വ്യാജപരാതിയെ വെളുപ്പിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എകെജി സെന്ററിലെ 'സഖാവിനെ' രക്ഷിക്കാന്‍; കൈയ്യക്ഷര പരിശോധന നടത്തിയാല്‍ ഒപ്പിലെ കള്ളം തളിയും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്‍; എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ അനിവാര്യത; രേഖകള്‍ നശിപ്പിച്ചാല്‍ യഥാര്‍ത്ഥ വില്ലന്‍

Update: 2024-11-21 05:23 GMT

കണ്ണൂര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്േട്രട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന നിഗമനത്തില്‍ കുടുംബം. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചേക്കും. ഇതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇടപെടല്‍തേടി ഭാര്യ കെ. മഞ്ജുഷ കോടതിയെ സമീപിച്ചത്. സിബിഐ എത്തിയാലും തെളിവുകള്‍ നശിക്കില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം. ഈ ഹര്‍ജിയിലെ പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണ്ണായകമാകും.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന പ്രശാന്തന്റെ വ്യാജ പരാതിക്ക് പിന്നിലെ വസ്തുത കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘവും മടിച്ചുനില്‍ക്കുന്നുവെന്നതും കുടുംബത്തെ ചിന്തിപ്പിക്കുന്നുണ്ട്. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണ വിവരം പുറത്തറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം, കൈക്കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി എന്ന നിലയില്‍ ഒരെണ്ണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്തു കൊണ്ട് ഇത് പോലീസ് അന്വേഷിക്കുന്നില്ലെന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഈ പരാതിയിലെ വസ്തുത അന്വേഷിച്ചാല്‍ തന്നെ ഗൂഡാലോചന വ്യക്തമാകും.

ചുമതല വഹിച്ച നവീന്‍ ബാബു എന്നു വിശേഷിപ്പിച്ചതു തന്നെ പരാതി തയ്യാറാക്കിയത് എ.ഡി.എമ്മിന്റെ മരണശേഷമാണെന്നതിന്റെ സൂചനയായി. പരാതിക്കാരന്റെ പേരിലും ഒപ്പിലും ഉള്ള വൈരുദ്ധ്യം മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. പി.പി. ദിവ്യയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ പ്രശാന്തന്റെ പേരില്‍ സൃഷ്ടിച്ച പരാതിയ്ക്ക് പിന്നില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം. നേതാവാണെന്നാണ് സൂചന. ഈ വ്യക്തിക്ക് പ്രശാന്തുമായും നേരിട്ട് ബന്ധമുണ്ട്. ദിവ്യക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണക്കുറ്റം സംബന്ധിച്ച അന്വേഷണം മാത്രം നടത്തി കേസ് ഒതുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എകെജി സെന്ററിലേക്കാണ് വ്യാജ പരാതിയുടെ സംശയം നീണ്ടത്.

അതിനിടെ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്നും രണ്ട് ഒപ്പ് ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ടി.വി പ്രശാന്തന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കി. കൈയക്ഷര പരിശോധന നടത്തിയാല്‍ ആ ഒപ്പിട്ടത് പ്രശാന്താണോ എന്ന് തെളിയും.എന്നാല്‍ ശാസ്ത്രീയ രീതികളൊന്നും പൊലീസ് അവലംബിക്കുന്നില്ല. ഇതിന് പിന്നില്‍ അന്വേഷണം തിരുവനന്തപുരത്ത് എത്താതിരിക്കാനുള്ള തന്ത്രമാണ്. ആരാണ് യഥാര്‍ഥത്തില്‍ പെട്രോള്‍ പമ്പിനായി പണം മുടക്കുന്നത് എന്നതും പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ നല്‍കുന്നതില്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചെങ്ങളായിയിലെ മാഫിയയെ സംശയത്തില്‍ നിര്‍ത്തുന്ന പല തെളിവും പുറത്തു വന്നു. പക്ഷേ അതൊന്നും ആരും പരിശോധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന ചിന്തയിലേക്ക് നവീന്‍ ബാബുവിന്റെ കുടുംബം കടക്കുന്നത്.

ഈ സാഹചര്യത്തില്‍ നവീന്‍ ബാബു ഫോണ്‍വിളിച്ചതിന്റെ വിശദാംശങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ മുതലായവ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബി.എസ്.എന്‍.എല്‍., വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി 23-ന് കോടതി പരിഗണിക്കും. രേഖകള്‍ സംരക്ഷിച്ചില്ലെങ്കില്‍, ഭാവിയില്‍ കേസ് അന്വേഷണം വേറെ ഏതെങ്കിലും ഏജന്‍സിയെ ഏല്‍പിക്കുകയാണെങ്കില്‍ തെളിവുകള്‍ കിട്ടാതാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. സിബിഐയിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള നീക്കം പ്രോസിക്യൂഷനും ഇതില്‍ കാണുന്നുണ്ട്.

കളക്ടറേറ്റ്, മുനീശ്വരന്‍കോവില്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, പ്ലാറ്റ്ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തന്‍ എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

ദിവ്യയുടെയും കളക്ടറുടെയും സ്വകാര്യഫോണിലെ വിളികളുടെ രേഖകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബു മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നും ചെയ്യുന്നില്ലെന്നും പി.എം. സജിത മുഖേന നല്‍കിയ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

Tags:    

Similar News