മതാടിസ്ഥാനത്തില്‍ ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ കെ ഗോപാലകൃഷ്ണനെ രക്ഷിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡിയായി നിയമിച്ചു; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് പുറത്തുതന്നെ; എ ജയതിലകിന് എതിരായ പരാതി അന്വേഷിക്കാത്ത ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ പക്ഷപാതിത്വമെന്ന് പ്രശാന്ത്
ശാരദ മുരളീധരന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണവുമായി എന്‍ പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണവുമായി എന്‍ പ്രശാന്ത് ഐ എ എസ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ തെളിവ് സഹിതം നല്‍കിയ പരാതി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല. തന്നോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് പ്രശാന്ത് വീണ്ടും കത്തയച്ചു.
നിലവില്‍ സസ്പെന്‍ഷനിലുള്ള പ്രശാന്ത് ഈമാസം പത്തിനാണ് കത്തയച്ചിരിക്കുന്നത്. ജയതിലകിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനാണ് പ്രശാന്ത് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ നടപടിയെടുത്തത്. സസ്പെന്‍ഷന് ശേഷമുള്ള കാരണം കാണിക്കല്‍ നോട്ടീസും അതിന് പ്രശാന്ത് നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു.
ചീഫ് സെക്രട്ടറി 18 ന് നല്‍കിയ കത്തിന് തൊട്ടടുത്ത ദിവസം മറുപടി തരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജയതിലകിനെതിരെ തെളിവ് സഹിതം 2024 നവംബറില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല. പലപ്പോഴായി ഏഴു മറുപടിക്കത്തുകള്‍ നല്‍കിയെങ്കിലും മറുപടികളുടെ തലക്കെട്ട് 'സ്റ്റേറ്റ്മന്റ് ഓഫ് ഡിഫന്‍സ്' എന്ന് നല്‍കാത്തതിനാല്‍ ചീഫ് സെക്രട്ടറി അവ പരിഗണിക്കാതിരിക്കുന്നു, ഇത് വിചിത്രമാണ്. നടപടിക്ക് ആധാരമായ രേഖകള്‍ ആവശ്യപ്പെട്ടിട്ട് മൂന്നുതവണ എഴുതിയ ശേഷം, ഒരു മാസം വൈകിപ്പിച്ച ശേഷമാണ് അവ ലഭ്യമാക്കിയത്. ഇതൊക്കെയും ചീഫ് സെക്രട്ടറിയുടെ പക്ഷപാതപരമായ പെരുമാറ്റം വ്യക്തമായി എന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.
ഹിയറിംഗ് നടത്തുന്നത് റെക്കോഡ് ചെയ്ത് സ്ട്രീം ചെയ്യണമെന്നും കത്തില്‍ പ്രശാന്ത് ആവശ്യപ്പെട്ടു. പരസ്യപ്രസ്താവന നടത്തിയ എന്‍ പ്രശാന്ത് സസ്പെന്‍ഷനില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ നീതിയും ന്യായവും കാണുന്നില്ലെന്ന് പ്രശാന്ത് പറയുന്നു. ഇനി ചീഫ് സെക്രട്ടറിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും കത്തയക്കുക എന്നും താന്‍ അയക്കുന്ന കത്തുകളും രേഖകളും കാണാതാകുന്നുവെന്നും എന്‍ പ്രശാന്ത് പറയുന്നു.
'ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയടക്കം ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ ഞാന്‍ ഉന്നയിച്ച പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് കാട്ടി ചീഫ് സെക്രട്ടറി തള്ളി. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ല. മറുവശത്ത്, പരാതി ഇല്ലാതിരുന്നിട്ടും എനിക്കെതിരെ അന്വേഷണം നടത്തി. നീതിപൂര്‍വമായ അന്വേഷണത്തിനു പകരം മുന്‍വിധിയോടെയാണു ചീഫ് സെക്രട്ടറി പ്രവര്‍ത്തിച്ചത്', കത്തില്‍ പറയുന്നു.
ജനുവരി അഞ്ചിന് താന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് കാണുന്നില്ലെന്ന അറിയിപ്പ് ലഭിച്ചെന്നും ഔദ്യോഗികമായി അയച്ച കത്ത് കാണാതാകുന്നത് ആശങ്കാജനകമാണെങ്കിലും അതില്‍ വലിയ അദ്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മുന്‍പ് മന്ത്രിക്ക് നല്‍കുകയും പിന്നീട് ജയതിലകിനും ഗോപാലകൃഷ്ണനും ലഭിക്കുകയും ചെയ്ത നിര്‍ണായക രേഖകള്‍ കാണാതെ പോയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
താന്‍ കൈമാറുന്ന രേഖകള്‍ തിരഞ്ഞുപിടിച്ച് നീക്കംചെയ്യുകയാണെന്ന് ആരോപിച്ച പ്രശാന്ത് ജയതിലകും ഗോപാലകൃഷ്ണനും സര്‍വീസില്‍ തുടരുകയും സ്വാധീനശക്തികളായി നില്‍ക്കുകയും ചെയ്യുമ്പോള്‍ രേഖകള്‍ കാണാതെ പോയതു യാദൃച്ഛികമല്ലെന്നും വിമര്‍ശിച്ചു. അതുകൊണ്ട് തന്നെ തെളിവ് ഉറപ്പാക്കാന്‍ ഇമെയില്‍ മുഖാന്തരമായിരിക്കും താന്‍ ഇനി മുതല്‍ രേഖകള്‍ കൈമാറുകയെന്നും പ്രശാന്ത് കത്തില്‍ പറയുന്നു.
സസ്‌പെന്‍ഷന്‍ നടപടിയും തനിക്കെതിരയുള്ള കുറ്റങ്ങളും ഒഴിവാക്കണമെന്ന് പ്രശാന്ത് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു തവണ കൂടി ഹിയറിങ്ങിന് ഹാജരാകാന്‍ തയാണെന്ന് എന്‍ പ്രശാന്ത് പറയുന്നു.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തത്. മതസ്പര്‍ദ്ധ സൃഷ്ടിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെയും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണനെ പിന്നീട് സര്‍വീസില്‍ തിരിച്ചെടുക്കുകയും ഇപ്പോള്‍ പിഎ മുഹമ്മദ് റിയാസിന്റെ വകുപ്പില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രശാന്ത് പുറത്തു തന്നെ തുടരുന്നു.
കെ ഗോപാലകൃഷ്ണനെ രക്ഷിച്ചു
കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന് വൈറ്റില മൊബിലിറ്റി ഹബ്ബ് എംഡി ആയാണ് നിയമനം. ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനായിരുന്നു ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും നിയമനം നല്‍കിയിരുന്നില്ല.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. ഹിന്ദു ഗ്രൂപ്പിന് പുറമെ ഒരു ഐഎഎസ് മുസ്ലിം ഗ്രൂപ്പും ഗോപാല കൃഷ്ണന്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെ കെ. ഗോപാലകൃഷ്ണന്‍ ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തില്‍ മെറ്റയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, സസ്പെന്‍ഷനു കാരണമായ കുറ്റപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോഴാണ് ഗോപാലകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചത്.