ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ കളക്ടറേറ്റിലെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് അയച്ചത് മൂന്നാമനോ? എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കുന്നില്ല; മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍ നിന്നിറങ്ങിയ നവീന്‍ ബാബു എങ്ങോട്ട് പോയെന്നതിന് ഇപ്പോഴും ഉത്തരമില്ല; അതു വെറുമൊരു ആത്മഹത്യയോ?

Update: 2024-10-22 02:22 GMT

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് നവീന്‍ ബാബു കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് അയച്ചതാണ് ഈ സന്ദേശം എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയയ്ക്കാനും സാധ്യത ഏറെയാണ്. രാത്രിയില്‍ ഉദ്യോഗസ്ഥര്‍ ഉറങ്ങുകയായിരിക്കും. അതുകൊണ്ട് തന്നെ മെസേജ് കാണാനും വൈകും. ഈ സാഹചര്യത്തില്‍ ഈ സന്ദേശങ്ങളും സംശയാസ്പദമാണ്. നവീന്‍ ബാബുവിന്റെ മരണത്തിലെ 'കൊലപാതക തിയറിയെ' ശക്തിപ്പെടുത്തുന്നതാണ് ഈ മെസേജുകള്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ച് നല്‍കിയത്. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് പോലീസും പ്രധാനമായും അന്വേഷണം നടത്തുന്നത്. മരണത്തിലെ അസ്വാഭാവികതകള്‍ ആരും പരിശോധിക്കുന്നില്ല. ഇതിനിടെയാണ് മെസേജിലും പൊരുത്തുക്കേടെത്തുന്നത്. എഡിഎം കെ.നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്കോ മാധ്യമങ്ങള്‍ക്കോ കിട്ടിയിട്ടില്ലാത്തതിനാല്‍ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന വസ്തുതയുമുണ്ട്.

മരണം നടന്നത് 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ കോടതി വഴി ലഭിക്കുമെന്ന വിവരമാണു ലഭിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. 14ന് വൈകിട്ട് 6 മണിക്ക് റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ അകലെ മുനീശ്വരന്‍ കോവിലിനരികില്‍ വാഹനത്തില്‍നിന്നിറങ്ങിയ നവീന്‍ ബാബു സ്റ്റേഷന്റെ പരിസരത്തേക്ക് എത്തിയിട്ടില്ലെന്നാണു സൂചന. ഈ ഭാഗത്തെ സിസിടിവി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. നവീന്‍ ബാബുവിന്റെ ക്വാര്‍ട്ടേഴിസിന് മുന്നിലെ സിസിടിവിയും നിര്‍ണ്ണായകമാണ്.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ ലൊക്കേഷനും പരിശോധിച്ചാണ് സ്‌റ്റേഷനിലെത്തിയില്ലെന്ന നിഗമനം. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ല. മുനീശ്വരന്‍ കോവിലിനരികില്‍നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് നവീന്‍ ബാബു എപ്പോള്‍, എങ്ങനെ പോയി എന്നതും വ്യക്തമല്ല. ആത്മഹത്യക്കുറിപ്പു കിട്ടിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. എഡിഎമ്മിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. അതില്‍ എന്തെങ്കിലും സൂചനകളുണ്ടോയെന്നു വ്യക്തമല്ല.

എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. പ്രശാന്തനെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. അതേ ദിവസം വീട്ടിനുള്ളില്‍ വച്ചാണ് കളക്ടറെ പ്രശാന്തന്‍ കണ്ടതെന്നാണ് പറഞ്ഞു വച്ചത്. സിസിടിവി പുറത്തു വന്നതോടെ ഈ വാദം പൊളിഞ്ഞു.

ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ നവീന്‍ ബാബു നേരത്തെ കൈമാറാനാണ് സാധ്യത. കാരണം സ്ഥലം മാറ്റം കിട്ടിയ നവീന്‍ ബാബു സാധനങ്ങളുമായാണ് കളക്ടറേറ്റില്‍ എത്തിയത്. യാത്ര അയപ്പ് ചടങ്ങിന് ശേഷം ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവാനായിരുന്നു പദ്ധതി. അതുകൊണ്ട് തന്നെ ക്വാര്‍ട്ടേഴ്സ് എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബു വിട്ടിരുന്നു. പത്തനംതിട്ടയില്‍ ചുമതലയേറ്റാല്‍ പിന്നെ കണ്ണൂരിലേക്ക് വരുന്നതും പദ്ധതിയില്‍ ഇല്ല. പുതിയ എഡിഎമ്മിന് ക്വാര്‍ട്ടേഴ്സ് കൈമാറേണ്ടതുണ്ടെന്ന സാഹചര്യം അടക്കം മനസ്സിലാക്കി നവീന്‍ ബാബു പ്രവര്‍ത്തിച്ചിരുന്നു. താക്കോല്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ നവീന്‍ ബാബു ക്വാര്‍ട്ടേഴ്സിനുള്ളില്‍ കയറിയെന്ന ചോദ്യവും പ്രസക്തമാണ്.

മുറിക്കുള്ളില്‍ പലതും നശിപ്പിച്ചുവെന്നും സൂചനകളുണ്ട്. ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയങ്ങള്‍ കൂട്ടുന്നു. ഡ്രൈവറുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. പ്രശാന്തനേയും ഡ്രൈവറേയും കിറുകൃത്യമായി ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരും. കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ അല്ലെങ്കില്‍ ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരം പുറത്തു പറഞ്ഞതോ ആണ്. നവീനെ കൊന്നതാണെന്നും സൂചനയുണ്ട്.

Tags:    

Similar News