അമ്മയ്ക്ക് വയ്യെന്ന് അറിഞ്ഞപ്പോൾ ആകെ തകർന്നുപോയ ആ മകൻ; പെറ്റമ്മയുടെ ജീവൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയിട്ടും തുണച്ചില്ല; ഒടുവിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് സുഹറയുടെ മരണം; ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾ മങ്ങിയ നിമിഷം; വിയോഗം താങ്ങാനാകാതെ കുടുംബം
മലപ്പുറം: ഗുരുതരമായ കരൾ രോഗം ബാധിച്ച അമ്മയ്ക്ക് മകൻ കരൾ പകുത്തു നൽകിയിട്ടും, ശസ്ത്രക്രിയക്ക് തൊട്ടുപിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് അമ്മ മരണത്തിന് കീഴടങ്ങിയ സംഭവം മലപ്പുറം ജില്ലയിൽ വേദനയായി. മലപ്പുറം സൗത്ത് അന്നാര മുണ്ടോത്തിയിൽ സുഹറ (61) ആണ് മരിച്ചത്. മകൻ ഇംതിയാസ് റഹ്‌മാനാണ് അമ്മയ്ക്ക് വേണ്ടി കരൾ ദാനം ചെയ്തത്.
കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലായ സുഹറയ്ക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക ആശ്രയം. മകനായ ഇംതിയാസ് റഹ്‌മാൻ സ്വന്തം ജീവൻ പണയം വെച്ച് അമ്മയ്ക്ക് കരൾ പകുത്ത് നൽകാൻ തയ്യാറാവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ ആശ്വാസത്തിലായിരുന്നു. അമ്മയും മകനും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എല്ലാവരും വിശ്വസിച്ചു.
എന്നാൽ, ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ശസ്ത്രക്രിയക്ക് പിന്നാലെ സുഹറയ്ക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നില വഷളാവുകയും ചെയ്തു. തുടർന്ന് സുഹറ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമ്മയ്ക്ക് കരൾ ദാനം ചെയ്തതിനെ തുടർന്ന് ഓപ്പറേഷന് വിധേയനായി പൂർണ്ണ വിശ്രമത്തിൽ കഴിയുകയായിരുന്ന ഇംതിയാസ് റഹ്‌മാൻ, അമ്മയുടെ വിയോഗവാർത്തയറിഞ്ഞ ആഘാതത്തിലാണ്. ഇംതിയാസ് റഹ്‌മാൻ തിരൂരിലെ നാഷനൽ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയമായിട്ടും, തൊട്ടുപിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് സുഹറയുടെ മരണം സംഭവിച്ചത് കുടുംബത്തിന് വലിയ ദുരന്തമായി മാറി.