ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകര്‍ഷനായി നടത്തിയ കൊലപാതകം; ആദ്യം അമ്മയെ കൊലപ്പെടുത്തി, പിന്നാലെ അച്ഛനെയും; കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ചുട്ടെരിച്ച കേദല്‍ ജിന്‍സന്‍ രാജക്ക് മാനസിക പ്രശ്‌നമില്ല; കൂട്ടക്കൊലയിലേക്ക് നയിച്ചത് അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷന്‍; നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി ഇന്ന്
ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകര്‍ഷനായി നടത്തിയ കൊലപാതകം
തിരുവനന്തപുരം: നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസില്‍ വിധി ഇന്ന്. കൂട്ടകൊലപാതകം നടന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തില്‍ വിധി വരുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ അടക്കം ചര്‍ച്ചയായ കേസിലാണ് ഒടുവില്‍ വിധി വരുന്നത്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദല്‍ ജിന്‍സന്‍ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പേലീസ് കേസ്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ തുടങ്ങിയത്.
ഡോ. ജീന്‍ പദ്മ, ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകള്‍ കരോളിന്‍, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് ആ വീട്ടില്‍ കൊല്ലപ്പെട്ടത്. ഒരു മകന് തോന്നിയ പ്രതികാരം. ദീര്‍ഘനാളുള്ള ആസൂത്രണത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2017 ഏപ്രില്‍ അഞ്ചിന് ജീന്‍പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ഒരു കമ്പ്യൂട്ടര്‍ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടിന് മുന്നില്‍ ഒരു കസേരയില്‍ ഇരുത്തിയ ശേഷം പിന്നില്‍ നിന്നും മഴുകൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു.
ഓണ്‍ലൈന്‍ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തല്‍. കേദലിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി. എട്ടാം തിയതി രാത്രി രണ്ടാം നിലയില്‍ നിന്നും തീയും പകയും ഉയര്‍ന്ന് നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ കേദലിനെ കാണാനില്ലായിരുന്നു. രണ്ടാം നിലയില്‍ തീയണച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ കത്തി കരിഞ്ഞ നാലു മൃതദേഹങ്ങള്‍. പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേദല്‍ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതി തിരികെയത്തിയപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുന്നത്.
അസട്രല്‍ പ്രോജക്ഷന്‍ എന്ന ആഭിചാരത്തില്‍ ആകൃഷ്ഠനായിരുന്നു എന്നൊക്കെ മൊഴി നല്‍കി കേദല്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. രണ്ടു പ്രാവശ്യം കേദലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാന്‍ അയച്ചു. പഠനം പൂര്‍ത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളില്‍ കഴിഞ്ഞ കേദലിനെ അച്ഛന്‍ തുടര്‍ച്ചയായി വഴക്കു പറയുമായിരുന്നു. അങ്ങനെ തുടങ്ങിയ പ്രതികാരത്തിന് ഒടുവിലാണ് കൂട്ടക്കൊല. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളില്‍ വിവിധ കൂട്ടക്കൊലകളെ കുറിച്ച് പ്രതി സെര്‍ച്ച് ചെയ്തിരുന്നു.
ആയുധവും പെട്രോളും പോളിത്തീന്‍ കവറും തറ കഴുകാനുള്ള ലായനിയുമെല്ലാം പ്രതി വാങ്ങി. അഭിഭാഷകരോട് കൃത്യമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുകയും, സ്വത്ത് തര്‍ക്കത്തില്‍ ഉള്‍പ്പെടെ വക്കാലത്തു നല്‍കുകയും ചെയ്യുന്ന കേദലിന് ഒരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല ഓരോരുത്തരെയും വകവരുത്തി വീട്ടിനുള്ളില്‍ ഇട്ടിരുന്നപ്പോള്‍ ബന്ധുക്കളുടെ ഫോണ്‍ വന്നു. വീട്ടുജോലിക്കാര്‍ എത്തി. വീട്ടുകാര്‍ വിനോദ യാത്രക്ക് പോയെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച് തിരിച്ചയച്ച് പ്രതി കൃത്യമായ ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലിപ് സത്യന്‍ ഹാജരായി.
കൊലയ്ക്ക് പിന്നില്‍ രാജാ തങ്കത്തിന്റെയും ജീന്‍ പദ്മയുടേയും മകന്‍ കേദല്‍ തന്നെയാണെന്ന് പൊലീസിന് ഉറപ്പിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. താനും കൊല്ലപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ച ഡമ്മിയും കാണാതായ കേദലും പൊലീസിന്റെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു. പൊലീസ് കേദലിനായി അന്വേഷണം ആരംഭിച്ചു. ഒന്നും രണ്ടും ദിവസങ്ങള്‍ പിന്നിട്ടു. ഒടുവില്‍ മൂന്നാം പക്കം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേദല്‍ പൊലീസിന്റെ പിടിയിലായി. ചെന്നൈയിലെ ഒളിവ് ജീവിതത്തിന് ശേഷം കീഴടങ്ങാനുള്ള തിരിച്ചുവരവിനിടെ കേദല്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
കേദലിന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വീടിന് തീയിട്ടപ്പോള്‍ സംഭവിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുടുംബത്തെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് 'എനിക്ക് ആത്മാക്കള്‍ ആകാശത്തേക്ക് പോകുന്നത് കാണണമായിരുന്നു സര്‍..' എന്നായിരുന്നു ചിരിച്ചു കൊണ്ട് കേദല്‍ നല്‍കിയ മറുപടി. ആസ്ട്രല്‍ പ്രൊജക്ഷനെന്ന വാക്കിനെ കുറിച്ച് പൊലീസിന് ആദ്യം ഒന്നും മനസിലായില്ല. മാനസികാരോഗ്യ വിദഗ്ധരോടുള്‍പ്പെടെ നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് കേദല്‍ നടത്തിയ ക്രൂര കൊലപാതങ്ങളുടെ കാരണം പൊലീസ് മനസിലാക്കുന്നത്.
പഠനത്തില്‍ അത്ര മിടുക്കനായിരുന്നില്ല കേദല്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ മാതാപിതാക്കള്‍ക്ക് മകനും പഠനത്തില്‍ മിടുക്കനായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. തങ്ങളുടെ നിലയ്ക്കൊപ്പം മകനുമെത്തണം എന്ന നിര്‍ബന്ധത്തില്‍ കേദലിനെ രാജാ തങ്കവും ഭാര്യ ജീന്‍ പദ്മയും എംബിബിഎസ് പഠനത്തിനായി ഫിലിപ്പീന്‍സിലേക്കയച്ചു. എന്നാല്‍ പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് കേദല്‍ നാട്ടിലേക്ക് മടങ്ങി. തിരിച്ച് നാട്ടിലെത്തിയ മകനെ വീണ്ടും മാതാപിതാക്കള്‍ പഠിക്കാനയച്ചു.
കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിലുള്ള താത്പര്യം കണക്കിലെടുത്ത് കേദലിനെ ഓസ്ട്രേലിയയിലേക്ക് എന്‍ജിനീയറിങ് പഠനത്തിന് അയച്ചു. എന്നാല്‍ അവിടെയും പഠനം പൂര്‍ത്തിയാക്കാതെ കേദല്‍ മടങ്ങി. നാട്ടിലെത്തിയ കേദല്‍ പലപ്പോഴും മുറിക്കുള്ളില്‍ തന്നെയായിരുന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതം. സ്വന്തമായി ഗെയിമുകള്‍ നിര്‍മിക്കുന്നതില്‍ മിടുക്കനായിരുന്നു കേദല്‍. പക്ഷേ അവയിലെല്ലാം രക്തവും കൊലപാതകവും നിറഞ്ഞുനിന്നിരുന്നു.