ആ പരാതി പ്രശാന്തന്‍ വാട്‌സാപ്പിലൂടെ അയച്ചു കൊടുത്തത് എകെജി സെന്റര്‍ സെക്രട്ടറിയ്ക്ക്; ബിജു കണ്ടക്കൈയ്ക്ക് നല്‍കിയതൊഴിച്ചാല്‍ ആര്‍ക്കും പരാതി കൊടുത്തില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രശാന്തന്റെ മൊഴിയില്‍ വ്യക്തം; നവീന്‍ ബാബുവിനെതിരെ ഗൂഡാലോചന സിപിഎം ആസ്ഥാനത്തും
തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയാണെന്ന ആരോപണത്തിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് അടിവരയിടുന്നു.പെട്രോള്‍ പമ്പ് അനുമതിക്ക് നവീന്‍ കൈക്കൂലി വാങ്ങിയതിനോ, ചോദിച്ചതിനോ തെളിവില്ല. ഇതിനൊപ്പം താന്‍ ഉത്തരവാദിത്തപ്പെട്ട ആര്‍ക്കും നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയില്ലെന്ന് പ്രശാന്ത് തന്നെ മൊഴി നല്‍കിയത്. എകെജി സെന്റര്‍ സെക്രട്ടറി ബുജു കണ്ടൈക്കയ്ക്കാണ് പരാതി വാട്‌സാപ്പില്‍ അയച്ചത്. അല്ലാതെ ആര്‍ക്കും പരാതി നല്‍കിയില്ലെന്നും മൊഴിയുണ്ട്. ഇതോടെ എകെജി സെന്ററിലും നവീന്‍ ബാബുവിനെതിരായ ഗൂഡാലോചന നടന്നുവെന്ന് വ്യക്തമായി. നവീന്‍ ബാബുവിനെ കളങ്കിത വ്യക്തിയായി ചിത്രീകരിച്ച് ദിവ്യയുടെ വാദങ്ങള്‍ക്ക് ബലം നല്‍കാനുള്ള ഗൂഡാലോചന സിപിഎം ആസ്ഥാനമായ എകെജി സെന്ററിലും നടന്നുവെന്നാണ് വ്യക്തമാകുന്നത്.
പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണ്. ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് കണ്ണൂര്‍ വിഷന്‍ ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയിലുമുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവീന്‍ ബാബുവിന് എതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സും അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനിടെയാണ് പരാതി അയച്ചത് എകെജി സെന്റര്‍ സെക്രട്ടറിയുടെ വാട്‌സാപ്പിലാണെന്ന വാദവും റിപ്പോര്‍ട്ടിന്റെ ഭാഗമായി വരുന്നത്. പ്രശാന്തിന്റെ ബന്ധുവാണ് ബിജു കണ്ടക്കൈയെന്നും സൂചനകളുണ്ട്. ഇതോടെ സംഭവത്തില്‍ എകെജി സെന്ററുമായി ബന്ധപ്പെട്ട കേന്ദ്രത്തിലും വ്യക്തത വരികയാണ്.
അതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ടി.വി പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി പോലീസിന് മുന്നിലെത്തുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി വ്യാജ രേഖയുണ്ടാക്കിയതില്‍ കേസെടുക്കണമെന്നാണ് ആവശ്യം. കണ്ണൂര്‍ കലക്റ്ററേറ്റ്, വിജിലന്‍സ് എന്നിവിടങ്ങളില്‍ നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇല്ലെന്ന വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് ആണ് പരാതി നല്‍കിയത്. നവീന്‍ ബാബുവിനെതിരെ പരാതികള്‍ ലഭ്യമായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും വിജിലന്‍സ് ഡയറക്ടറേറ്റും കണ്ണൂര്‍ ജില്ലാ കലക്ട്രേറ്റും നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. ഇതിലൂടെ പ്രശാന്തന്‍ വ്യാജമായി പരാതി സൃഷ്ടിക്കുകയാണെന്ന് വ്യക്തമാണ്. വ്യാജ പരാതി ഉണ്ടാക്കിയ ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിങ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
നവീന്‍ ബാബുവിനെതിരെ പരാതികള്‍ ഇല്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തന് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ചതോടെയാണ് പ്രശാന്തന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തന്‍ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നുവെന്ന് പ്രശാന്ത് പരസ്യമായി പറഞ്ഞു. പരാതിയുടെ പകര്‍പ്പും പുറത്തായി. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ ദിവ്യ മാത്രമാണ് പ്രതിസ്ഥാനത്ത് ഉള്ളത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രശാന്തിനെ പ്രതി ചേര്‍ക്കുകയോ വ്യാജ പരാതിയ്ക്ക് മേല്‍ പുതിയ കേസ് എടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. വിവരാവകാശ രേഖകളും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
എല്ലാം ദിവ്യ കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാകാം എന്ന സൂചനകളും പുറത്തു വന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നു. അപമാനിക്കാന്‍ ദിവ്യ ആസൂത്രിതശ്രമം നടത്തി. റിപ്പോര്‍ട്ട് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. കളക്ടറേറ്റിലെ യാത്രഅയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണ്. യോഗത്തിനു മുന്‍പ് ദിവ്യ ജില്ലാ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്കു വരേണ്ടെന്നാണ് കളക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതു മറികടന്ന് ദിവ്യ പങ്കെടുത്തു. ചടങ്ങിനു മുമ്പ് ദിവ്യ നാലുതവണ കളക്ടറുടെ സ്റ്റാഫിനെയും വിളിച്ചു.നവീനിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിനെത്തിയത്. യോഗം വീഡിയോയില്‍ ചിത്രീകരിച്ചു. ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ പ്രതിനിധികളെ ഏര്‍പ്പാടാക്കിയതും ദിവ്യയാണ്. ഇവരുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. യോഗശേഷം ദിവ്യ വീഡിയോ കൈപ്പറ്റിയെന്നാണ് മൊഴി. ദിവ്യയുടെ വാദങ്ങളെ എല്ലാം തള്ളുന്നതാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്.
ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. അതുതന്നെ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നുവെന്നതിന് സൂചനയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പമ്പ് ലൈസന്‍സ് പ്രശ്‌നത്തില്‍ നവീന്‍ ബാബുവിനെതിരെ നിശിത വിമര്‍ശനം ദിവ്യ യോഗത്തില്‍ നടത്തി. ഇത് നവീനിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നവീന്‍ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കേസിന് ഗുണം ചെയ്യുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം വിലയിരുത്തുന്നു. പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഗൗരവം സംശയം വര്‍ദ്ധിപ്പിക്കുന്നതായി സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.
ദിവ്യയുടേയും കള്ള പരാതിയുന്നയിച്ച പ്രശാന്തന്റെയും പേര് പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരുന്നത്. എന്നിട്ടും ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തത്. കേസ് ദുര്‍ബലപ്പെടുത്താനാണിത്. ഗൂഢാലോചനയെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍ പുച്ഛിച്ചുതള്ളിയെന്നും അദ്ദേഹം പറഞ്ഞു.പ്രശാന്തനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞു. സത്യസന്ധമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമപോരാട്ടത്തിന് ഇത് സഹായകരമാകും. മൊഴിമാറ്റിയ കളക്ടറുടെ പങ്കും അന്വേഷിക്കണം. ദിവ്യയ്ക്ക് നവീനിനോട് ഇത്രയേറെ വിദ്വേഷം വരാന്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.