എസ്സി, എസ്ടി സ്പെഷല്‍ സെക്രട്ടറിയായിരിക്കെ എന്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി; ഡോ എ ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്; ഓഫീസ് ഉത്തരവ് വന്നത് മാര്‍ച്ചില്‍; ഇരുവരുടെയും സൗഹൃദം പോരായി മാറിയതും പ്രശാന്ത് പട്ടികജാതി വികസന വകുപ്പില്‍ എത്തിയപ്പോള്‍
എന്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി
തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സസ്പെന്‍ഷനിലായതിന് പിന്നാലെ അദ്ദേഹം ഫയല്‍ കാണുന്നതിനു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു. എസ്സി, എസ്ടി സ്പെഷല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി ഡോ.എ.ജയതിലക് ഒപ്പിട്ട നോട്ടാണ് പുറത്തായത്. പ്രശാന്തിന് ഫയലുകള്‍ എത്താതിരിക്കുന്ന തരത്തിലാണ് നടപടികള്‍ ഉണ്ടായത്.
2024 മാര്‍ച്ചിനാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ഓഫീസ് ഉത്തരവായി നല്‍കിയിരിക്കുന്നത്. താഴെ പറയുന്ന ഫയലുകള്‍ ഒഴിച്ച് മറ്റെല്ലാ ഫയലുകളും എസ്സി, എസ്ടി, ബിസിഡി വകുപ്പുകളിലെ അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നേരിട്ടു സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഡോ. എ.ജയതിലക് 2007 ഏപ്രിലില്‍ രണ്ടാംവട്ടം കലക്ടറായി കോഴിക്കോട്ടെത്തിയപ്പോള്‍ തുടങ്ങിയതാണ് എന്‍.പ്രശാന്തുമായുള്ള ബന്ധം. ട്രെയിനിങ്ങിനായി 2007 ബാച്ചുകാരനായ എന്‍. പ്രശാന്ത് കോഴിക്കോട്ടെത്തുന്നത് ജയതിലകിന്റെ കാലയളവിലാണ്. വളരെ മിടുക്കനായ ഐഎഎസ് ട്രെയിനി എന്നായിരുന്നു ജയതിലകിന്റെ വിലയിരുത്തല്‍. ജയതിലക് ഔദ്യോഗിക ജീവിതത്തില്‍ വഹിച്ച കോഴിക്കോട് കലക്ടര്‍, കെടിഡിസി എംഡി തുടങ്ങിയ പദവികളില്‍ പിന്നീട് പ്രശാന്തും എത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം പട്ടികജാതി വികസന വകുപ്പില്‍ ഇരുവരും എത്തിയപ്പോഴാണ് സൗഹൃദം കടുത്ത പോരിലേക്കു വഴിമാറിയത്. വകുപ്പില്‍ ജയതിലക് അഡീഷനല്‍ ചീഫ് സെക്രട്ടറിയും എന്‍.പ്രശാന്ത് സ്പെഷല്‍ സെക്രട്ടറിയുമായിരുന്നു
എന്‍ പ്രശാന്ത് 'ഉന്നതി'യില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരിക്കെ മുക്കിയെന്ന് ആരോപിക്കപ്പെടുന്ന ഫയലുകള്‍ പട്ടികജാതി- പട്ടികവര്‍ഗ വികസന മന്ത്രിയുടെ ഓഫീസില്‍ തന്നെയുള്ളതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. 'ഉന്നതി'യില്‍ നിന്ന് സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രശാന്ത് ഫയലുകള്‍ ഏല്‍പിച്ചിരുന്നതായി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. എന്നാല്‍ തന്നോടുള്ള വൈരാഗ്യം കാരണം ഫയല്‍ മുക്കിയെന്ന റിപ്പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് പ്രശാന്തിന്റെ ആരോപണം.
വകുപ്പ് സെക്രട്ടറിയായിരുന്ന എ ജയതിലകുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രശാന്ത് ഫയലുകള്‍ അന്നത്തെ മന്ത്രി രാധാകൃഷ്ണനെ ഏല്‍പിച്ചത്. 'ഉന്നതി'യുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മന്ത്രിയുടെ ഓഫീസില്‍ കിട്ടിയെന്ന് വ്യക്തമാക്കി എ ജയതിലക് തന്നെ മേയ് 14ന് കത്ത് നല്‍കി. പ്രശാന്തിന് പിന്നാലെ സിഇഒ ആയി ചുമതലയേറ്റ കെ ഗോപാലകൃഷ്ണനാണ് ജയതിലക് കത്ത് നല്‍കിയത്. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം നടത്തിയ ചീഫ് സെക്രട്ടറി ഈ വിഷയം പരിശോധിച്ചില്ല.