മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി; തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ല; തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസില്‍ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറാല്ലെന്നും നടി; വെട്ടിലായത് അന്വേഷണം സംഘം; കേസുകളുടെ ഭാവിയില്‍ അനിശ്ചിതത്വം
മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി
തിരുവനന്തപുരം: മുകേഷ് ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരായ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയില്‍ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിച്ചില്ലെന്നും നടി വ്യക്തമാക്കി. തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസില്‍ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് നടി പീഡന പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം. നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്.
താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. എന്നാല്‍, 14 വര്‍ഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകര്‍ക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയില്‍ ബോധിപ്പിച്ചത്.
തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉള്‍പ്പെടെ രേഖകളും നടന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് മുകേഷിന് കോടതി ജാമ്യം അനുവദിക്കുകയുണ്ടായി. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുകേഷിനെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍.
പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് വന്‍ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം. ഇതോടെ ഈ കേസുകളുടെ ഭാവി ഇനി എത്രകണ്ട് മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടത്.