നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്; ഹര്‍ജി തള്ളിയതില്‍ നിരാശ, കൂടുതല്‍ നിയമ നടപടിയെ കുറിച്ച് ആലോചിക്കും; കേസില്‍ അന്വേഷണം നിലച്ച അവസ്ഥയെന്ന് മഞ്ജുഷ; തളര്‍ത്താന്‍ ശ്രമം നടക്കുന്നു
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല
കൊച്ചി: എടിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ച് മുന്‍പാകെ ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അത് തള്ളുകയാണുണ്ടായത്. തല്‍ക്കാലം എസ്ഐടി ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തട്ടെ, ഡിജിപി പ്രത്യേകമായി മേല്‍നോട്ടത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിക്കട്ടെ, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സാധൂകരിക്കുന്ന കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നും സിങ്കിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു.
ഈ സിംഗില്‍ ബെഞ്ച് വിധിക്കെതിരെയാണ് മഞ്ജുഷ നിയമ നടപടിയിലേക്ക് കടന്നത്. ഈ അപ്പീലിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. കൊലപാതക സാധ്യതയെന്ന ആരോപണത്തെ സാധൂകരിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെ തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. കേസില്‍ നിലവില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കുടുംബം മഞ്ജുഷ പറഞ്ഞു.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂര്‍ണമാണ്. ഈ നിലവലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗ്ള്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് ഹരജി തള്ളിയത്. സംസ്ഥാന സര്‍ക്കാറിന് അന്വേഷിക്കാമെന്ന് സിംഗ്ള്‍ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഡിവിഷന്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, നവീന്‍ ബാബുവിന്റെ കുടുംബം ആരോപിക്കുന്നതു പോലെ കൊലപാതകത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ സംശയങ്ങള്‍ പരിഹരിക്കാനുള്ള അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട പി.പി. ദിവ്യക്ക് യാതൊരു പരിഗണനയും നല്‍കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിയോ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹരജിക്കാരി പറയുന്നു.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യ ജാമ്യത്തിലാണ്. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതിന് പിന്‍ബലമായ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന ദിവ്യക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പൊലീസില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.