'പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെ; മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രം; 135 വര്‍ഷം അതിജീവിച്ചതാണ്'; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രം: സുപ്രീംകോടതി

Update: 2025-01-28 09:46 GMT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണു കോടതി ഇക്കാര്യം വാക്കാല്‍ പരാമര്‍ശിച്ചത്. 135 വര്‍ഷത്തെ കാലവര്‍ഷം (മണ്‍സൂണ്‍) അണക്കെട്ട് മറികടന്നതാണെന്നും സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയി ചൂണ്ടിക്കാട്ടി.

അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും താനും ഈ ആശങ്കയില്‍ കേരളത്തില്‍ ഒന്നര വര്‍ഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനെക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു.ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു.

ആസ്ട്രിക്സ് ആന്‍ഡ് ഒബ്ലിക്സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹര്‍ജി പരിഗണിച്ച ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എസ്.വി ഭട്ടിയും നേരത്തെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ആയിരുന്നു. ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതിയില്‍ ഒന്നര വര്‍ഷത്തോളം ചീഫ് ജസ്റ്റിസ് ആയിരുന്നു.

അണക്കെട്ട് സുരക്ഷ ഭീഷണി നേരിടുന്നുവെന്ന് ഡോ. ജോസഫിന്റെ അഭിഭാഷകന്‍ ജെയിംസ് തോമസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇത് വെറും ആശങ്ക മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഒന്നര വര്‍ഷത്തോളമായി താന്‍ ഈ പറയുന്ന ഭീഷണിക്ക് കീഴില്‍ ആയിരുന്നു താമസിച്ചിരുന്നതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുളള ആശങ്ക എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

135 വര്‍ഷം മുമ്പ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും വര്‍ഷത്തെ കാലവര്‍ഷം അതിജീവിച്ച അണക്കെട്ട് നിര്‍മ്മിച്ച വരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഭീഷണിയും ആയി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, അഭിഭാഷകന്‍ ജി. പ്രകാശും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എല്ലാ ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കി രണ്ടംഗ ബെഞ്ച് ഹര്‍ജി മാറ്റുകയായിരുന്നു.

Tags:    

Similar News