പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ ഭര്‍ത്താവും ബന്ധുവായ എസ്ഐയും വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന പേരില്‍ അന്വേഷണം അട്ടിമറിച്ചു; പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓ ഷെമി മോള്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓ ഷെമി മോള്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Update: 2025-04-23 16:16 GMT

പത്തനംതിട്ട: എഴുപതുകാരന്‍ പത്തു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാതെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണ വിധേയയായ വനിതാ പോലീസ് സ്റ്റേഷന്‍ എസ്ഐ കെ.ആര്‍. ഷെമിമോള്‍ക്കെതിരേ കൂടുതല്‍ ആക്ഷേപങ്ങള്‍ പുറത്ത്. ഇവര്‍ക്ക് ഉണ്ടായ വീഴ്ചയുടെ പേരില്‍ നടന്ന പല അന്വേഷണങ്ങളും ജില്ലാ പോലീസ് മേധാവി അടക്കം ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.

ബാലികയെ പീഡിപ്പിച്ചുവെന്ന പരാതി വനിതാ എസ്ഐ അന്വേഷിക്കാതെയും കേസ് എടുക്കാതെയും അട്ടിമറിച്ചുവെന്ന വാര്‍ത്ത ഇന്നലെ മറുനാടനാണ് പുറത്തു വിട്ടത്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയതോടെ തലയൂരാനുള്ള ശ്രമമാണ് ഷെമിമോള്‍ നടത്തുന്നത്. ഇവര്‍ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയാണ്. ഈ പദവി ദുരുപയോഗം ചെയ്താണ് തനിക്കെതിരായ വകുപ്പു തല അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നത് എന്നാണ് ആക്ഷേപം.

വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനിനെ സമീപിക്കുകയായിരുന്നു. അവിടെ നിന്ന് പരാതി കോന്നി പോലീസിന് കൈമാറി. കോന്നി എസ്.എച്ച്.ഓ പി. ശ്രീജിത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് 70 വയസുകാരനായ മോഹനന്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ മകളുടെ അടുത്ത് ട്യൂഷന്‍ പഠിക്കാന്‍ വന്ന കുട്ടിയാണ് അതിക്രമത്തിന് ഇരയായതത്.

ഇങ്ങനെ ഒരു പരാതി തന്റെ അടുത്ത് വന്നിട്ടേയില്ലെന്നാണ് എസ്.ഐ ഷെമിമോള്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചത്. പരാതിക്കാരെ താനല്ല, സ്റ്റേഷനിലുള്ള മറ്റ് പോലീസുകാരാണ് മടക്കി അയച്ചത് എന്നാണത്രേ ഷെമിമോളുടെ അവകാശവാദം. എന്നാല്‍, പല രീതിയില്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഷെമിമോള്‍ ശ്രമിച്ചുവെന്ന വിവരവും പുറത്തു വരുന്നു.

ഇതാദ്യമായിട്ടില്ല ഷെമിമോള്‍ വിവാദത്തിലാകുന്നത്. അറുപതോളം പ്രതികള്‍ ഉള്‍പ്പെട്ട പ്രക്കാനം പീഡനക്കേസില്‍ ഇരയുടെ മൊഴി എടുക്കുന്നിടത്ത് ഇവരുടെ ഭര്‍ത്താവും ബന്ധുവായ മറ്റൊരു എസ്ഐയും വന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 10 നാണ് സംഭവം. ഇത് വിവാദമായതോടെ വനിതാ സെല്ലില്‍ വച്ചാണ് മൊഴി എടുത്തത് എന്ന് എഴുതി ചേര്‍ക്കാന്‍ പോലീസുകാരികളോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ജില്ലാ ആസ്ഥാനത്ത് തന്നെ ജോലി ചെയ്യുന്ന പുരുഷ എസ്ഐയാണ് സംഭവ സ്ഥലത്ത് ചെന്നത്. അന്ന് ഇയാള്‍ ഈ അന്വേഷണത്തിന്റെ ഭാഗവും ആയിരുന്നില്ല.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന പദവി ഉള്ളതിനാല്‍ പല ഉദ്യോഗസ്ഥരും സ്ഥലം മാറ്റത്തിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഇവരെ സമീപിക്കാറുണ്ട് എന്ന് പറയുന്നു. ഇതു കാരണമാണ് പിന്നീട് വരുന്ന പല വകുപ്പുതല അന്വേഷണങ്ങളും അട്ടിമറിക്കപ്പെടുന്നത്.അതേ സമയം, സ്ഥിരം തലവേദനയായ ഷെമി മോളെ അടുത്ത സമ്മേളനത്തില്‍ ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കുമെന്നാണ് സൂചന. മേയ് ആദ്യം നടക്കുന്ന കെപിഓ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണത്തിന് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നിട്ടു കൂടി ഷെമിമോളെ ക്ഷണിച്ചിട്ടില്ല.

Tags:    

Similar News