ശാരദാ മുരളീധരന്‍ നല്‍കിയത് തിരിച്ചെടുക്കാമെന്ന സന്ദേശം; ആരോപണ നിഴലിലുള്ളയാള്‍ ചീഫ് സെക്രട്ടറിയായപ്പോള്‍ വീണ്ടും എന്‍ പ്രശാന്തിന് നീതി നിഷേധം; വീണ്ടും ആറു മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടി; ആറു മാസത്തില്‍ കൂടുതല്‍ ആരേയും അന്വേഷണ വിധേയമായി പുറത്തു നിര്‍ത്തരുതെന്ന കേന്ദ്ര ചട്ടവും അട്ടിമറിച്ചു; കളക്ടര്‍ ബ്രോയോടുള്ള പ്രതികാരം തുടരും
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. 180 ദിവസത്തേക്കാണ് നടപടി. ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. ആറ് മാസത്തേക്ക് കൂടി പ്രശാന്ത് സര്‍വീസിന് പുറത്തിരിക്കേണ്ടി വരും. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ കാലത്തും പരസ്യ വിമര്‍ശനം തുടരുകയും മേലുദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം. അതിനിടെ മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് അനുകൂല നിലപാടിലേക്ക് എത്തിയിരുന്നു. പ്രശാന്തിനെ തിരിച്ചെടുക്കാമെന്ന നിലയിലെ ശുപാര്‍ശ ശാരദാ മുരളീധരന്‍ നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ പുതിയ ചീഫ് സെക്രട്ടറിയായ ചുമതലയേറ്റ ജയതിലക്, സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മറ്റി വീണ്ടും വിളിച്ചു ചേര്‍ത്തു. അഞ്ചാം തീയതി ചേര്‍ന്ന ഈ യോഗമാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടാന്‍ ഉത്തരവിട്ടത്. താന്‍ ചീഫ് സെക്രട്ടറിയായി ഉള്ളിടത്തോളം പ്രശാന്തിനെ തിരിച്ചെടുക്കില്ലെന്ന സന്ദേശമാണ് ആറു മാസത്തേക്കുള്ള സസ്‌പെന്‍ഷന്‍ നീട്ടലായി മാറുന്നത്. പുതിയ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ അതേ പടി സര്‍ക്കാരും അംഗീകരിച്ചു.
സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നല്‍കുകയും ചെയ്തതിന് സസ്‌പെന്‍ഷനിലായ കെ. ഗോപാലകൃഷ്ണന്‍ ഐഎസിനെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു. ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ച് ഐഎഎസുകാരനാണ് ജയതിലക്. പ്രധാനപ്പെട്ട വകുപ്പുകളില്‍ പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്. ജയതിലകിനെതിരെ വിശദമായ മൊഴി മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് പ്രശാന്ത് നല്‍കിയിരുന്നു. സസ്പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തല്‍. ആറു മാസത്തില്‍ കൂടുതല്‍ ആരേയും സസ്പെന്റ് ചെയ്ത് നിര്‍ത്താന്‍ കഴിയില്ലെന്നതാണ് കേന്ദ്ര ചട്ടം. അല്ലാത്ത പക്ഷം അന്വേഷണം നടത്തി നടപടി എടുക്കണം. എന്നാല്‍ പ്രശാന്തിന്റെ കാര്യത്തില്‍ നടപടി എടുക്കുക അത്ര എളുപ്പമല്ല.
ചീഫ് സെക്രട്ടറി ജയതിലകിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയിലേക്ക് കേസെത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഈ സാഹചര്യത്തില്‍ പ്രശാന്തിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം തുടരുമെന്ന സൂചനയാണ് മുന്‍ ചീഫ് സെക്രട്ടറിയും നല്‍കിയത്. ഇതെല്ലാം പ്രശാന്തിന് അര്‍ഹതപ്പെട്ട പ്രെമോഷന്‍ അട്ടിമറിക്കുന്നതിനാണ് ഇതെന്ന വാദം ശക്തമാണ്. 2022ല്‍ പ്രശാന്തിനെതിരെ ആഴക്കടല്‍ വിവാദത്തില്‍ അന്വേഷണം തുടങ്ങി. ആ അന്വേഷണം പൂര്‍ത്തിയാകാത്തതു കൊണ്ടാണ് പ്രെമോഷന്‍ നല്‍കാത്തത്. എന്നാല്‍ മൂന്ന് കൊല്ലമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ പ്രെമോഷന്‍ നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ വിവാദത്തിലെ അന്വേഷണം തുടരുന്നുവെന്ന് കാട്ടി പ്രെമോഷന്‍ തടയാനാണ് നീക്കം. ഇതിനൊപ്പം സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നുമില്ല. പ്രശാന്തിന് ഹിയറിങ് സംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് മുന്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ വിരമിക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ഇതില്‍ മുഖ്യമന്ത്രിയും പ്രശാന്തിന് അനുകൂല തീരുമാനം എടുത്തില്ല.
അന്വേഷണ കമ്മിഷനെവെച്ച് വീണ്ടും തെളിവെടുപ്പ് നടത്തേണ്ടതുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആദ്യപടിയെന്നനിലയിലാണ് ചീഫ് സെക്രട്ടറിയോട് ഹിയറിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രശാന്ത് പറഞ്ഞതെല്ലാം കുറുകൃത്യമായാണ് അന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ രേഖപ്പെടുത്തിയത്. പ്രശാന്തിന് പറയാനുള്ളതെല്ലാം ചീഫ് സെക്രട്ടറി നേരിട്ട് രേഖപ്പെടുത്തി. കൂടാതെ രണ്ട് സ്റ്റാഫുകളെ കൊണ്ടും മൊഴി എഴുതിച്ചു. അതിന് ശേഷം മൂന്നും ഒന്നു പോലെയാണെന്ന് ഉറപ്പാക്കാനും പ്രശാന്തിന് അവസരമൊരുക്കി. തീര്‍ത്തും പ്രൊഫഷണലായിരുന്നു ചീഫ് സെക്രട്ടറിയുടെ സമീപനം. ഗൗരവം വിടാതെ എന്നാല്‍ പ്രശാന്തിനോട് വൈരാഗ്യ ബുദ്ധി കാട്ടാതെയായിരുന്നു ഹിയറിങ്.
തനിക്കെതിരേ വ്യാജരേഖ ചമച്ച ജയതിലകിനും കെ. ഗോപാലകൃഷ്ണനുമെതിരേ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങില്‍ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെയല്ല ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെയാകും കേസ് കൊടുക്കുക എന്ന നിലപാടിലാണ് പ്രശാന്ത്. ചീഫ് സെക്രട്ടറിയുമായുള്ള ഹിയറിങിനുശേഷവും പ്രശാന്ത് പരസ്യപ്രതികരണം തുടര്‍ന്നിരുന്നു. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം ഇത്രയാണെന്ന് പറഞ്ഞ് അഞ്ചുകാര്യങ്ങളാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാരിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് 'ന്നാ താന്‍ പോയി കേസ് കൊട്' എന്നുപറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സര്‍ക്കാരിനെതിരേ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത്'- കുറിപ്പില്‍ പറയുന്നു.
'ആറുമാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്നുവര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തിവെച്ച്, അതിന്റെപേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവെച്ച എന്റെ പ്രമോഷന്‍ ഉടനടി നല്‍കണം. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സര്‍ക്കാര്‍രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുക്കണം. ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെന്‍ഷന്‍ തിരക്കിട്ട് പിന്‍വലിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് ശ്വാസംമുട്ടാന്‍ ഞാന്‍ ഗോപാലകൃഷ്ണനല്ല'- കുറിപ്പില്‍ വിശദീകരിച്ചിരുന്നു. കേരളം കളക്ടര്‍ ബ്രോ എന്ന് വിളിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്.