മധ്യപ്രദേശില്‍ ഏഴു പേരുടെ ജീവനെടുത്ത ഡോക്ടര്‍ വിലസിയത് യുകെക്കാരന്‍ എന്ന മേല്‍വിലാസത്തില്‍; മുഴുവനാളുകളും മരിച്ചത് വെറും 42 ദിവസത്തെ ചികിത്സയില്‍; ബ്രിട്ടീഷ് ഡോക്ടറുടെ പേര് കടമെടുത്ത വ്യാജന്‍ ഏകോ കാര്‍ഡിയോ മെഷീനും മോഷ്ടിച്ചു; തട്ടിപ്പുകാരന് എതിരെ യുകെയിലെ യഥാര്‍ത്ഥ ഡോക്ടറും രംഗത്ത്

മധ്യപ്രദേശില്‍ ഏഴു പേരുടെ ജീവനെടുത്ത ഡോക്ടര്‍ വിലസിയത് യുകെക്കാരന്‍ എന്ന മേല്‍വിലാസത്തില്‍

Update: 2025-04-09 06:53 GMT

ലണ്ടന്‍: ബ്രിട്ടീഷ് ഡോക്ടറുടെ പേരില്‍ വ്യാജ ചികിത്സ നടത്തി ഏഴു പേരെ മരണത്തിലേക്ക് പറഞ്ഞയച്ച തട്ടിപ്പു ഡോക്ടര്‍ ഒടുവില്‍ പിടിയില്‍. ഡോ. എന്‍. ജോണ്‍ കാം എന്ന പേരില്‍ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്ത നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന വ്യാജ ഡോക്ടറാണ് പിടിയിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് ഹൃദ്രോഗികള്‍ക്കു ശസ്ത്രക്രിയ നടത്തുകയായിരുന്നു.

53 വയസുകാരനാണ് ഇയാള്‍. ഈ വ്യാജ രേഖകള്‍ ഉപയോഗിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ ആദ്യത്തെ കേസ് പുറത്തു വരുന്നത്. ദാമോയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആശുപത്രിയില്‍ സംഭവിക്കുന്ന മരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനു പിന്നാലെയാണ് വ്യാജ ഡോക്ടറുടെ തട്ടിപ്പുകള്‍ പുറംലോകത്തേക്ക് എത്തിയത്.

2025 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 12 വരെ ഇയാള്‍ നടത്തിയ 15 ശസ്ത്രക്രിയകളിലായി ഏഴു പേരാണ് മരിച്ചത്. ദാമോയിലെ മിഷനറി ആശുപത്രിയില്‍ ഈ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയകളെ തുടര്‍ന്ന് ഏഴ് മരണങ്ങള്‍ സംഭവിച്ചെന്ന പ്രാദേശിക അഭിഭാഷകന്‍ ദീപക് തിവാരിയുടെ ആരോപണത്തെ തുടര്‍ന്ന് കലക്ടര്‍ സുധീര്‍ കൊച്ചാര്‍ ഈ വിഷയത്തില്‍ അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ രേഖകള്‍ വ്യാജമാണെന്നും ചില രോഗികളുടെ മരണം ഇയാള്‍ നടത്തിയ ശസ്ത്രക്രിയ മൂലമാണെന്നും കണ്ടെത്തി.

തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐഡബ്ല്യുഎസ് എന്ന ഏജന്‍സി വഴിയാണ് ഈ ഡോക്ടറുടെ നിയമനം നടന്നതെന്ന് ആശുപത്രിയുടെ മാനേജര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. ഡോക്ടറുടെ യോഗ്യതയും രേഖകളും പരിശോധിക്കേണ്ട ഉത്തരവാദിത്തം ഏജന്‍സിക്കാണെന്നും വ്യാജ രേഖകളെ കുറിച്ച് തങ്ങള്‍ക്കൊന്നും തന്നെ അറിയില്ലെന്നും അധികൃതര്‍ പറയുന്നു. ആര്‍ക്കും തന്നെ അയാളെ കുറിച്ച് സംശയം തോന്നിയില്ല. അയാള്‍ നന്നായി ജോലി ചെയ്തിരുന്നുവെന്നും ഒരു വലിയ പ്രൊഫസറായി നടിച്ചിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ വെളിപ്പെടുത്തലില്‍ പറയുന്നു. ഏഴു രോഗികളുടെ മരണം സംഭവിച്ചതിനൊപ്പം ആശുപത്രിയില്‍ നിന്നും 57 ലക്ഷം രൂപ വരെ വിലമതിക്കുന്ന പോര്‍ട്ടബ്ള്‍ എക്കോ മെഷീന്‍ ഇയാള്‍ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഇതിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ജോണ്‍ കാം എന്ന ബ്രിട്ടീഷ് ഡോക്ടറുടെ അപരനായ ഇയാള്‍ ഡോ. കാം എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. 2006ല്‍ ഛത്തീസ്ഗഡിലെ മുന്‍ സ്പീക്കര്‍ രാജേന്ദ്ര പ്രസാദിനെ മരണത്തിലേക്കു നയിച്ച ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പേര് മുന്‍പു പുറത്തുവന്നത്. തെലങ്കാനയിലും വ്യാജ ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ യഥാര്‍ത്ഥ ഡോ. ജോണ്‍ കാം മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു.

ബ്രിട്ടനിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന പ്രശസ്ത കാര്‍ഡിയോളജിസ്റ്റാണ് യഥാര്‍ത്ഥ ഡോക്ടറായ ജോണ്‍ കാം. ഇയാളുടെ പേരും പ്രശസ്തിയും സല്‍പ്പേരും എല്ലാം കവര്‍ന്നെടുത്താണ് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്ന വ്യാജന്‍ തന്റെ തട്ടിപ്പു ചികിത്സ മുന്നോട്ടു കൊണ്ടുപോയത്. തിങ്കളാഴ്ച അറസ്റ്റിലാവുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് 25 ഓളം വ്യക്തികള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഇയാള്‍ 50 മില്യണ്‍ രൂപയുടെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. തന്റെ പേരില്‍ മറ്റൊരാള്‍ നടത്തുന്ന ആള്‍മാറാട്ടം എന്നായിരുന്നു അയാള്‍ വക്കീല്‍ നോട്ടീസില്‍ അവകാശപ്പെട്ടിരുന്നത്.

Tags:    

Similar News