ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല; സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്ന ചോദ്യം നിര്‍ണ്ണായകം; സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയോ? പ്രശാന്തിന്റെ ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിന് തലവേദന

Update: 2024-12-27 03:31 GMT

തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. പിന്നെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്നാണ് എന്‍ പ്രശാന്തിന്റെ ചോദ്യം നിര്‍ണ്ണായകം. തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തമെന്ന് പ്രശാന്ത് പറയുന്നു. ഇതും സര്‍ക്കാരിന് ഭാവിയില്‍ തലവേദനയായി മാറും. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്ക് എന്‍ പ്രശാന്ത് വിശദീകരണം തേടുന്നത്. വ്യക്തമായ നിയമോപദേശം ഇതിന് പിന്നിലുണ്ടെന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ടാണ് മതിയായ കരുതല്‍ എടുക്കാനുള്ള നീക്കം. പ്രശാന്തിന്റേത് അതിരു കടന്ന നടപടിയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.

സസ്‌പെന്റ് ചെയ്യുന്നതിന് മുമ്പോ ചാര്‍ജ് മെമ്മോ നല്‍കുന്നതിന് മുമ്പോ എന്ത് കൊണ്ട് തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല, ചാര്‍ജ് മെമ്മോക്കൊപ്പം വെച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ആരാണ് ശേഖരിച്ചത്? ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തമെന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രശാന്ത് ഉയര്‍ത്തുന്നത്. ഇതിന് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് വാദം.

സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കില്‍ ഇതെങ്ങനെ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം? ഐടി നിയമപ്രകാരം സര്‍ട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു. കഴിഞ്ഞ 16നാണ് എന്‍ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതെങ്കിലും ഇത് വരെ മറുപടി നല്‍കിയിട്ടില്ല. ചാര്‍ജ്ജ് മെമ്മോക്ക് മറുപടിയായി ചീഫ് സെക്രട്ടറിയോട് തിരിച്ച് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരണം തേടുന്നത് അസാധാരണ നടപടിയാണ്. ചോദ്യങ്ങള്‍ പ്രസക്തമായതു കൊണ്ട് തന്നെ സര്‍ക്കാര്‍ വ്യക്തമായ നിയമോപദേശം തേടും. ഏതായാലും തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന സൂചനകള്‍ തന്നെയാണ് പ്രശാന്ത് നല്‍കുന്നത്. ചീഫ് സെക്രട്ടറിയ്ക്ക് അടക്കം പ്രശാന്ത് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. ഐഎഎസ് ചേരി പോരിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമാവുകയാണെന്ന് വ്യക്തമാകുകയാണ് ഇതിലൂടെ.

ഐഎഎസ് തലപ്പത്തെ പോര് നീളുന്നത് അസാധാരണമായ തലത്തിലേക്ക് എത്തി നില്‍ക്കുകയാണ്. ഒപ്പം സര്‍ക്കാരിന് നാണക്കേടും. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് എന്‍ പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോയും നല്‍കി. എന്നാല്‍ മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയായിരുന്നു പ്രശാന്ത്. സസ്പെന്‍ഡ് ചെയ്യുന്നതിനും ചാര്‍ജ് മെമ്മോ നല്‍കുന്നതിനും മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗം കേട്ടില്ലെന്നും പ്രശാന്ത് ചോദിക്കുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചു എന്നും സസ്പെന്‍ഷനില്‍ ആയ ശേഷം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും കുറ്റപ്പെടുത്തിയാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് ചാര്‍ജ്ജ് മെമ്മോ അയച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരെയാണ് പ്രശാന്ത് പരസ്യവിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്തെ രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരില്‍ കെ.ഗോപാലകൃഷ്ണനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ എന്‍.പ്രശാന്തിനെയും ആണ് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ചീഫ് സെക്രട്ടറിക്ക് എന്‍ പ്രശാന്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന , വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Tags:    

Similar News