യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന ബെല്‍ജിയത്തിലെ സൈനിക താവളത്തിന് മുകളില്‍ നിഗൂഢമായ ഡ്രോണുകള്‍; രണ്ട് തവണ വ്യോമാതിര്‍ത്തി ലംഘിച്ചു ഡ്രോണുകള്‍ എത്തിയെന്ന് ബെല്‍ജിയം പ്രതിരോധമന്ത്രി; അമേരിക്കയുടെ പക്കലുള്ള ആണവായുധങ്ങളില്‍ പകുതിയും യൂറോപ്പില്‍
യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന ബെല്‍ജിയത്തിലെ സൈനിക താവളത്തിന് മുകളില്‍ നിഗൂഢമായ ഡ്രോണുകള്‍
ബ്രസല്‍സ്: ബെല്‍ജിയത്തിലെ ക്ലീന്‍ ബ്രോഗല്‍ വ്യോമത്താവളത്തിന് സമീപം നിഗൂഢമായ ഡ്രോണുകള്‍ കണ്ടെത്തി. ഇവിടെയാണ് അമേരിക്ക ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചാരവൃത്തിയുടെ ഭാഗമായിട്ടാണോ ഇവിടെ ഡ്രോണുകള്‍ എത്തിയത് എന്ന സംശയം വ്യാപകമാണ്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രിയില്‍ രണ്ട് തവണയാണ് ഡ്രോണുകള്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി ബെല്‍ജിയം പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കന്‍ സ്ഥിരീകരിച്ചു.
ആദ്യത്തേതില്‍ ബേസിന്റെ റേഡിയോ ഫ്രീക്വന്‍സികള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ചാരപ്രവര്‍ത്തനം പോലെയാണ് തോന്നുന്നതെന്നും എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ അറിയില്ലെന്നും ഫ്രാങ്കന്‍ വ്യക്തമാക്കി. എഫ്-16 വിമാനങ്ങളും യുദ്ധോപകരണങ്ങളും ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് കേന്ദ്രങ്ങളയാണ് ഡ്രോണുകള്‍ ലക്ഷ്യം വച്ചതെന്ന് തോന്നുന്നുവെന്നും സംഭവങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതൊരു യാദൃശ്ചിക സംഭവം അല്ലെന്നാണ് അധികൃതര്‍ കരുതുന്നത്.
യൂറോപ്പിലെ നാറ്റോയുടെ ആണവ പ്രതിരോധ തന്ത്രത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതും എഫ്-16 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതുമായ സ്ഥലമാണ് ക്ലീന്‍ ബ്രോഗല്‍ എയര്‍ ബേസ്. ഇവിടെ 10 മുതല്‍ 20 വരെ ബി61 ആണവ ബോംബുകള്‍ യുഎസ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ബേസിന്റെ വെബ്‌സൈറ്റ് പറയുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിന് പകരം യുഎസ് വ്യോമസേനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35എ ഇവിടെ വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അമേരിക്കയുടെ കൈവശം 200 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പകുതിയും യൂറോപ്പിലാണ് ഉള്ളത്.
ഏകദേശം 100 എണ്ണം ബെല്‍ജിയം, ജര്‍മ്മനി, തുര്‍ക്കി എന്നിവയുള്‍പ്പെടെ അഞ്ച് നാറ്റോ അംഗരാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാസം നടന്ന നാറ്റോയുടെ ഏറ്റവും പുതിയ വാര്‍ഷിക ആണവ പരിശീലനമായ സ്റ്റെഡ്ഫാസ്റ്റ് നൂണില്‍ ക്ലീന്‍-ബ്രോഗല്‍ വ്യോമതാവളം പങ്കെടുത്തിരുന്നു. യൂറോപ്പിലുടനീളമുള്ള വ്യോമാതിര്‍ത്തി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഡ്രോണുകള്‍ കണ്ടത്. സെപ്റ്റംബറില്‍, ഡെന്‍മാര്‍ക്കിലെ നിരവധി സൈനിക സ്ഥാപനങ്ങള്‍ക്ക് മുകളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സ്പെയിനിലെ ഗ്രാന്‍ കാനറിയ വിമാനത്താവളത്തിലെ വിമാനങ്ങള്‍ ഡ്രോണുകളുടെ സാന്നിധ്യത്തെ തുടര്‍ന്ന് വഴിതിരിച്ചു വിടുകയായിരുന്നു. കഴിഞ്ഞ മാസം ജര്‍മ്മനിയുടെ മുകളിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു. ഇക്കാര്യത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ റഷ്യയെ കുറ്റപ്പെടുത്തിയിരുന്നു. റഷ്യ ഒരു 'ഹൈബ്രിഡ് യുദ്ധം' നടത്തുന്നുവെന്നാണ് ചാന്‍സലര്‍ ആരോപിച്ചത്. മ്യൂണിക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുകയും പതിനായിരത്തോളം യാത്രക്കാര്‍ ഇവിടെ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.
കഴിഞ്ഞയാഴ്ച എസ്റ്റോണിയയിലെ യുഎസ് സൈനികര്‍ ഉപയോഗിക്കുന്ന ഒരു താവളത്തിന് സമീപം നാറ്റോ സേന ഒരു അജ്ഞാത ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. എസ്തോണിയയില്‍ അമേരിക്കയുടേയും ബ്രിട്ടന്റെയും സൈനികര്‍ നാറ്റോയുടെ ഭാഗായി ജോലി ചെയ്യുന്നുണ്ട്.
