നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് ഹൈക്കോടതി; റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ഇനി അന്വേഷണം; അന്വേഷണ പുരോഗതിയും അറിയിക്കണം; ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ വിധി സര്‍ക്കാന് ആശ്വാസം; കൊലയ്ക്ക് തെളിവില്ലെന്ന് നിരീക്ഷണം; നവീന്‍ ബാബുവിന്റെ കുടുംബം അപ്പീലിന്
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഉണ്ടാകില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണു നിര്‍ണ്ണായക വിധി പറഞ്ഞത്. നരഹത്യയടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. കോടതി നിര്‍ദേശിച്ചാല്‍ ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു. കൊലപാതക സാധ്യതയുടെ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ കോടതി വിധിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം അപ്പീല്‍ നല്‍കും. നീതിയ്ക്കായി ഏതറ്റം വരെ പോകുമെന്ന് മഞ്ജുഷ പ്രതികരിച്ചു.
കേസ് അന്വേഷണം റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ പരോഗതി കോടതിയെ കൃത്യമായ ഇടവളേയില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. സത്യസന്ധമായ അന്വേഷണം ഉറപ്പു വരുത്താനാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലേക്ക് അന്വേഷണം കൊണ്ടു വരുന്നത്. വിധി പഠിച്ച ശേഷം അപ്പീല്‍ നല്‍കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും അറിയിച്ചു. വിധിയില്‍ തൃപ്തിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പറഞ്ഞു. അപ്രതീക്ഷിത വിധിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ ആലോചന.
നവീന്‍ ബാബുവിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ സംശയമുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നവീന്റെ കുടുംബം. നവീന്‍ ബാബു ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും മൃതദേഹത്തില്‍ കണ്ട രക്തക്കറ അടക്കമുള്ള കാര്യങ്ങള്‍ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വേണ്ട തെളിവുകള്‍ കോടതിയ്ക്ക് മുന്നിലെത്തിയില്ല. ഇതിനൊപ്പം കുടുംബത്തിന്റെ സംശയവും പരിഗണിക്കാമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഇത് കൂടി പരിഗണിച്ചാണ് കോടതി തീരുമാനം.
സിപിഎം നേതാവായ പിപി ദിവ്യ പ്രതിയായ കേസില്‍ സത്യസന്ധമായ അന്വേഷണം കേരളാ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. കോടതി ആവശ്യപ്പെട്ടാല്‍ കേസന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐയും നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചത്.
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇന്‍ക്വസ്റ്റ് തിടുക്കത്തില്‍ നടത്തിയതും സംശയകരമാണെന്ന വാദമാണ് അവര്‍ പ്രധാനമായും ഉയര്‍ത്തിയത്.