ഒരുമണിക്കൂറില്‍ രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നദീജലം; അമേരിക്കയിലെ കാലാവസ്ഥാ ഏജന്‍സികള്‍ക്കൊന്നും മിന്നല്‍ പ്രളയം പ്രവചിക്കാന്‍ സാധിച്ചില്ല; മാറുന്ന കാലാവസ്ഥ അനുസരിച്ച് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്; ടെക്സസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കയ്ക്ക് മാത്രം ഉള്ളതല്ലെന്ന് മുരളി തുമ്മാരുകുടി

ടെക്സസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കയ്ക്ക് മാത്രം ഉള്ളതല്ലെന്ന് മുരളി തുമ്മാരുകുടി

Update: 2025-07-05 10:05 GMT

തിരുവനന്തപുരം: ടെക്‌സസില്‍ ഇന്നലെയുണ്ടായത് അവിശ്വസനീയമായ മിന്നല്‍ പ്രളയമാണെന്നും മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ടെക്‌സസിലെ പ്രളയം പലകാരണങ്ങളാല്‍ അതിശയകരമാണെന്ന് അദ്ദേഹം കുറിച്ചു. ഒരു മണിക്കൂറില്‍ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയില്‍ ജലം ഉയര്‍ന്നത്. ഇരുപത്തിനാല് അടി എന്നാല്‍ രണ്ടു നില കെട്ടിടത്തിലും ഉയരമാണെന്നും അമേരിക്കയിലെ കാലാവസ്ഥാ ഏജന്‍സികള്‍ക്കൊന്നും മിന്നല്‍ പ്രളയം പ്രവചിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികള്‍, രക്ഷാപ്രവര്‍ത്തനം, അണക്കെട്ടുകളുടെ മാനേജ്മെന്റ്, ലാന്‍ഡ് യൂസ് പ്ലാനിങ്ങ്, അര്‍ബന്‍ പ്ലാനിങ്, റോഡുകളും റെയില്‍വേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും. ടെക്സാസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കക്ക് മാത്രം ഉള്ളതല്ലെന്നും അദ്ദേഹം കുറിച്ചു.

ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരുപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്.

ജനങ്ങള്‍ക്ക് നേരത്തെ പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ടെക്‌സിന്റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവിശ്വസനീയമായ മിന്നല്‍ പ്രളയം !

ടെക്‌സസ്സില്‍ ഇന്നലെ ഉണ്ടായ മിന്നല്‍ പ്രളയം പല കാരണങ്ങള്‍ കൊണ്ട് അതിശയകരമാണ്.

ഒരു മണിക്കൂറില്‍ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയില്‍ ജലം ഉയര്‍ന്നത്. ഇരുപത്തിനാല് അടി എന്നാല്‍ രണ്ടു നില കെട്ടിടത്തിലും ഉയരമാണ് !

സാധാരണഗതിയില്‍ വളരെ വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങള്‍ ആണ് വികസിത രാജ്യങ്ങളില്‍ ഉള്ളത്. വരുന്ന വീക്കെന്‍ഡില്‍ പിക്‌നിക്കോ ക്യാമ്പിങ്ങോ ബാര്‍ബെക്യൂവോ ഒക്കെ നടത്തണമെന്ന് വെതര്‍ ഫോര്‍കാസ്റ്റ് നോക്കി പ്ലാന്‍ ചെയ്യാം. ഇതിന് പുറമെ അടുത്ത മൂന്നോ ആറോ മണിക്കൂറില്‍ വരുന്ന മാറ്റങ്ങള്‍ പറയാന്‍ 'നൗ കാസ്റ്റിംഗ്' ഉണ്ട്. ഇതൊക്കെ നമ്മുടെ കൃത്യം ലൊക്കേഷന്‍ അനുസരിച്ച് അറിയിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്.

ഇതിനൊന്നും ഈ മിന്നല്‍ പ്രളയം പ്രവചിക്കാനോ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ സാധിച്ചില്ല. ഇരുപത്തി നാലു പേര്‍ മരിച്ചു എന്നും ക്യാമ്പിങ്ങിന് പോയ ഇരുപത്തി അഞ്ചു കുട്ടികളെ കാണാനില്ല എന്നുമാണ് വാര്‍ത്തകള്‍.

മഴയുടെ തീവ്രത കൂടും എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറെ മുന്നേ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒരു പ്രത്യാഘാതം ആണ്. ഇത് ലോകത്തിലെവിടെയും ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.

അതി തീവ്രതയില്‍ മഴ പെയ്യുമ്പോള്‍ അത് മിന്നല്‍ പ്രളയമായി, മണ്ണിടിച്ചിലായി, ഉരുള്‍ പൊട്ടലായി, ഡാമുകളുടെ കവിഞ്ഞൊഴുക്കും തകര്‍ച്ചയുമായി, നഗരങ്ങളിലെ വെള്ളെക്കെട്ടായി ഒക്കെ മാറും.

ഇതിപ്പോള്‍ കേരളത്തില്‍ ഏതാണ്ട് പതിവായിട്ടുണ്ടല്ലോ.

മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികള്‍, രക്ഷാപ്രവര്‍ത്തനം, അണക്കെട്ടുകളുടെ മാനേജ്മെന്റ്, ലാന്‍ഡ് യൂസ് പ്ലാനിങ്ങ്, അര്‍ബന്‍ പ്ലാനിങ്, റോഡുകളും റെയില്‍വേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും.

ടെക്സാസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കക്ക് മാത്രം ഉള്ളതല്ല.

മുരളി തുമ്മാരുകുടി

Tags:    

Similar News