ഹിയറിങ്ങിന്റെ ഓഡിയോ-വിഷ്വല്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി അംഗീകരിച്ചു; രാജ്യത്തു തന്നെ ഇത് ആദ്യം; ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഈഗോ പ്രേരിതയായി തനിക്കെതിരേ തെറ്റായ നടപടി സ്വീകരിച്ചെന്ന നിലപാട് തുടര്‍ന്ന് പ്രശാന്ത്; ഐഎഎസ് ബ്രോയ്ക്ക് നീതി കിട്ടുമോ?

Update: 2025-04-10 02:22 GMT

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അപമാനിച്ചതിന് സസ്‌പെന്‍ഷനിലായ എന്‍. പ്രശാന്തിനെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഹിയറിങ്ങിന് വിളിച്ചത് തന്നെ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്തുനല്‍കിയ സാഹചര്യത്തിലോ? അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാന പ്രകാരമാണ് ഹിയറിങ്ങ് എന്നാണ് വിലയിരുത്തല്‍. അതിനിടെ ഹിയറിങ്ങില്‍ ചീഫ് സെക്രട്ടറി എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. 16-നാണ് ഹിയറിങ്. പ്രശാന്തിന്റെപേരിലുള്ള കുറ്റാരോപണം അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയമിക്കണോ എന്നത് ഹിയറിങ്ങിനുശേഷം തീരുമാനിക്കും. അങ്ങനെ വന്നാല്‍ പ്രശാന്തിന്റെ സര്‍വ്വീസിലേക്കുള്ള മടങ്ങി വരവ് നീളും. ഇതിന് വേണ്ടിയുള്ള കരുനീക്കങ്ങള്‍ ചിലര്‍ നടത്തുന്നതായി സൂചനകളുണ്ട്. ജനകീയ തീരുമാനങ്ങളുമായി കളക്ടര്‍ ബ്രോ എന്ന വിളിപ്പേര് നേടിയ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ഇതെല്ലാം കൂടി പരിഗണിച്ചാണ് ഹിയറിങ്ങിലേക്കുള്ള സര്‍ക്കാര്‍ തീരുമാനം.

തന്നെ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കത്തുനല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് പ്രശാന്തിന്റെ കത്ത്. ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ ഈഗോ പ്രേരിതയായി തനിക്കെതിരേ തെറ്റായ നടപടി സ്വീകരിച്ചെന്നാണ് ആരോപണം അതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്ക് എട്ടുതവണ അയച്ച കത്തുകളെല്ലാം ചേര്‍ത്ത് കുറ്റപത്രത്തിനുള്ള മറുപടിയായി കണക്കാക്കിയാല്‍ മതിയെന്ന പ്രശാന്തിന്റെ വിശദീകരണവും ഹിയറിങ്ങിലേക്ക് കാര്യങ്ങളെത്തിച്ചു. 'സ്റ്റേറ്റ്‌മെന്റ് ഓഫ് ഡിഫന്‍സ്' എന്ന തലക്കെട്ടില്ലാത്തതുകൊണ്ടാണ് അത് സ്വീകരിക്കാത്തതെങ്കില്‍ അത് വലുതായി രേഖപ്പെടുത്തിയിട്ടാണ് ഇപ്പോള്‍ അയക്കുന്നതെന്നും വിശദീകരിച്ചു. തന്റെ സസ്‌പെന്‍ഷന്‍ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വിശദീകരിച്ചു. പകയും വ്യക്തമാക്കി. നിസ്സാരമായ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എനിക്കെതിരേ നടപടിയെടുത്തത്. 2022 ജനുവരിമുതല്‍ സെക്രട്ടറിപദവിയിലേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കണമെന്നായിരുന്നു ആവശ്യം. ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ നടക്കുന്ന അന്വേഷണവും പൂര്‍ത്തിയാക്കണം. 2022 മുതല്‍ തുടങ്ങിയ അച്ചടക്കനടപടി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതുസംബന്ധിച്ച ഫയലും കാണിക്കുന്നില്ല. പിന്നെ ഫയല്‍ എന്നാല്‍ ജീവിതമാണെന്നു പറഞ്ഞിട്ട് എന്തര്‍ഥം? ഇതായിരുന്നു പ്രശാന്തിന്റെ ചോദ്യം. ഈ സാഹചര്യത്തിലാണ് പ്രശാന്തിനെ നേരിട്ടു കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ചീഫ് സെക്രട്ടറിയ്ക്ക് കിട്ടിയത്.

16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വല്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചെന്നും രാജ്യത്തു തന്നെ ആദ്യമായാണ് ഇതെന്നും പ്രശാന്ത് അറിയിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ.ഗോപാലകൃഷ്ണന്‍ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതാണു പ്രശാന്തിന്റെ സസ്പെന്‍ഷനില്‍ കലാശിച്ചത്. നവംബറില്‍ സസ്പെന്‍ഷനിലായ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി ജനുവരിയില്‍ നാലു മാസത്തേക്കു കൂടി സര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതിനിടെ, പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശാന്തിന്റെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഐഎഎസുകാര്‍ക്കിടയില്‍ വലിയൊരു വിഭാഗം പ്രശാന്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

തന്നെ നേരിട്ടുകേള്‍ക്കാതെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തു എന്നുള്ളതായിരുന്നു എന്‍.പ്രശാന്തിന്റെ പ്രധാന പരാതി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെയുള്ള തന്റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീല്‍ നോട്ടിസും അയച്ചിരുന്നു. എന്നാല്‍ പരാതികള്‍ സമിതിക്കു മുന്നില്‍ പറയണമെന്നായിരുന്നു ചീഫ്‌സെക്രട്ടറിയുടെ നിലപാട്. മാത്രമല്ല കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി പ്രശാന്തിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെ നേരിട്ടു കേള്‍ക്കാനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നതിലായിരുന്നു എന്‍.പ്രശാന്തിനെ കഴിഞ്ഞ നവംബര്‍ 11 ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം ശാരദാ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതു കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നിര്‍ണായക തീരുമാനം ഉടനെന്നു എന്‍.പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പോസ്റ്റില്‍ എന്‍.പ്രശാന്ത് സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ പ്രതികരിച്ചില്ല.

സര്‍ക്കാര്‍ അകാരണമായി തന്നോട് അന്യായം കാണിക്കുകയാണെന്നെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണംപോലും നടത്താതെയും തന്റെ ഭാഗം കേള്‍ക്കാതെയുമായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ഏഴ് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. താന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി തന്നാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂവെന്നും പ്രശാന്ത് നിലപാടെടുത്തിരുന്നു.

Tags:    

Similar News