വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു; ചികിത്സയില്‍ കഴിയവേ മരിച്ചത് സാറ ബെക്‌സ്റ്റോമെന്ന 20കാരി; സാറയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു പ്രസിഡന്റ് ട്രംപ്; അക്രമി അഫ്ഗാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന് സിഐഎ

വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ മരിച്ചു

Update: 2025-11-28 03:09 GMT

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡി.സിയില്‍വെച്ച് വൈറ്റ്ഹൗസിന് സമീപം വെടിയേറ്റ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പുറത്തുവിട്ടത്. സാറ ബെക്‌സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് ഗുരുതരപരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്‌സ്റ്റോമിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബെക്‌സ്റ്റോം 2023 ജൂണ്‍ 26നാണ് സര്‍വീസില്‍ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം. അമേരിക്കന്‍ പ്രാദേശിക സമയം 2.15നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.

അക്രമി 15ലധികം തവണ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ അക്രമിയെ കീഴ്‌പ്പെടുത്തിയത്. വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വാഷിങ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചു. അതേസമയം സൈനികര്ക്ക് നേരെ വെടിയുതിര്‍ത്ത റഹ്‌മാനുല്ല ലഖന്‍വാള്‍ (29) അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ സ്ഥിരീകരിച്ചു.

റഹ്‌മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് സ്ഥിരീകരിച്ചത്. റഹ്‌മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ പോരാട്ടത്തില്‍ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികള്‍ക്കു ബൈഡന്‍ ഭരണകൂടം നന്ദിസൂചകമായി കുടിയേറ്റ അവസരം നല്‍കിയിരുന്നു. ഈ പദ്ധതിയിലൂടെ 2021 ലാണ് റഹ്‌മാനുല്ല ലഖന്‍വാള്‍ യുഎസിലെത്തിയത്.

'' താലിബാന്റെ ശക്തികേന്ദ്രമായ തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായാണ് റഹ്‌മാനുല്ല പ്രവര്‍ത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്‌മാനുല്ലക്ക് ഏജന്‍സിയുമായുള്ള ബന്ധം. സംഘര്‍ഷഭരിതമായ ഒഴിപ്പിക്കലിനു തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു.'' ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ മറ്റു സൈനികര്‍ കീഴടക്കിയ റഹ്‌മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തെപ്പറ്റി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് (ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 1) വൈറ്റ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്തു റോന്തു ചുറ്റുകയായിരുന്ന സൈനികര്‍ക്കു നേരെയാണ് റഹ്‌മാനുല്ല വെടിയുതിര്‍ത്തത്. പട്രോളിങ് ജോലിയിലേക്ക് ഇരുവരെയും നിയോഗിച്ച് 24 മണിക്കൂറിനുള്ളിലാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകും വരെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ അപേക്ഷകളുടെ നടപടികള്‍ അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിര്‍ത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്‌സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News