വ്യാജമൊഴിക്കൊപ്പം അജിത് കുമാറിനെ തളയ്ക്കാന്‍ തൃശൂര്‍ പൂരം കലക്കലും; തൃശൂരിലുണ്ടായിട്ടും കലക്കല്‍ സമയത്ത് നേരിട്ട് ഇടപെടല്‍ നടത്താത്തത് വലിയ വീഴ്ച; അജിത് കുമാറിനെ പോലീസിന്റെ താക്കോല്‍ സ്ഥാനത്ത് എത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ദര്‍വേശ് സാഹിബ്; ഐപിഎസുകാര്‍ക്കിടയില്‍ പോര് ശക്തം; വിശ്വസ്തനെതിരായ റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പിണറായി

Update: 2025-04-16 01:30 GMT

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പുതിയ റിപ്പോര്‍ട്ടും അണിയറയില്‍ ഒരുങ്ങുന്നു. എഡിജിപി പി.വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന പരാതിയില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി ദര്‍വേഷ് സാഹിബ് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളമാണ്. കഴിഞ്ഞ ദിവസം ഇത് ചര്‍ച്ചകളിലേക്ക് എത്തി. ഇതിന് പിന്നാലെ തൃശൂര്‍പൂരം നടത്തിപ്പിലും അജിത് കുമാറിന് വീഴ്ചയുണ്ടായി എന്ന നിഗമനത്തിലാണ് പോലീസ് മേധാവി. ഈ റിപ്പോര്‍ട്ടും ഉടന്‍ ആഭ്യന്തര വകുപ്പിന് കൈമാറും. തൃശൂര്‍ പൂര വിവാദങ്ങള്‍ നടക്കുമ്പോള്‍ ആ പ്രദേശത്ത് എഡിജിപിയുണ്ടായിരുന്നു. എന്നാല്‍ സ്ഥലത്തേക്ക് പോവുകയോ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയോ ചെയ്തില്ല. ഇത് എഡിജിപിയുടെ ഭാഗത്തുണ്ടായ അലംഭാവമാണെന്നാണ് വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ നടപടി എടുക്കാന്‍ സാധ്യത കുറവാണ്. പോലീസിലെ താക്കോല്‍ സ്ഥാനത്ത് എം ആര്‍ അജിത് കുമാറിനെ നിയമിക്കാന്‍ നീക്കം സജീവമാണ്. അതിനിടെയാണ് പോലീസ് മേധാവിയുടെ അടുത്ത നീക്കം.

പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ഡിജിപി അജിത്കുമാറിന് സംഭവത്തിലുള്ള ബന്ധവും അന്വേഷിക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൂരം കലക്കലില്‍ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് ഡിജിപിയുടെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. മന്ത്രി കെ.രാജന്റെയും അജിത്കുമാറിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും ഡിജിപി സര്‍ക്കാരിനു കൈമാറും. ഈ റിപ്പോര്‍ട്ടും അജിത് കുമാറിനെ എതിരാകും. പുതിയ ഡിജിപി സാധ്യതാപട്ടികയിലും എം.ആര്‍.അജിത്കുമാര്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് കൂടുതല്‍ വിവാദങ്ങള്‍ പുറത്തുവരുന്നത്. അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുയര്‍ത്തി പോലീസ് മേധാവിയാകാനുള്ള എല്ലാ സാധ്യതയും അടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ തൃശൂര്‍ പൂരത്തിലെ എതിര്‍ ശുപാര്‍ശയും പിണറായി സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കില്ല. വലിയ ഭിന്നതയിലേക്ക് പോലീസിനുള്ളില്‍ കാര്യങ്ങള്‍ പോകുന്നുവെന്നാണ് സൂചനകള്‍. സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ജൂണ്‍ 30-നാണ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ അജിത് കുമാറിനെതിരെ റിപ്പോര്‍ട്ടുകളെല്ലാം പോലീസ് മേധാവി നല്‍കും.

2024 ഡിസംബര്‍ 12-നാണ് അജിത്കുമാര്‍ നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ ഡിജിപിക്കു പരാതി നല്‍കിയത്. ഈ കത്ത് ഡിജിപി സര്‍ക്കാരിനു കൈമാറി. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷിച്ച് ശുപാര്‍ശ നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകള്‍ക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനു മറുപടി നല്‍കിയിരുന്നു. വിജയനെതിരെ അജിത്കുമാര്‍ നല്‍കിയത് വ്യാജമൊഴി ആണെന്നും സിവില്‍ ആയോ ക്രിമിനല്‍ ആയോ നടപടി സ്വീകരിക്കണമെന്നുമുള്ള ശുപാര്‍ശയാണ് ഡിജിപി മുഖ്യമന്ത്രിക്കു നല്‍കിയത്. സ്വന്തം നിലയ്ക്കു നിയമനടപടി എടുക്കാന്‍ അനുവദിക്കണമെന്ന പി.വിജയന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ടും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലും എം.ആര്‍.അജിത് കുമാറിന് വീഴ്ചയുണ്ടായി എന്ന് തന്നെയാണ് പോലീസ് മേധാവിയുടെ നിഗമനം. പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുമ്പോഴാണ് ഇതെല്ലാമെന്നതാണ് ശ്രദ്ധേയം.

അജിത്കുമാറിന് പുറമേ നിലവില്‍ ഏറ്റവും സീനിയറായ ഡിജിപി നിതിന്‍ അഗര്‍വാള്‍, നിലവില്‍ ഐബിയുടെ സ്പെഷല്‍ സെക്രട്ടറിയും കേരള കേഡറില്‍ രണ്ടാമനുമായ റവാഡാ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. സീനിയോറിട്ട് അനുസരിച്ചാണെങ്കില്‍ നിതിന്‍ അഗര്‍വാളിനാണ് സാധ്യത. എന്നാല്‍ യോഗേഷ് ഗുപ്തയ്ക്കാണ് യുപിഎസ് സിയുടെ ചുരുക്ക പട്ടികയില്‍ സീനിയോറിട്ടി മാനദണ്ഡത്തിലുള്ള മൂന്ന് പേരുളെത്തിയാല്‍ കൂടുതല്‍ സാധ്യത എന്നും വിലയിരുത്തലുണ്ട്. സംസ്ഥാന സര്‍ക്കാരിന് യോഗേഷ് ഗുപ്തയോടെയാണ് കൂടുതല്‍ താല്‍പ്പര്യം എന്നതാണ് ഇതിന് കാരണം. പോലീസ് മേധാവിയായി അജിത് കുമാര്‍ മാറാന്‍ സാധ്യത തീരേ കുറവാണ്. എന്നാല്‍ ക്രമസമാധാന ചുമതലയിലേക്ക് അജിത് കുമാര്‍ തിരികെ എത്താനുള്ള നീക്കങ്ങള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് അജിത് കുമാറിനെ തളയ്ക്കാനുള്ള നീക്കങ്ങള്‍. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടുകളെല്ലാം സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളയാനാണ് സാധ്യത.

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് എഡിജിപി പി.വിജയനെതിരെ എഡിജിപി എം.ആര്‍.അജിത്കുമാര്‍ മൊഴി നല്‍കിയത്. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയനു ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. സുജിത് ദാസ് പിന്നീട് ഈ മൊഴി നിഷേധിച്ചിരുന്നു. മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി.വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. ഏപ്രില്‍ 30ന് കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ മനോജ് ഏബ്രഹാമിന് ഡിജിപി സ്ഥാനം ലഭിക്കും. ഇതോടെ അജിത് കുമാര്‍ വീണ്ടും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാകും എന്ന വിലയിരുത്തലുമുണ്ട്. ജൂലൈയിലാണ് അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുന്നത്.

Tags:    

Similar News