'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം വേണ്ട വിധത്തില്‍ ഏറ്റില്ല! 'നായാടി മുതല്‍ നസ്രാണി വരെ'യെന്ന പുതിയ മുദ്രാവാക്യവുമായി വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പുതിയ സാമൂഹിക കൂട്ടായ്മയെ തുടക്കത്തിലേ തള്ളി സുകുമാരന്‍ നായര്‍; അകലം പാലിച്ചു ക്രൈസ്തവ സംഘടനകളും
നായാടി മുതല്‍ നസ്രാണി വരെ'യെന്ന പുതിയ മുദ്രാവാക്യവുമായി എസ്എന്‍ഡിപി
തിരുവനന്തപുരം: 'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ബിഡിജെഎസിന് അനുഗ്രഹം നേര്‍ന്ന് മുന്നോട്ടു പോയത്. ഇതിന് പിന്നാലെ ഇപ്പോള്‍ എസ്എന്‍ഡിപി പുതിയ രാഷ്ട്രീയ മുദ്രാവാക്യവുമായി രംഗത്തു വന്നിരിക്കയാണ്. നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മക്കാണ് എസ്എന്‍ഡിപി യോഗം തുടക്കമിടാന്‍ പോകുന്നത്. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാമ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്ഠ്യേന പാസാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് വെള്ളാപ്പള്ളി നിലപാട് മൈസൂരിലെ യോഗത്തില്‍ പറഞ്ഞതും. ഇത് ആരുടെയും അവകാശങ്ങള്‍ പിടിച്ചുപറ്റാനല്ല. ജനിച്ച മണ്ണില്‍ ജീവിക്കാനും സാമൂഹിക നീതിയിലധിഷ്ഠിതമായ സമുദായ നീതി നടപ്പിലാക്കാനുമാണ്. ഓരോ വ്യക്തികള്‍ക്കും അവരുടെ രാഷ്ട്രീയ വിശ്വാസവും ആദര്‍ശവുമുണ്ട്. അതൊന്നും മാറ്റാന്‍ പറയില്ല. സമുദായത്തിന്റെ അവകാശ പോരാട്ടത്തിനായി ഒന്നായി നിന്നു പോരാടാനാണ് ശ്രമിക്കേണ്ടത്.
ജാതിയുടെ പേരില്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഈ പേരിന്റെ അര്‍ഥംതന്നെ മുസ്ലിം കൂട്ടായ്മ എന്നാണ്. ഇടതു വന്നാലും വലതു വന്നാലും സമ്മര്‍ദ്ദ ശക്തിയായി നിന്ന് സമുദായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലീഗിനു കഴിയും. സംഘടിത മതശക്തികളെ വോട്ട് ബാങ്കായി കണ്ട് പ്രീണിപ്പിക്കുക എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ ദുരന്തം. വോട്ട് ബാങ്കായി നിലകൊള്ളുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന പ്രീണന രീതിയാണ് കണ്ടുവരുന്നതെന്നും സാമുദായിക ശക്തി സമാഹരണത്തിലൂടെ മാത്രമേ സാമൂഹിക നീതി യാഥാര്‍ഥ്യമാക്കാന്‍ കഴിയൂവെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.
അത് ഇത് രണ്ടാം തവണയാണ് നടേശന്‍ പുതിയ സാമൂഹിക രൂപീകരണം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 2015 ല്‍, എസ്എന്‍ഡിപിക്ക് ആഭിമുഖ്യമുള്ള ബിഡിജെഎസ് (ഭാരത് ധര്‍മ്മ ജനസേന) രൂപീകരിക്കുന്നതിന് മുമ്പാണ് വെള്ളാപ്പള്ളി നടേശന്‍ 'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന ഐക്യ ആഹ്വാനം ചെയ്തത്. തുടക്കത്തില്‍ ഈ ആശയവുമായി എന്‍എസ്എസ് യോജിച്ചെങ്കിലും, പിന്നീട് ഇതില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.
'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം 'നായാടി മുതല്‍ നസ്രാണി വരെ' എന്നതിലേക്ക് നീങ്ങുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കേരള രാഷ്ട്രീയത്തില്‍ മുസ്ലീങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നത്. പല ക്രിസ്ത്യന്‍ സമുദായ നേതാക്കളും അത് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ചില അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും അംഗീകരിക്കുന്നപക്ഷം ഈ നീക്കവുമായി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഇടതുപക്ഷവും യുഡിഎഫും മുസ്ലിംകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. മുനമ്പത്ത് ഇരുമുന്നണികളും ആവേശത്തോടെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ്. വഖഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഏകകണ്ഠമായി പാസാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അതേസമയം വെള്ളാപ്പള്ളിയുടെ പുതിയ ആയസം രാഷ്ടീയമായി യുഡിഎഫിനാണ് ക്ഷീണം ചെയ്യുക എന്ന വിലയിരുത്തലുകളുമുണ്ട്. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി മാറുമെന്നും കരുതുന്നവര്‍ ഏറെയാണ്. അതുകൊട്ട് തന്നെ വെള്ളാപ്പള്ളിയുടെ ആശയത്തെ തുടക്കത്തില്‍ തന്നെ എന്‍എസ്എസ് തള്ളിക്കളഞ്ഞു.
നായാടി മുതല്‍ നസ്രാണി വരെ എന്ന ആശയം തന്നെ ഒരു സമുദായത്തെ-മുസ്ലിംകളെ ഒഴിവാക്കുന്നു എന്ന തോന്നലണ് ഉണ്ടാക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ''എന്‍എസ്എസിന് രാഷ്ട്രീയമില്ല, ഞങ്ങള്‍ മതനിരപേക്ഷതയെ വിലമതിക്കുന്നു. എല്ലാവരെയും തുല്യരായി കാണുന്ന സംഘടനയാണ് എന്‍എസ്എസ്. തങ്ങള്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും സുകുമാരന്‍ നായര്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളിയുടെ ആവശയത്തോട് തല്‍ക്കാലം ക്രൈസ്തവ നേതാക്കളും അകലം പാലിക്കുകയാണ്. വെള്ളാപ്പള്ളി പറഞ്ഞതില്‍ ഉറച്ചു നല്‍കകാത്ത ചാഞ്ചാടുന്ന വ്യക്തിയാണെന്ന സൂചനയാണ് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. വെള്ളാപ്പള്ളിയുടെ പ്രസ്താവന പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സീറോ മലബാര്‍ സഭയിലെ പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടുന്നത്. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയും എസ്എന്‍ഡിപിയുടെ ആശയം തള്ളിക്കളഞ്ഞവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുറച്ചു കാലമായി തന്നെ വെള്ളാപ്പള്ളി യുഡിഎഫിനോട് അകലം പാലിച്ചാണ് നില്‍ക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അടക്കം യുഡിഎഫിനെ പിന്തുണച്ചിരുന്നില്ല വെള്ളാപ്പള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായങ്ങള്‍ക്കിടയില്‍ വലിയ വേരോട്ടം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സമുദായ സമവാക്യ ആശയവുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരിക്കുന്നത്.