ബെയ്‌റൂത്തിനെ കാളരാത്രിയാക്കി ഇസ്രായേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ വന്‍ തീഗോളങ്ങള്‍ രൂപപെട്ട ദൃശ്യങ്ങള്‍ പുറത്ത്; നേതാക്കളടക്കം ഹിസ്ബുള്ളയിലെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ ഇസ്രായേല്‍ കടുപ്പിക്കുമ്പോള്‍

ബെയ്‌റൂത്തിനെ കാളരാത്രിയാക്കി ഇസ്രായേല്‍ ആക്രമണം

Update: 2024-10-06 08:09 GMT

ബെയ്‌റൂത്ത്: ലെബനനിലെ ആക്രമണം കൂടുതല്‍ ശക്തമാക്കി ഇസ്രയേല്‍. ഹിസ്ബുള്ള നേതാക്കന്‍മാരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 400 ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇക്കാര്യം ഇസ്രായേലി സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ബെയ്റൂത്തിലെ തെക്കന്‍ പ്രദേശങ്ങളിലാണ് ഹിസ്ബുള്ള നേതാക്കളുടെ താവളങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം. ബെയ്‌റുത്ത് നഗരത്തില്‍ തീമഴ പെയ്യിക്കുകകായിരുന്നു ഇസ്രായേല്‍.

വ്യോമാക്രമണം ബെയ്‌റൂത്ത് വാസികള്‍ക്ക് കാളരാത്രിയാണ് സമ്മാനിച്ചത്. മിസൈല്‍ വീണ് തീഗോളങ്ങള്‍ ഉയര്‍ന്ന് സ്‌ഫോടനം ഉ്ണ്ടാകുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഹാഷിം സഫൈദിന്റെ വിവരമില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നസ്രള്ളയുടെ ബന്ധുവാണ് ഹാഷിം സഫൈദീന്‍. 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ സഫൈദീന്‍ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.

ഇതിനിടെ തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

അതേസമയം ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കിയിട്ടുണ്ട് ഇസ്രായേല്‍ സൈന്യം. ദിവസങ്ങള്‍ക്കിടെ മരണം 2000 കവിഞ്ഞ ലബനാനിലുടനീളം ശനിയാഴ്ച വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയായി കരുതുന്ന ഹാശിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ബൈറൂത്തിനോടു ചേര്‍ന്ന് ദാഹിയയില്‍ ഹിസ്ബുല്ല ആസ്ഥാനത്ത് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ബൈറൂത്തില്‍ പുതുതായി കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സേന കുടിയൊഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയതിനാല്‍ പലായനം തുടരുകയാണ്.

രണ്ട് ലക്ഷത്തിലേറെ ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തതായി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി എക്‌സില്‍ അറിയിച്ചു. ലബനാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതില്‍ 127 കുട്ടികളും 261 സ്ത്രീകളുമാണെന്ന് ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായി വടക്കന്‍ ലബനാനിലെ ട്രിപളി നഗരത്തിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ട്രിപളിയിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ആക്രമണം. ദക്ഷിണ ലബനാനിലെ മസ്ജിദിനു നേരെയും സലാഹ് ഗന്‍ദൂര്‍ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി.

തെക്കന്‍ ലബനാനില്‍ നാല് ആശുപത്രികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അതിനിടെ, ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയെന്ന പേരില്‍ യമനില്‍ 15 കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുന്നുവെന്ന സൂചനയായി സന്‍ആ, ഹുദൈദ, ധമ്മാര്‍ എന്നിവിടങ്ങളിലായിരുന്നു അമേരിക്ക നേരിട്ട് ബോംബ് വര്‍ഷിച്ചത്.

ഇസ്രായേലില്‍ ഇറാന്‍ നടത്തിയ ബോംബുവര്‍ഷത്തിന് മറുപടിയായി അമേരിക്കയുടെ ഏകോപനത്തോടെ ഇസ്രായേല്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രായേലിലേക്ക് തിരിച്ചിട്ടുണ്ട്. അതിനിടെ, ലബനാനിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈന്യം സഞ്ചരിച്ച വഴിയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ച് 20 പേരെയെങ്കിലും കൊലപ്പെടുത്തുകയോ പരിക്കേല്‍പിക്കുകയോ ചെയ്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇറാഖിലെ 'ഇസ്‌ലാമിക് റെസിസ്റ്റന്‍സ്' ഇസ്രായേലിന്റെ അധീനതയിലുള്ള ഗോലാന്‍ കുന്നിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 15 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ശനിയാഴ്ച സിറിയ സന്ദര്‍ശിച്ച് മേഖലയിലെ സംഭവവികാസങ്ങള്‍ ഉന്നതരുമായി ചര്‍ച്ച ചെയ്തു. വെള്ളിയാഴ്ച അദ്ദേഹം ലബനാനിലെത്തിയിരുന്നു. 10 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നും അടിയന്തര സഹായമായി ലബനാനിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

Similar News