ബോളിവുഡുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാവ്; ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; പണവും തോക്കും മുന്‍കൂട്ടി എത്തിച്ചു; പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് പോലീസ്

ബാബാ സിദ്ദിഖിന്റെ കൊലയാളികള്‍ക്ക് അധോലോക ബന്ധമെന്ന് പോലീസ്

Update: 2024-10-13 06:38 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിയിലായ കൊലയാളികള്‍ക്ക് അധോലോക സംഘവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ഹരിയാന സ്വദേശി ഗുര്‍മല്‍ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇവരില്‍ നിന്ന് പിസ്റ്റള്‍ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായ രണ്ടുപേര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് അവകാശപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലോറന്‍സ് ബിഷ്‌ണോയും സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന എന്‍.സി.പി നേതാവിന്റെ കൊലപാതകം സുരക്ഷാ ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ശനിയാഴ്ച രാത്രി ഈസ്റ്റ് ബാന്ദ്രയിലെ മകന്റെ ഓഫീസിനടുത്തുവെച്ചാണ് ബാബ സിദ്ദിഖിന് വെടിയേല്‍ക്കുന്നത്. ഓഫീസില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോള്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് നേരെയുതിര്‍ത്ത ആറ് വെടിയുണ്ടകളില്‍ നാലെണ്ണം നെഞ്ചിലാണ് കൊണ്ടത്.

ബാബ സിദ്ദിഖിയെ കൊലപ്പെടുത്താന്‍ കഴിഞ്ഞ ഒരുമാസമായി പദ്ധതിയിട്ട് കാത്തിരിക്കുകയാണെന്ന വിവരം പിടിയിലായവരില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ രാത്രിയില്‍ ഓട്ടോറിക്ഷയിലാണ് ബാന്ദ്രയിലെത്തിയതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. കേസ് അന്വേഷണത്തിന് നാല് പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നാലംഗ സംഘമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. രണ്ട് പേര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. റയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് കൊലപാതകികളെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൊലപാതകം നടത്താന്‍ സംഘത്തിന് പണം മുന്‍കൂറായി ലഭിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് മുന്‍കൂറായി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ തോക്കും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. കൊലപാതകം നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയില്‍ 14000 രൂപ വാടകയുള്ള വീടെടുത്ത് താമസിക്കുകയായിരുന്നു നാലംഗ സംഘമെന്നും പോലീസ് പറഞ്ഞു.

ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട സംഘം, ചേരി പുനരധിവാസ കേസ് എന്നിങ്ങനെ രണ്ട് ദിശകളിലായാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ബാബ സിദ്ദിഖിന് വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ ഗുജറാത്തിലെ ജയിലിലാണുള്ളത്. സല്‍മാന്‍ ഖാനുമായി ബാബ സിദ്ദിഖിനുള്ള അടുത്ത ബന്ധമാണ് ബിഷ്ണോയി സംഘത്തിന്റെ വൈരാഗ്യത്തിന്റെ കാരണമെന്നാണ് സൂചനകള്‍. സല്‍മാന്റെ സുഹൃത്തുക്കളെല്ലാം തങ്ങളുടെ ശത്രുക്കളായിരിക്കുമെന്ന് നേരത്തെ ബിഷ്ണോയിയുടെ അനുയായി ആ രോഹിത് ഗോദറ പറഞ്ഞിരുന്നു.

അതിനിടെ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുന്നത് വരെ ബാബ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സമ്മതിക്കില്ലെന്ന് മകനും എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖ് പറഞ്ഞു. സിദ്ദിഖിന്റെ കൊലപാതകം മഹാരാഷ്ട്ര രാഷ്ട്രീയത്തിലും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ക്രമസമാധാന നില പാടെ തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. രാത്രി ഒമ്പതരയോടെ ദസറ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ മുഖം മുടി ധരിച്ചെത്തിയ മൂന്ന് പേര്‍ സിദ്ദിഖിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. പഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസറും ഒപ്പമുണ്ടായിരുന്നു. അക്രമികള്‍ രണ്ടു മൂന്നു റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു. ബാബ സിദ്ദിഖി 1999, 2004, 2009 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബാബാ സിദ്ദിഖി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നത്. 1999, 2004, 2009 വര്‍ഷങ്ങളില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി വിജയിച്ച നേതാവ്.മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി.ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ അത്രമാത്രം സ്വാധീനമുള്ള നേതാവ്.

2013ല്‍ ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാര്‍ തമ്മിലുണ്ടായ പ്രശസ്തമായ തര്‍ക്കം ഒരു ഇഫ്താര്‍ വിരുന്നില്‍ ബാബ സിദ്ദിഖി പുഷ്പം പോലെ പരിഹരിച്ചതും മറ്റൊരു ചരിത്രമാണ്. അത്രമാത്രം ബന്ധം ബോളിവുഡിനോടും സിദ്ദിഖി സൂക്ഷിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നാവായും സിദ്ദിഖി പയറ്റിത്തെളിഞ്ഞതാണ് മഹാരാഷ്ട്ര രാഷ്ട്രീയം. ഒടുവില്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കൗമാരക്കാലം മുതല്‍ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിദ്ദിഖി പിടിയിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ബാന്ദ്ര മേഖലയില്‍ ഉണ്ടായിരുന്ന മേല്‍ക്കൈയ്ക്കും ഉലച്ചില്‍ സംഭവിച്ചിരുന്നു.

എന്‍സിപി പിളര്‍ത്തി എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു സിദ്ദിഖിയുടെ തീരുമാനം. മറാഠാ രാഷ്ട്രീയത്തിലെ ഒരു അതികായനാണ് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചുവീണത്. ഈ അരുംകൊലയ്ക്ക് പിന്നിലാരെന്ന ചോദ്യങ്ങള്‍ വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയെ ചൂടിപിടിപ്പിക്കുക തന്നെ ചെയ്യും.

Tags:    

Similar News