ഒരു അന്വേഷണം നടക്കുമ്പോള്‍ ആ റിപ്പോര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത് പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണ്; മാധ്യമങ്ങളോട് സംസാരിച്ച എന്നതിന്റെ പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുത്താല്‍ അത് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍മാര്‍ക്കും ബാധകം; ഡോക്ടറെ വേട്ടയാടുന്നവരെ തുറന്നുകാട്ടി എന്‍ പ്രശാന്ത് ഐഎഎസ്
ഡോക്ടറെ വേട്ടയാടുന്നവരെ തുറന്നുകാട്ടി എന്‍ പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിച്ചു, ഫേസ്ബുക്കില്‍ പോസ്റ്റിട്ടു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ അന്വേഷണത്തിന്റെ പേരില്‍ നീട്ടിക്കൊണ്ടു പോകുന്നത്. സര്‍ക്കാറിന്റെ നടപടി വിവാദങ്ങള്‍ക്ക് ഇടയാക്കുന്നുമുണ്ട്. നിയമവിരുദ്ധമായ സസ്‌പെന്‍ഷന്‍ നടപടിയാണ് പ്രശാന്ത് നേരിടുന്നതും.
ഇതിനിടെ 'ഫേസ് ബുക്കില്‍ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു' എന്ന പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കില്‍ വാര്‍ത്തസമ്മേളനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആദ്യം നടപടി വേണ്ടതെന്നാണ് പ്രശാന്ത് സര്‍വീസ് ചട്ടം ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നത്.
ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ഉണ്ടായത്. ഇത് ചട്ടലംഘനമാണെന്ന് പ്രശാന്ത് ഓര്‍മ്മിപ്പക്കുന്നത്. ഡോ. ഹാരിസിനെ വേട്ടയാടുന്നതിന് പിന്നിലെ സംഘത്തെ കുറിച്ചും സൂചന നല്‍കുന്നതാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍വ്വീസ് നിയമങ്ങളിലെ നീതിയുടെ അടിസ്ഥാന തത്വം വളരെ ലളിതമാണ്: എല്ലാവര്‍ക്കും ഒരേ മാനദണ്ഡം. അത് നടപ്പാക്കാത്ത കാലത്തോളം, ഇത് 'പെരുമാറ്റച്ചട്ടത്തിന്റെ' വിഷയമല്ല, മറിച്ച് ആരെ സംരക്ഷിക്കാനും ആരെ ഇല്ലാതാക്കാനുമാണ് ഈ സിസ്റ്റം ആഗ്രഹിക്കുന്നത് എന്നത് നിര്‍ലജ്ജം വിളിച്ചറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഡോ. ജയതിലകിനെതിരെയും പ്രശാന്ത് ആരോപണം ഉന്നയിക്കുന്നുണ്്. 1990 ല്‍ എംബിബിഎസ് പാസ്സായി തിരുവനന്തപുരത്ത് റെസിഡന്‍സി ചെയ്ത 3 ഡോക്ടര്‍മാര്‍ ഒരു പോലെ നിയമലംഘനം നടത്തുന്നത് എന്ത് കൊണ്ടായിരിക്കും? ഇതില്‍ രണ്ട് പേര്‍ക്ക് യുഎസ്എയില്‍ ഉള്ള താല്‍പര്യങ്ങള്‍ എന്താണ്? എന്നും അദ്ദേഹം ചോദിക്കുന്നു.
ഡോ.ജയതിലകിന്റെ മക്കളുടെ അമേരിക്കന്‍ യാത്രക്ക് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെക്കൊണ്ട് ടിക്കേറ്റെടുപ്പിച്ച കേസ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഇന്നും അന്വേഷണം നടകുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാമോ എന്തോ? രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകള്‍ക്ക് സ്‌പൈസസ് ബോര്‍ഡില്‍ സാങ്കല്‍പിക അഭിമുഖം നടത്തി നിയമവിരുദ്ധമായി സ്ഥിരം നിയമനം നടത്തിയ കേസുമായി ഇതിനെ കണ്‍ഫൈയൂസ് ചെയ്യരുത്് എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഓടരുതമ്മാവാ ആളറിയാം
'ഫേസ് ബുക്കില്‍ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു' എന്ന പേരിലാണ് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ചില മേലുദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് കേള്‍ക്കുന്നു. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം (Kerala Government Servants' Conduct Rules) ലംഘിച്ചു എന്നതാണ് ഔദ്യോഗിക വിശദീകരണം. ശരി, അങ്ങനെയാണെങ്കില്‍ ഒരു അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴുനീള പത്രസമ്മേളനം നടത്തി, അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പരസ്യമായി പറയുകയും ചെയ്ത കാര്യമോ?
അതേ പെരുമാറ്റച്ചട്ടമനുസരിച്ച് (ചട്ടം 60, ചട്ടം 62), ഈ രണ്ട് പ്രവൃത്തികളും ഒരേ വിഭാഗത്തില്‍ പെടുന്നതാണ്. ഒന്ന് 'ചട്ടലംഘനം' ആണെങ്കില്‍ മറ്റേതും അങ്ങനെത്തന്നെയാണ്. ഇതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം - ഒരന്വേഷണം നടക്കുന്നതിനിടെ ആണ് ഒരു സ്ഥാപനത്തിന്റെ തലവന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത്. വസ്തുതകള്‍ പൂര്‍ണ്ണമായി പുറത്തുവരുന്നതിന് മുന്‍പേ ഒരു കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇത് സുതാര്യതയല്ല, മറിച്ച് മാധ്യമ വിചാരണയാണ്.
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, 1960 അനുസരിച്ച്, ചട്ടം 60 പ്രകാരം, സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ചോ ഔദ്യോഗിക ചുമതലകളുടെ ഭാഗമായോ അല്ലാതെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഏതെങ്കിലും ഔദ്യോഗിക രേഖയോ വിവരമോ അനധികൃത വ്യക്തികളുമായി പങ്കിടുന്നത് വിലക്കിയിരിക്കുന്നു. കൂടാതെ, കേരള സിവില്‍ സര്‍വീസസ് (വര്‍ഗ്ഗീകരണം, നിയന്ത്രണം, അപ്പീല്‍) ചട്ടങ്ങള്‍, 1960 (KCS (CC&A) ചട്ടങ്ങള്‍) ചട്ടം 75(1) അനുസരിച്ച്, ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്, കണ്ടെത്തലുകളും കാരണങ്ങളും സഹിതം, നടപടികള്‍ നടക്കുന്ന സമയത്ത് കുറ്റാരോപിതനായ ഉദ്യോഗസ്ഥനും അച്ചടക്ക അധികാരിക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ. നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വരെ ഇത് ഒരു പൊതുരേഖയല്ല. യൂണിയന്‍ ഓഫ് ഇന്ത്യ v. എസ്.കെ. കപൂര്‍ (2011) 4 SCC 589 പോലുള്ള കേസുകളും, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മാനുവലും, കുറ്റാരോപിതനായ ജീവനക്കാരന് ശരിയായ പ്രതിരോധം ഒരുക്കുന്നതിനായി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉറപ്പിക്കുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ അത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അവകാശമില്ല.
ഈ സാഹചര്യത്തില്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പത്രസമ്മേളനത്തില്‍ വെച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഉദ്ധരിക്കുന്നതോ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതോ രഹസ്യാത്മകതയുടെ ലംഘനമാണ്. ഇത് പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണ്, കൂടാതെ ദുരുദ്ദേശ്യപരമായ മാധ്യമ വിചാരണയ്ക്ക് തുല്യവുമാണ്. മുന്‍പ് ഡോ. എ. ജയതിലകും ശ്രീ. ഗോപാലകൃഷ്ണനും വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി, എന്റെ 'പ്രതിച്ഛായ' (ചിലരുടെ പ്രതിച്ഛായ പോലല്ലല്ലോ നമ്മുടേത്!) നശിപ്പിക്കുന്നതിനായി മാതൃഭൂമിക്ക് ചോര്‍ത്തിക്കൊടുത്തതിന് സമാനമാണിത്. ഡോക്ടര്‍മാര്‍ക്ക് ഹൈ എന്‍ഡ് ഉപദേശങ്ങള്‍ നല്‍കുന്ന ഉറ്റ തോഴനായ മറ്റൊരു ഡോക്ടറെ പറ്റി ഇനി കൂടുതല്‍ ക്ലൂ വേണ്ടല്ലോ.
സര്‍വ്വീസ് നിയമങ്ങളിലെ നീതിയുടെ അടിസ്ഥാന തത്വം വളരെ ലളിതമാണ്: എല്ലാവര്‍ക്കും ഒരേ മാനദണ്ഡം. അത് നടപ്പാക്കാത്ത കാലത്തോളം, ഇത് 'പെരുമാറ്റച്ചട്ടത്തിന്റെ' വിഷയമല്ല, മറിച്ച് ആരെ സംരക്ഷിക്കാനും ആരെ ഇല്ലാതാക്കാനുമാണ് ഈ സിസ്റ്റം ആഗ്രഹിക്കുന്നത് എന്നത് നിര്‍ലജ്ജം വിളിച്ചറിയിക്കുകയാണ്.
1990 ല്‍ MBBS പാസ്സായി തിരുവനന്തപുരത്ത് റെസിഡന്‍സി ചെയ്ത 3 ഡോക്ടര്‍മാര്‍ ഒരു പോലെ നിയമലംഘനം നടത്തുന്നത് എന്ത് കൊണ്ടായിരിക്കും? ഇതില്‍ രണ്ട് പേര്‍ക്ക് USA ല്‍ ഉള്ള താല്‍പര്യങ്ങള്‍ എന്താണ്? ഡോ.ജയതിലകിന്റെ മക്കളുടെ അമേരിക്കന്‍ യാത്രക്ക് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെക്കൊണ്ട് ടിക്കേറ്റെടുപ്പിച്ച കേസ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഇന്നും അന്വേഷണം നടകുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാമോ എന്തോ? രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകള്‍ക്ക് സ്‌പൈസസ് ബോര്‍ഡില്‍ സാങ്കല്‍പിക അഭിമുഖം നടത്തി നിയമവിരുദ്ധമായി സ്ഥിരം നിയമനം നടത്തിയ കേസുമായി ഇതിനെ കണ്‍ഫൈയൂസ് ചെയ്യരുത്.
CBI കൊച്ചി യൂണിറ്റ് FIR ഇടാന്‍ റിപ്പോര്‍ട്ട് നല്‍കിയ കോടികളുടെ ട്രാവല്‍ ടിക്കറ്റ് കുംഭകോണവുമായും കണ്‍ഫ്യൂസ് ആവരുത്. (അന്ന് ആ കമ്പനി ഉടമ ഭാര്യ അല്ല എന്ന ന്യായം പറഞ്ഞായിരുന്നല്ലോ ഫയല്‍ ചവിട്ടിയത്.) ഇത് പുതിയത്. ഏതായാലും ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ കേരള സര്‍ക്കാര്‍ സേവനത്തില്‍ ഉണ്ടാവുന്നത് ഒരഭിമാനം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. ങേ? നിയമങ്ങളോ? ആത്മമിത്രങ്ങള്‍ക്ക് അടുപ്പിലും ആവാം എന്നാണല്ലോ സിസ്റ്റം പുതുമൊഴി.