മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം കണ്ണില്‍ പൊടിയിടാന്‍ അല്ലേ? വഖഫ്ഭൂമിയില്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞതും ജനുവരിയില്‍; വസ്തുതാന്വേഷണവുമായി മുന്നോട്ടുപോകാനിരുന്ന സര്‍ക്കാരിന് ഹൈക്കോടതി വിധി വന്‍തിരിച്ചടി; ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തെ ജനുവരി 24 ന് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം കണ്ണില്‍ പൊടിയിടാന്‍ അല്ലേ എന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയാല്‍ മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍, കമ്മീഷന്‍ നിയമനം റദ്ദാക്കിയതോടെ ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തതോടെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
കേരള വഖഫ് സംരക്ഷണ വേദിയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. മുനമ്പത്തെ ഭൂമി സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധമാണ് എന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ വാദം കേട്ട ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്, ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കേണ്ടത് കേന്ദ്രമോ സംസ്ഥാനമോ എന്ന് സര്‍ക്കാരിനോട് ചോദിച്ചു. വഖഫ് കേന്ദ്ര ലിസ്റ്റില്‍ ആയിരിക്കെ വഖഫ്ഭൂമിയില്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എന്ത് അധികാരപരിധി ഉപയോഗിച്ചാണ് കമ്മീഷനെ നിയോഗിച്ചത് എന്നും കോടതി ചോദിച്ചിരുന്നു.
എന്നാല്‍, സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂമി വിഷയം സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കാം എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. നേരത്തെ തീര്‍പ്പാക്കിയ വിഷയത്തില്‍ വീണ്ടും കമ്മീഷനെ വയ്ക്കുന്നത് ദോഷം ചെയ്യുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും കമ്മീഷന്റെ നിയമനം മൂലം ഹര്‍ജിക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു ദോഷവും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നുമായിരുന്നു ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദിയുടെ വാദം.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിരുന്നുവെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു. ആ സാഹചര്യത്തില്‍ വഖഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ഭൂമിയില്‍ അന്തിമ അവകാശം വഖഫ് ബോര്‍ഡിനായതിനാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ഇതോടൊപ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ പൊതുതാല്പര്യമില്ലെന്നും കോടതി കണ്ടെത്തി. കമ്മീഷന്‍ നിയമനം നിയമപരമല്ല. കമ്മീഷന്‍ നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.