരിച്ച് ഗവണ്‍മെന്റിന്റെ അനുമതി (ലൈസന്‍സ് ) ഇല്ലാതെ വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ ഒരു തരത്തിലും കൈവശം വയ്ക്കാന്‍ അനുമതി ഇല്ല. ഇത് വ്യാപാരം ചെയ്യാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. നിയമ പ്രകാരം ഒരാള്‍ക്ക് ഈ വസ്തു ലഭിച്ചതിനെ പറ്റി കൃത്യമായ വിവരവും തെളിവുകളും സത്യവാങ്മൂലവും സര്‍ക്കാരിന് നല്‍കുമ്പോഴാണ് ലൈസന്‍സ് അനുവദിക്കുന്നത്. മൃഗങ്ങളുടെ വേട്ടയാടലും വില്‍പ്പനയും തടയുന്നതിനാണ് ഈ നിയമം നിലവില്‍ ഉള്ളത്. ഇവിടെ മോഹന്‍ലാലിനും, വേടനും സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. അപ്പോള്‍ വനം വന്യജീവി വകുപ്പ് കേസ് എടുത്ത് അന്വോഷിക്കേണ്ടി വരും. അത് രണ്ടു കേസിലും നടന്നിട്ടുണ്ട്.
മോഹന്‍ലാലിന്റെ കേസില്‍ അതിലെ തന്നെ പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ 'കൃഷ്ണന്‍കുട്ടി' എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് മോഹന്‍ലാലിന് സമ്മാനമായി നല്‍കിയതാണെന്നും കൊമ്പുകള്‍ 'കാട്ടാന' യുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ കണ്ടത്തല്‍. വനംവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് ആനക്കൊമ്പ് തിരിച്ച് മോഹന്‍ലാലിന് നല്‍കുകയും ചെയ്തു. മോഹന്‍ലാല്‍ ഈ കൊമ്പ് വിലയ്ക്ക് വാങ്ങിയിട്ടില്ല. മറിച്ച്, സമ്മാനമായി ലഭിച്ചതാണ്. വേടനും പുലിപ്പല്ല് വിലക്കു വാങ്ങിയതല്ല, സമ്മാനമായി ലഭിച്ചതാണന്ന് തന്നെയാണ് പറയുന്നത്. ഇന്ത്യയില്‍ പുലിയെ ആരും വളര്‍ത്താറില്ല, ആനയെ പോലെ അതിന് നിയമവും ഇല്ല. ഇവിടെയാണ് മോഹന്‍ലാലിന്റെ കേസും, വേടന്റെ കേസും തമ്മിലെ പ്രധാന അന്തരം.
ലൈസന്‍സ് ലഭിക്കുന്നു
മോഹന്‍ലാല്‍ കേസ് നിലവില്‍ ഉള്ളപ്പോള്‍ തന്നെ 2015-ല്‍ ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതിയ്ക്ക് സര്‍ക്കാരിനെ സമീപിച്ചിരുന്നു. തന്റെ കൈയ്യിലുള്ള ആനക്കൊമ്പ് എങ്ങനെ ലഭിച്ചതാണന്നും, അതിന്റെ സോഴ്സും വ്യക്തമാക്കിയാണ് കൈവശാവകാശത്തിന് അപേക്ഷിച്ചത്. അന്വേഷണത്തില്‍ ആനക്കൊമ്പ് മോഹന്‍ലാലിന്റെ സുഹൃത്ത് കൃഷ്ണകുമാറിന്റെ കൈവശാവകാശത്തില്‍ ഉണ്ടായിരുന്ന 'കൃഷ്ണന്‍കുട്ടി' എന്ന ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി ലഭിച്ചതാണന്നും, കണ്ടത്തി വനം വകുപ്പ് മോഹന്‍ലാലിന് ലൈസന്‍സ് നല്‍കി.
ലൈസന്‍സ് നല്‍കിയ ശേഷം മോഹന്‍ലാലും, മോഹന്‍ലാലിന്റെ അപേക്ഷ പ്രകാരം സര്‍ക്കാരും. ലൈസന്‍സ് കൈവശമുള്ളത് കൊണ്ട് ഈ കേസ് നിലനില്‍ക്കില്ല എന്നും, കേസ് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പ്രതികള്‍ക്ക് നോട്ടീസ് അയച്ചു തുടര്‍ന്ന്, മോഹന്‍ലാലും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ അപേക്ഷ പരിഗണിച്ച് അപേക്ഷ തള്ളിയ പെരുമ്പാവൂര്‍ കോടതി വിധി റദ്ദാക്കി. കേസിന്റെ തുടര്‍ നടപടി സ്റ്റേ ചെയ്യാനും ഉത്തരവിട്ടു. ഒപ്പം, മോഹന്‍ലാലിന് ലൈസന്‍സ് നല്‍കിയതിനെതിരെ എറണാകുളം സ്വദേശി പൗലോസ് എന്നയാള്‍ നല്‍കിയ കേസും കോടതി തള്ളി. നിയമപ്രകാരമാണ് ലൈസന്‍സ് നല്‍കിയത് എന്നും, പ്രശസ്തി മാത്രമാണ് ഹര്‍ജിക്കാരന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.
കെ ടി നിശാന്ത് പെരുമന ഇങ്ങനെ എഴുതുന്നു-''കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് മുന്നോട്ട് പോയത്. ഇവിടെ വേടന്റെ കേസിനും ഇത് തന്നെ ബാധകമാണ്. പുലിപ്പല്ല് എവിടുന്ന് കിട്ടിയതാണ്. അതിന്റെ സോഴ്സ് എന്താണ്. ഇടപാടില്‍ കച്ചവട താല്‍പര്യം ഉണ്ടോ എന്നിവ നിയമപരമായി അന്വോഷിക്കേണ്ടതുണ്ട്. അതിനാണ് പോലീസ് ഈ കേസ് വനം വന്യജീവി വകുപ്പിന് കൈമാറിയിരിക്കുന്നത്. അന്വേഷണത്തില്‍ ഇത് വേടന് അനുകൂലമായി തെളിഞ്ഞാല്‍ പുലിപ്പല്ല് തിരിച്ചു കിട്ടും. ലൈസന്‍സിന് അപേക്ഷിച്ച് കൈവശാവകാശം ഉണ്ടാക്കാം. കോടതിയ്ക്ക് മുന്നില്‍ വേടന്റെയോ, മോഹന്‍ലാലിന്റെയോ ജാതിയോ മതമോ, പ്രിവിലേജോ അല്ല വിഷയം. അവിടെ ഫാക്ടുകളും എവിഡന്‍സുകളുമാണ് വേണ്ടത്. അല്ലാതെ ഇര വാദമല്ല''.
ഈ പോസ്റ്റ് ശരിയാണെന്ന് മറ്റ് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകളും ഫാക്റ്റ് ചെക്ക് ഗ്രൂപ്പുകളും സമ്മതിക്കുന്നുണ്ട്. അതായത് നിലവില്‍ ആനക്കൊമ്പ് കേസി മോഹന്‍ലാല്‍ തീര്‍ത്തും നിരപരാധിയാണെന്ന് വ്യക്തം. എന്നിട്ടും മോഹന്‍ലാല്‍ ജാതിയില്‍ ഉയര്‍ന്നവനും, പ്രിവിലേജുള്ള സൂപ്പര്‍ താരവുമായതുകൊണ്ട് കേസില്ല എന്നും, വേടന്‍ ദലിതനായതുകൊണ്ട് പീഡിപ്പിക്കയാണെന്നുമുള്ള തെറ്റായവാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കേരളത്തിലെ പൊതുസമൂഹത്തില്‍ അത്രയോന്നുമില്ലാതെ ജാതി എല്ലാ ഡിസ്‌കോഴ്സുകളിലേക്കും വലിച്ചിട്ട്, മലീമസമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.
ഒരു കഞ്ചാവ് കേസിലേക്ക് ദലിത് രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവുമൊക്കെ കലര്‍ത്തുകയാണ്. ഇതിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ എമ്പുരാന്‍ വിവാദത്തിന്റെ സമയത്ത്, മോഹന്‍ലാല്‍ ക്ഷമാപണം നടത്തിയതിന് പിന്നിലും ഈ കേസ് ആണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ കേസും കേന്ദ്രവുമായി യാതൊരു ബന്ധവുമില്ല. കോടതി ലാലിന് ക്ലീന്‍ ചിറ്റ് കൊടുത്ത കേസാണെന്ന് മറന്നാണ് മലയാളത്തിന്റെ പ്രിയതാരത്തെ ആക്ഷേപിക്കുന്നത്. ഇപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലാലിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയുണ്ട്. ഇത് മറച്ചുപിടിച്ചാണ് കുപ്രചാരണം പുരോഗമിക്കുന്നത്. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടാല്‍ ഇതേ നീതി വേടനും കിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ നിയമത്തെ അതിന്റെ വഴിക്ക് വിടാതെ ജാതികുത്തിത്തിരുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്.