അമേരിക്കയുമായുള്ള വ്യാപാര കരാറോടെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് പുതുജീവന്‍; ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ മാത്രം 10,000 കോടി ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷ; കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും; കര്‍ഷകരെ സംരക്ഷിക്കും; കൃഷി, പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

അമേരിക്കയുമായുള്ള വ്യാപാര കരാറോടെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് പുതുജീവന്‍

Update: 2026-02-03 10:58 GMT

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിനെ ഒരു വിന്‍-വിന്‍ ഡീല്‍ എന്നാണ് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍, കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കയാണ്. അതേസമയം ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ് കരാറെന്നാണ് വിദഗ്ധന്‍ അഭിപ്രായപ്പെടുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറിലേക്ക് (ഏകദേശം 42 ലക്ഷം കോടി രൂപ) എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ധാരണയായത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ മാത്രം 10,000 കോടി ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇലക്ട്രോണിക് മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വില കുറയുകയും വിപണി വിഹിതം വര്‍ധിക്കുകയും ചെയ്യും. ഇലക്ട്രോണിക്‌സ് നിര്‍മാണ രംഗത്ത് ഇന്ത്യയുടെ പ്രധാന എതിരാളിയായ വിയറ്റ്‌നാമിന് നിലവില്‍ 20 ശതമാനമാണ് അമേരിക്കയിലെ നികുതി. ഇന്ത്യയ്ക്ക് ഇത് 18 ശതമാനമായി കുറഞ്ഞതോടെ ആഗോള കമ്പനികളുടെ 'ചൈന പ്ലസ് വണ്‍' പദ്ധതിയില്‍ ഇന്ത്യ ഒന്നാമതെത്തും.

ആപ്പിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. നിലവില്‍ ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഐഫോണുകളില്‍ നാലിലൊന്നും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. കരാര്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററുകളില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് നിരീക്ഷണങ്ങള്‍

സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തും കുതിപ്പ് പ്രതീക്ഷിക്കുന്നു. ചിപ്പ് നിര്‍മാണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക), ഡാറ്റാ സെന്ററുകള്‍ എന്നീ മേഖലകളില്‍ അമേരിക്കന്‍ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് സുഗമമായി ഒഴുകാന്‍ കരാര്‍ വഴിയൊരുക്കും. കരാറിനെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ 'വിന്‍-വിന്‍' കരാറാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നേരത്തെ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് ട്രംപ് ഭരണകൂടം നികുതി ഭീഷണി മുഴക്കിയിരുന്നെങ്കിലും, കേന്ദ്ര ബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങളും നയതന്ത്ര നീക്കങ്ങളുമാണ് അമേരിക്കയെ അയഞ്ഞ നിലപാടിലേക്ക് എത്തിച്ചത്. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ മാഞ്ഞുതുടങ്ങുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ 'മെഗാ ഡീല്‍'.

അതേസമയം ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങല്‍ വ്യക്തമാക്കുന്നത്. വെനസ്വേലയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളുടെ തന്ത്രപരമായ വാങ്ങലുകള്‍ പുതിയ കരാറിന്റെ ഭാഗമാണെന്നും അവര്‍ അറിയിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറില്‍ തീരുമാനമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

കൃഷി, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് സംരക്ഷണം തുടരും, ചര്‍ച്ചകളില്‍ കര്‍ഷകരുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് പാര്‍ലമെന്റില്‍ വിശദീകരിച്ചേക്കുമെന്നാണ് വിവരം.

കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 25 ശതമാനത്തില്‍ 18 ആയി കുറച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. യുഎസുമായുള്ള വ്യാപാര കരാര്‍ ദീര്‍ഘകാലത്തെ ക്ഷമയുടെ ഫലമാണെന്നും താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് അനുകൂലമായ ഫലത്തിലെത്തിയെന്നും പ്രധാനമന്ത്രി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പറഞ്ഞു.

കരാര്‍ പ്രകാരം അന്താരാഷ്ട്ര ഉപരോധം നേരിടാത്ത രാജ്യങ്ങളില്‍നിന്ന് നിലവിലെ വിപണി നിരക്കില്‍ ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.'ഉപരോധം നിലവിലിരുന്നപ്പോള്‍ നമ്മള്‍ വെനസ്വേലയില്‍ നിന്ന് വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഉപരോധം നീക്കം ചെയ്തതിനാല്‍ ഞങ്ങള്‍ വാങ്ങും' കേന്ദ്രം പറയുന്നു.

Tags:    

Similar News