യൂറോപ്പിനെയും ആഫ്രിക്കയെയും കൂട്ടിയിണക്കി കടലിനടിയിലൂടെ അദ്ഭുത തുരങ്കം! വെറും 30 മിനിറ്റില്‍ സ്‌പെയിനില്‍ നിന്നും മൊറോക്കോയിലേക്ക്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായത് സ്പാനിഷ് സര്‍ക്കാരിന്റെ പച്ചക്കൊടി കിട്ടിയതോടെ; ലോകം ഞെട്ടുന്ന ആ എന്‍ജിനീയറിങ് വിസ്മയം വരുന്നു

യൂറോപ്പിനെയും ആഫ്രിക്കയെയും കൂട്ടിയണക്കി കടലിനടിയിലൂടെ അദ്ഭുത തുരങ്കം!

Update: 2026-01-01 12:19 GMT

മാഡ്രിഡ്: യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിച്ചുകൊണ്ട് കടലിനടിയിലൂടെ വമ്പന്‍ തുരങ്കം വരുന്നു. ജിബ്രാള്‍ട്ടര്‍ കടലിടുക്കിന് താഴെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്ക് സ്പാനിഷ് സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചതോടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അറുതിയാകുന്നത്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് തുരങ്കം നിര്‍മ്മിക്കുന്നത് സാധ്യമാണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതോടെ ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രോജക്റ്റ്.

ഒക്ടോബറില്‍, സ്പാനിഷ് സര്‍ക്കാര്‍ നിയോഗിച്ച ജര്‍മ്മന്‍ തുരങ്ക വിദഗ്ധരായ ഹെറെന്‍ക്നെക്റ്റിന്റെ പഠനത്തില്‍, നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിടുക്കിനു താഴെ ഒരു റെയില്‍വേ തുരങ്കം കുഴിക്കുന്നത് സാങ്കേതികമായി കൈവരിക്കാനാകുമെന്ന് കണക്കാക്കിയിരുന്നു. അതിനുശേഷം, അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ സ്പാനിഷ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇനെക്കോയെ ചുമതലപ്പെടുത്തി.

2027 ല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയില്‍ ഒരു മനുഷ്യനിര്‍മ്മിതമായ ബന്ധം സൃഷ്ടിക്കുക എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത് 1970-കളിലാണ്. അതിനുശേഷം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സര്‍ക്കാര്‍ അജണ്ടകളിലും ഇക്കാര്യം ഇടയ്ക്കിടെ ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ ഇതുവരെ വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പദ്ധതിയുടെ പ്രായോഗികത വിലയിരുത്തുന്നതിനായി 1979-ല്‍ ഒരു സംയുക്ത സ്പെയിന്‍-മൊറോക്കോ കമ്മിറ്റി സ്ഥാപിക്കുന്നത് പഴയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. തെക്കന്‍ സ്‌പെയിനിനെയും മൊറോക്കോയെയും വേര്‍തിരിക്കുന്ന ഒമ്പത് മൈല്‍ ജലാശയത്തിനടിയിലെ നിര്‍ദ്ദിഷ്ട തുരങ്കം, 1994-ല്‍ തുറന്നതും ഇംഗ്ലീഷ് ചാനലിനു കീഴിലുള്ള ബ്രിട്ടനെ വടക്കന്‍ ഫ്രാന്‍സുമായി ബന്ധിപ്പിക്കുന്നതുമായ യൂറോടണലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും.

പദ്ധതിയുടെ സവിശേഷതകള്‍

സ്‌പെയിനിലെ കാഡിസിനെ (Punta Paloma) മൊറോക്കോയിലെ ടാന്‍ജിയറുമായി (Cape Malabata) ബന്ധിപ്പിക്കുക. ആകെ 26 മൈല്‍ (ഏകദേശം 42 കിലോമീറ്റര്‍). ഇതില്‍ 17 മൈലും കടലിനടിയിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1,540 അടി ആഴത്തിലാണ് ഈ തുരങ്കം നിര്‍മ്മിക്കുക. ഇത് ഇംഗ്ലീഷ് ചാനലിലെ പ്രശസ്തമായ 'യൂറോ ടണലി'നേക്കാള്‍ ആറിരട്ടി ആഴമേറിയതാണ്.ട്രെയിന്‍ മാര്‍ഗ്ഗമുള്ള യാത്രയ്ക്ക് വെറും 30 മിനിറ്റ് മാത്രം.

1970-കളില്‍ തന്നെ ഇത്തരമൊരു തുരങ്കത്തിന്റെ ആശയം ഉയര്‍ന്നു വന്നിരുന്നെങ്കിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ കാരണം അത് നീണ്ടുപോയി. എന്നാല്‍ ജര്‍മ്മന്‍ കമ്പനിയായ ഹെറന്‍നെക്റ്റ് (Herrenknecht) നടത്തിയ പഠനത്തില്‍ ഈ പദ്ധതി സാങ്കേതികമായി സാധ്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്പാനിഷ് കണ്‍സള്‍ട്ടന്‍സിയായ ഇനെക്കോ (Ineco) പദ്ധതിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുത്തു. 2027-ഓടെ ഔദ്യോഗികമായ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെല്ലുവിളികളും സാങ്കേതികതയും

ഏകദേശം 8.5 ബില്യണ്‍ യൂറോ (ഏകദേശം 75,000 കോടി രൂപ) ആണ് പ്രതീക്ഷിക്കുന്ന ചെലവ്. യുറേഷ്യന്‍, ആഫ്രിക്കന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ സന്ധിക്കുന്ന മേഖലയായതിനാല്‍ ഭൂചലന സാധ്യതകള്‍ വലിയ വെല്ലുവിളിയാണ്. രണ്ട് വെവ്വേറെ റെയില്‍വേ തുരങ്കങ്ങളാണ് നിര്‍മ്മിക്കുക. യാത്രക്കാര്‍ക്കായുള്ള ഹൈസ്പീഡ് ട്രെയിനുകള്‍ക്കും ചരക്ക് ഗതാഗതത്തിനും ഇത് ഉപയോഗിക്കാം.

2030-ല്‍ പ്രാഥമിക ജോലികള്‍ ആരംഭിക്കാനും 2035-നും 2040-നും ഇടയില്‍ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2030 ഫിഫ ലോകകപ്പിന് മുന്‍പ് ഇത് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും, നിര്‍മ്മാണത്തിലെ സങ്കീര്‍ണ്ണത കാരണം ആ ലക്ഷ്യം പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യൂറോപ്പും വടക്കന്‍ ആഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക ബന്ധങ്ങള്‍ ഈ തുരങ്കം വരുന്നതോടെ പുതിയൊരു തലത്തിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News