വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയിലെ ഏതു തീരുമാനവും വഖഫ് നിയമ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമിക ധാരണ ഇല്ലാതെ പോയത് തിരിച്ചടിയായി; മുനമ്പത്ത് ഇരുട്ടില്‍ തപ്പി പിണറായി സര്‍ക്കാര്‍; അപ്പീലും തള്ളിയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ശക്തം
കൊച്ചി : മുനമ്പം ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. അപ്പീലും തള്ളിയാല്‍ അത് പ്രതിസന്ധിയുടെ ആഴം കൂട്ടും. നിലവില്‍ സര്‍ക്കാരിനു മുന്നില്‍ 3 വഴികളാണുള്ളത്. പണം കൊടുത്തു സ്വത്തുവാങ്ങി പോക്കുവരവു ചെയ്തു വീടുവച്ചു താമസിക്കുന്ന അറുന്നൂറിലധികം കുടുംബങ്ങള്‍ക്കു റവന്യുവകുപ്പ് റവന്യു അവകാശങ്ങള്‍ നിഷേധിച്ച കേസായതിനാല്‍ പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ അപ്പീല്‍ കാരണമാവുമെന്നാണു മുനമ്പത്തെ ജനങ്ങളുടെ ഭയം. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചയാകും. ഇത് മധ്യ കേരളത്തില്‍ സിപിഎമ്മിന്റെ സാധ്യതകളെ സ്വാധീനിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അടക്കം ഇത് സ്വാധീനമായി മാറിയിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. അപ്പീല്‍ നല്‍കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചിട്ടുമുണ്ട്. ഇതിന് അപ്പുറം റവന്യു വകുപ്പിന്റെ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ അതു കണ്ടെത്തി സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കാം. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് അത്തരത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടിവരും. ഇത്തരമൊരു തീരുമാനം എടുക്കാനും കഴിയാത്ത സാഹചര്യം സര്‍ക്കാരിനുണ്ട്. അതില്‍ നിന്നും രക്ഷപ്പെടാനായിരുന്നു കമ്മീഷനെ നിയോഗിച്ചത്. ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ തയാറായാല്‍ അതുവരെ കാത്തിരുന്ന ശേഷം ഉചിത നടപടി സ്വീകരിക്കാനും സര്‍ക്കാരിന് കഴിയും. എന്നാല്‍ ഈ ഭേദഗതിയെ എതിര്‍ക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ അതിനെ അംഗീകരിക്കുന്ന നിലപാട് എടുക്കാനും കഴിയില്ല.
വഖഫ് ബോര്‍ഡിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ നിരീക്ഷണങ്ങള്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. അതിനിടെ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിനുള്ള അധികാരം കോടതി ശരിവച്ചിട്ടുണ്ടെന്നു മന്ത്രി പി.രാജീവ് പറയുന്നു. വഖഫ് ട്രൈബ്യൂണലിനെ കമ്മിഷന്റെ നിഗമനങ്ങള്‍ സ്വാധീനിക്കില്ലേ എന്ന സംശയമാണു കോടതി പ്രകടിപ്പിച്ചത്. ഭൂമിയുടെ സ്വഭാവം വഖഫ് ആണെങ്കിലും അല്ലെങ്കിലും അവിടത്തെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണു കമ്മിഷനെ നിയോഗിച്ചതെന്നും മന്ത്രി പറയുന്നു.
വഖഫ് അല്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പരിഹരിക്കാവുന്ന വിഷയമല്ല. വഖഫ് ട്രൈബ്യൂണലിനാണ് ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ അധികാരം. ഫാറൂഖ് കോളജ് വിറ്റ ഭൂമി തിരിച്ചുവാങ്ങി നല്‍കുമെന്നാണ് മുസ്‌ലിം ലീഗ് പറയേണ്ടിയിരുന്നത്. വില്‍പന നടത്തിയവര്‍ ലീഗും കോണ്‍ഗ്രസുമായി ബന്ധമുള്ളവരാണെന്നും മന്ത്രി ആരോപിച്ചിട്ടുണ്ട്. വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലെ ഏതുതീരുമാനവും വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമിക ധാരണയില്ലാതെ പോയതാണ് ഹൈക്കോടതിയില്‍ നിന്നുള്ള ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്ന് സര്‍ക്കാരും മനസ്സിലാക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണമല്ല വസ്തുതാന്വേഷണമാണ് കമ്മിഷന്‍ നടത്തുന്നതെന്ന സര്‍ക്കാര്‍ നിലപാടും കോടതി അംഗീകരിച്ചില്ല. നിലവിലെ താമസക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു കമ്മിഷന്റെ ചുമതല.
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെകാലത്തെ വടക്കേക്കര വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കമ്മിഷന്‍ പൊതുഹിയറിങ്ങടക്കം നടത്തി. സിറ്റിങ് ഏകദേശം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തിലാണ് വഖഫ് സംരക്ഷണവേദി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഹര്‍ജിയില്‍ മുനമ്പം നിവാസികളടക്കം കക്ഷിചേര്‍ന്നു. കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജുമെന്റും ഹര്‍ജിയില്‍ കക്ഷിയായിരുന്നു. ഭൂമി വഖഫ് അല്ലെന്നും കൈമാറിയതില്‍ പ്രശ്നമില്ലെന്നുമായിരുന്നു ഫാറൂഖ് കോളേജ് മാനേജുമെന്റിന്റെയടക്കം വാദം. എന്നാല്‍, വഖഫ് നിയമത്തിന്റെയും ബോര്‍ഡിന്റെയും തീരുമാനത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു.