പിവി അന്‍വര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം; എഡിജിപി എംആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ചു വരുത്തി ഒപ്പിട്ട് മുഖ്യമന്ത്രി; പിണറായി നല്‍കുന്നത് എംആര്‍ ഇപ്പോഴും തന്റെ അതിവിശ്വസ്തനെന്ന സന്ദേശം; അജിത് കുമാറിനെ തൃശൂര്‍ പൂരത്തില്‍ കുരുക്കാന്‍ ശ്രമിച്ചാലും അനുവദിക്കില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി; ഡിജിപിയാകുമ്പോള്‍ അജിത്തിന് വിജിലന്‍സ് നല്‍കുമോ?

Update: 2025-04-16 02:33 GMT

തിരുവനന്തപുരം: എഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ കു്റ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു വരുത്തി ഒപ്പിടുകയാണ്. അജിത് കുമാറിനെ വ്യാജ മൊഴിയിലും തൃശൂര്‍ പൂര വിവാദത്തിലും കുടുക്കാന്‍ പോലീസ് മേധാവി ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം. സര്‍ക്കാരിന്റെ അതിവിശ്വസ്തനാണ് അജിത് കുമാര്‍ എന്ന സന്ദേശം നല്‍കുകയാണ് ഇതിലൂടെ പിണറായി ചെയ്യുന്നത്. അതിനിടെ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടറാക്കുമെന്നും സൂചനകളുണ്ട്. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ അടുത്ത പോലീസ് മേധാവിയാക്കാനാണ് പിണറായിയുടെ നീക്കം.

അതിനിടെ തൃശൂര്‍ പൂരം കലക്കലിലും അജിത് കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് മേധാവിയുടെ നീക്കം. തൃശൂര്‍ പൂര വിവാദത്തിലും എഡി.ജി.പിക്ക് വീഴ്ചയുണ്ടായി എന്നാണ് പോലീസ് മേധാവിയുടെ നിഗമനമെന്നാണ് സൂചന. ഇത് കൂടി മനസ്സിലാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പിണറായി അംഗീകരിക്കുന്നത്. അജിത് കുമാര്‍ അഴിമതിക്കാരനല്ലെന്ന് വ്യക്തമാക്കുകായണ് സര്‍ക്കാര്‍. പിവി അന്‍വര്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തിലാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. ഈ സാഹചര്യത്തിലും അജിത് കുമാറിനെതിരെ തൃശൂര്‍ പൂരത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ തീരുമാനം. പൂര വിവാദ സമയത്ത് തൃശൂരിലുണ്ടായിട്ടും ക്രമസമാധാന പാലന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥലത്തു പോലും പോയില്ലെന്ന് ഗുരുതര വീഴ്ചയായി കാണുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാകും ആഭ്യന്തര വകുപ്പിന് കൈമാറുക. എഡി.ജി.പി പി വിജയനെതിരേ വ്യാജ മൊഴി നല്‍കിയെന്ന ആരോപണത്തില്‍ അജിത് കുമാറിനെതിരേ സിവില്‍, ക്രിമിനല്‍ കേസുകള്‍ എടുക്കാമെന്ന ശുപാര്‍ശയും മുഖ്യമന്ത്രി തള്ളും.

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായി തന്നെ വിജിലന്‍സ് അന്വേഷിച്ചു. അതില്‍ എല്ലാ ആരോപണവും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ പോലീസ് ഉന്നതര്‍ ചേരി തീരിഞ്ഞു എടുക്കുന്ന നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തലവേദയായി. പോലീസ് ഉന്നത തലത്തിലേ ചെറിപ്പോര് അതിരു വിട്ടതായി. തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. അതിന് ശേഷം പോലീസ് മേധാവി ഇത്തരത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് സാധുതയില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

പോലീസ് മേധാവിയാകാനുള്ള ആറു പേരുടെ പട്ടികയിലും അജിത് കുമാറുണ്ട്. സീനിയോറിട്ടി പ്രകാരം പട്ടികയിലെ അവസാന പേരുകാരനാണ് അജിത് കുമാര്‍. യു.പി.എസ് സിയുടെ അന്തിമ ചുരുക്കപ്പട്ടികയിലെ മൂന്ന് പേരില്‍ ഒരാള്‍ അജിത് കുമാറാകുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിക്ക് അടക്കമുണ്ട്. നിതിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് തുടങ്ങിയ സംസ്ഥാന കേഡറിലെ ആറ് മുതിര്‍ന്ന ഐപിഎസുകാരാണ് അടുത്ത ചീഫ് സെക്രട്ടറിയാകാനായി കേരളം തയാറാക്കിയ പട്ടികയിലുള്ളത്.

ഇതില്‍ സീനിയോറിട്ട് പാലിച്ചുള്ള മുന്നംഗ ചുരുക്ക പട്ടിക സര്‍ക്കാരിന് കിട്ടിയാല്‍ യോഗേഷ് ഗുപ്തയ്ക്കാകും പോലീസ് മേധാവിയാകാന്‍ കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസും ഈ നീക്കതിനു അനുകൂലമാണ്. അജിത് കുമാറിന് താമസിയാതെ ഡിജിപി പദവി കിട്ടും. ഈ സമയം അജിത് കുമാറിനെ വിജിലന്‍സ് മേധാവിയാക്കാനുള്ള സാധ്യത ഏറെയാണ്.

Tags:    

Similar News