'അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം': ശോഭ സുരേന്ദ്രന്‍ എത്തും മുമ്പേ വഖഫ് അധിനിവേശത്തിന് എതിരായ മുനമ്പം സമരത്തില്‍ ഇടിച്ചുകയറിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുദ്രാവാക്യം; മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും ഓടരുതെന്ന് ശോഭ സുരേന്ദ്രന്‍; സമരം 24ാം ദിവസം പിന്നിടുന്നു
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശോഭ സുരേന്ദ്രന്‍
കൊച്ചി: വഖഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരം 24 ാം ദിവസത്തേക്ക് കടന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍ എത്തുന്നതിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുകയറിയതാണ് ഭൂ സംരക്ഷണ സമിതിയെ പ്രകോപിപ്പിച്ചത്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് കേരള കോണ്‍ഗ്രസ് നേതാക്കളെ ഭൂ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്.
'അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം. വര്‍ഗ്ഗീയതയുടെ പേരുപറഞ്ഞ് ഓടിയൊളിക്കാന്‍ നോക്കേണ്ടാ. ചോര കൊടുത്തും നേടും ഞങ്ങള്‍. ഞങ്ങളുടെ ഭൂമിയും നോക്കേണം. ഞങ്ങളെയെല്ലാം വെട്ടിലാക്കി കൈകോര്‍ത്തവരേ അറിഞ്ഞോളൂ' എന്നിങ്ങനെ പ്രതിഷേധം അണപൊട്ടിയൊഴുകി.
പി ജെ ജോസഫ്, മോന്‍സ് ജോസഫ്, പി സി തോമസ് തുടങ്ങിയ നേതാക്കളാണ് മുനമ്പത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയത്. മുനമ്പം ഭൂമി തര്‍ക്കത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് പിന്മാറണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, വഖഫ് വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കേരള നിയമ സഭയ്ക്കകത്ത് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മുനമ്പത്ത് പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
മുനമ്പത്തെത്തിയ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ജനനങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വഖഫ് ഭേദഗതിക്കെതിരെ ഇരുകൂട്ടരും ഒറ്റക്കെട്ടായി നിലകൊണ്ടു. ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ചു ഓടാനാകില്ല. കേരള നിയമസഭയ്ക്കകത്ത് പ്രതിപക്ഷവും ഭരണപക്ഷവും നടത്തുന്നത് നിലപാട് വ്യക്തമാക്കാത്ത പ്രസ്താവനകളാണ്. മുഖ്യമന്ത്രി കള്ളത്തരം കാണിക്കാതെ നിലപാട് പ്രഖ്യാപിക്കണം. കശ്മീരിലെ ജനങ്ങളുടെ സംരക്ഷണത്തിനായി ആര്‍ട്ടിക്കിള്‍ 370 റദാക്കിയത് പോലെ വഖഫ് നിയമത്തിലും കേന്ദ്ര സര്‍ക്കാര്‍ ഭേദഗത്തി വരുത്തുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
ശോഭ സുരേന്ദ്രന്റെ വാക്കുകള്‍
'കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു, കളവ് പറയരുത്, പാടുണ്ടോ, മുഖ്യമന്ത്രി പറഞ്ഞു, ഞാന്‍ അവരെ ആശ്വസിപ്പിക്കാനായിട്ടാണ് നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു, ഞാനും വേദനിക്കപ്പെടുന്നവരുടെ കൂടെയാണ്. അങ്ങനെ പറഞ്ഞുവാക്കു തന്നതിന് ശേഷം, നിയമസഭയ്ക്ക് അകത്ത്, നിങ്ങള്‍ ഒരുമിച്ചൊരു പ്രമേയം പാസാക്കി, ആ പ്രമേയം, വഖഫിനെ ഇപ്പോഴുണ്ടായ അന്യായങ്ങളെ മാറ്റാന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍, ഭേദഗതിക്ക് എതിരാണ് എന്നുപറഞ്ഞുകൊണ്ട്, നിങ്ങള്‍ മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ ഒറ്റുകാരായി നിങ്ങള്‍ മാറി. അതുകൊണ്ടാണ് ബിജെപിക്കാരിയായ ശോഭ സുരേന്ദ്രന് ഈ പള്ളിമേടയ്ക്ക് മുന്നില്‍ വന്നുകൊണ്ട് രണ്ടക്ഷരം പറയാന്‍ സാധിക്കുന്നത്.
കളവാണോ ഞാന്‍ പറയുന്നത്. നിയമസഭയക്ക് അകത്ത് നിങ്ങള്‍ എന്താണ് പറയേണ്ടിരുന്നത്. 2022 ല്‍ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ പറഞ്ഞ പോലെ അവിടെ ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു, ഞങ്ങള്‍ വഖഫില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ഭൂമി, അത് ഞങ്ങള്‍ പിടിച്ചെടുക്കും. ഇവിടുത്തെ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ പറഞ്ഞു, ഞങ്ങള്‍ ഭൂമി പിടിച്ചെടുക്കും. മന്ത്രി അബ്ദുറഹിമാന്‍ സഭയ്ക്ക് അകത്ത് പറഞ്ഞത് കളക്ടര്‍ക്ക് ഉത്തരവ് കൊടുത്തിട്ടുണ്ട് ഭൂമി പിടിച്ചെടുക്കാന്‍ എന്നാണ്. ആളുകള്‍ ഇളകി. തമിഴ്‌നാട്ടിലും, കര്‍ണാടകയിലും എല്ലാം സമരം നടക്കുകയാണ്. അഞ്ചു സെന്റ് ഭൂമിയുളളവര് എവിടേക്കാണ് പോകേണ്ടത്. ഇന്ന് വലിയൊരു സമരം സമസ്തയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
എനിക്ക് പറയാനുള്ളത്, നിങ്ങള്‍ തീരുമാനം എടുക്കുമ്പോള്‍, ഇത് ശരിയത്ത് നിയമപ്രകാരം ഭരണം നടത്തുന്ന ഒരുരാജ്യമല്ല ഭാരതം. ഈ ഭാരത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ ജോലിക്കാരനാണ്, സേവകനാണ്, എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ആ സേവകന്‍ സമസ്തയ്ക്കും ഒരുപോലെ പ്രിയപ്പെട്ടവനാകണം, ആ സേവകന്‍ പള്ളിമേടയില്‍ സമരം നടത്തുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാകണം. മോദി ഞങ്ങളോടും പറഞ്ഞത് സേവകരാകണം എന്നാണ്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് ബിജെപിക്ക് പറയാനുളളത്, സത്യസന്ധമായ നിലപാട് പുവര്‍ത്തണം. ഈ ഭൂമിയുടെ റവന്യു അവകാശം, അത് മുനമ്പത്തെ പണം കൊടുത്ത് ഭൂമി വാങ്ങിയിട്ടുള്ള ഇവിടെ വര്‍ഷങ്ങളായിട്ട്് ജീവിക്കുന്ന ആളുകള്‍ക്ക് ആ റവന്യു അവകാശം അനുവദിച്ച് കിട്ടുന്നത് വരെ, സമരവുമായി ഈ പാവങ്ങള്‍ പള്ളിമേടയുടെ മുന്നില്‍ ഇരിക്കണമോ വേണ്ടയോ, ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് കേരളത്തിന്റെ മു മുഖ്യമന്ത്രിയാണ്. ഇരയൊടൊപ്പവും വേട്ടക്കാരനൊടൊപ്പവും ഓടരുത്. കാരണം ഞങ്ങളെ പോലെയുളളവര്‍ നിങ്ങളുടെ ഓട്ടം പരിശോധിക്കുന്നുണ്ട്. നിങ്ങള്‍ ആരുടെ കൂടെയാണെന്ന്. വേട്ടക്കാരന്റെ കൂടെയാണോ, നിങ്ങള്‍ പാവപ്പെട്ട ഇരകളുടെ കൂടെയാണോ എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയാതെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാന്‍ സാധ്യമല്ല.'
വഖ്ഫ് അധിനിവേശത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം ഇഎസ് പുരുഷോത്തമന്‍ നയിച്ച പ്രതിഷേധ ജാഥയില്‍ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ചെറായില്‍ നിന്ന് ആരംഭിച്ച ജാഥ മുനമ്പത്ത് സമാപിച്ചു. മുനമ്പം സമരവേദിയില്‍ നിരാഹാരം അനുഷ്ഠിച്ചവര്‍ക്ക് ശോഭ സുരേന്ദ്രന്‍ നാരങ്ങാനീര് നല്‍കി ഇന്നത്തെ സമരം അവസാനിപ്പിച്ചു.