1500 രൂപയുടെ സ്വര്‍ണ്ണക്കുടം നേരത്തെ ബുക്ക് ചെയ്ത് കൊട്ടിയൂരില്‍ എത്തിയത് ജൂണ്‍ 23ന്; ആ ദര്‍ശന സമയം സിസിടിവി ഓഫായി; വിവരം പുറത്തു പോകാതിരിക്കാന്‍ മൊബൈല്‍ ജാമറുകള്‍ വച്ചു; ആര്‍ക്കും ആരേയും ഫോണില്‍ പോലും ബന്ധപ്പെടാന്‍ പറ്റാത്ത പഴുതടക്കല്‍; ശബരിമലയിലെ ട്രാക്ടറില്‍ കുടുങ്ങിയത് കൊട്ടിയൂരില്‍ അതി സുരക്ഷയില്‍ എത്തിയ എഡിജിപി? ആ മനോരമ വാര്‍ത്ത സത്യമെങ്കില്‍ വേണ്ടത് നടപടി

Update: 2025-07-17 04:33 GMT

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന്റെ ഒരുക്ഷേത്ര സന്ദര്‍ശനം കൂടി വിവാദത്തിലേക്ക്. സംസ്ഥാന പൊലീസ് മേധാവിയെ നിര്‍ണയിക്കുന്നതിനുള്ള യുപിഎസ്സി യോഗം ഡല്‍ഹിയില്‍ ചേരാനിരിക്കെ അന്ന് നടത്തിയ എംആര്‍ അജിത്കുമാറിന്റെ ക്ഷേത്രദര്‍ശനം ആണ് വിവാദത്തിലേക്ക് ആകുന്നത്. പോലീസ് മേധാവിയാകാന്‍ സംസ്ഥാനം കൊടുത്ത ആറുപേരുടെ പട്ടികയില്‍ അവസാനമായിരുന്നു അജിത്കുമാറിന്റെ പേരുണ്ടായിരുന്നത്. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവെന്ന സൂചനകള്‍ക്കിടെയാണ് അന്ന് കണ്ണൂരിലെ കൊട്ടിയൂരില്‍ അജിത് കുമാര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു. അതിലെ ചില നടപടി ക്രമങ്ങളാണ് വിവാദമായി മാറുന്നത്.

ജൂണ്‍ 23ന് ഉച്ചയ്ക്ക് മുമ്പ് 11നും 11.30നും ഇടയ്ക്ക് അതീവരഹസ്യമായാണ് അജിത്കുമാര്‍ കൊട്ടിയൂരിലെത്തിയത്. 20 മിനിറ്റ് കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. തനിച്ചാണ് എത്തിയതെന്നാണ് വിവരം. ഉദ്ധിഷ്ടകാര്യത്തിനും നന്ദിയായിട്ടും സമര്‍പ്പിക്കാറുള്ള സ്വര്‍ണക്കുടം വഴിപാടായി സമര്‍പ്പിച്ചു. 1500 രൂപയാണ് സ്വര്‍ണക്കുട വഴിപാടിന്റെ ഫീസ്. മുന്‍കൂട്ടി ബുക്ക് ചെയ്ത് ഭാരവാഹികളെ അടക്കം വിവരമറിയിച്ചായിരുന്നു എഡിജിപിയുടെ ദര്‍ശനം. മനോമര മാത്രമായിരുന്നു ഇത് വാര്‍ത്തയായി നല്‍കിയത്. ഓണ്‍ലൈന്‍ വാര്‍ത്തയ്‌ക്കൊപ്പം ഫോട്ടോയും ഉണ്ടായിരുന്നു. വ്യാജരേഖ ചമച്ച് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ മാധ്യമ പ്രവര്‍ത്തകന്റെ സഹായത്തോടെയായിരുന്നു കൊട്ടിയൂര്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കമെല്ലം ചെയ്തതെന്നാണ് സൂചന. ക്ഷേത്ര ദര്‍ശന മനോരമ വാര്‍ത്തയ്‌ക്കൊപ്പം ചിലത് കൂടി പറഞ്ഞിരുന്നു. അതാണ് വിവാദമായി മാറുന്നത്.

അതീവരഹസ്യമായി നടത്തിയ ദര്‍ശന സമയത്ത് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ ഓഫായിരുന്നുവെന്നാണ് സൂചനയെന്ന് മനോരമ പറയുന്നു. എഡിജിപി ദര്‍ശനം നടത്തുമ്പോള്‍ വിവരം പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ജാമറുകള്‍ ക്ഷേത്രത്തിനുള്ളില്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിനുള്ളിലെ ഒരാളെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതാണ് സംശയത്തിനിടയാക്കിയതെന്നായിരുന്നു വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നത്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ അജിത് കുമാറിന്റെ ദര്‍ശനത്തിന് വേണ്ടി പലതും പോലീസ് അനധികൃതമായി ചെയ്തു. അജിത് കുമാറിന് വേണ്ടി സിസിടിവി ഓഫ് ചെയ്തിട്ടുണ്ടെങ്കില്‍ അത് വലിയ തെറ്റാണ്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് അനധികൃത സഹായം അജിത് കുമാര്‍ ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ കടന്ന് പ്രതിയെ കാണാനും മറ്റുമായിരുന്നു ഈ സഹായങ്ങള്‍. ഈ വ്യക്തിയാണ് കൊട്ടിയൂരില്‍ അജിത് കുമാറിനെ ദര്‍ശന സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതെന്നും പറയുന്നു.

കൊട്ടിയൂരില്‍ സ്വര്‍ണക്കുടം സമര്‍പ്പണം നേരത്തേ തന്നെ ബുക്ക് ചെയ്ത ശേഷം എത്തിയ എഡിജിപിയുടെ ദര്‍ശന വിവരം പുറത്ത് അറിയാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ഫോട്ടോ എടുക്കുന്നതടക്കം വിലക്കി. സാധാരണ നിലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പോലും ഇത്തരം സംഭവങ്ങളുണ്ടാകാറില്ല. മനോരമ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ വലിയ സൗകര്യങ്ങളാണ് കൊട്ടിയൂരില്‍ പോലീസ് അജിത് കുമാറിന് വേണ്ടിയൊരുക്കിയത്. മാധ്യമ സുഹൃത്തിന്റെ കരുതല്‍ ഇതിനെല്ലാം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഈ മാധ്യമ പ്രവര്‍ത്തകന്‍ മുട്ടില്‍ മരം മുറിയിലും സൈന്യത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചതിലും അന്വേഷണങ്ങള്‍ അട്ടിമറിച്ചത് കേരളാ പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ്. ഈ മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത കാലത്ത് ഗുരുവായൂരില്‍ നിന്ന വിവാഹത്തിലും അജിത് കുമാര്‍ പങ്കെടുത്തിരുന്നു.


കൊട്ടിയൂരില്‍ എഡിജിപി എത്തുമ്പോള്‍ എന്തിനാണ് സിസിടിവി ഓഫ് ചെയ്യുന്നതെന്ന ചോദ്യമാണ് സജീവമാകുന്നത്. മനോരമ നല്‍കിയ ഈ വാര്‍ത്തയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടികളിലേക്ക് കടന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവൊന്നും കിട്ടിയില്ല. ശബരിമലയിലെ ട്രാക്ടര്‍ യാത്രയിലൂടെ കൊട്ടിയൂരിലെ ദര്‍ശന വിവാദവും ചര്‍ച്ചയാകുകയാണ്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ അജിത് കുമാര്‍ മലചവിട്ടാന്‍ മുതിരാതെ ട്രാക്ടറില്‍ പോയതും ചര്‍ച്ചയായിട്ടുണ്ട്. തൃശൂര്‍ പൂര സമയത്തെ വിവാദവും അജിത് കുമാറിനെ വെട്ടിലാക്കിയിട്ടുണ്ട്.

Tags:    

Similar News