നീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്

നീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ?

Update: 2025-05-05 07:10 GMT

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ഥി വ്യാജ ഹാള്‍ ടിക്കറ്റ് ഹാജരാക്കിയ കേസില്‍ നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഇവര്‍ കസ്റ്റഡിയിലാണ്. വിദ്യാര്‍ഥിയുടെ പേരില്‍ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു. നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. തിരുപുറം സ്വദശിനിയാണ് പിടിയിലായ ഗ്രീഷ്മ.

ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. ചോദ്യംചെയ്യലില്‍ ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ചു. തുടര്‍ന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കല്‍ ഭാഗത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്.

നീറ്റ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്റര്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു. ഫീസായി 1250 രൂപ ജീവനക്കാരി വാങ്ങുകയും ചെയ്തു. എന്നാല്‍ ഇവര്‍ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. പരീക്ഷയുടെ സമയം എത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടു. ജീവനക്കാരി വ്യാജമായുണ്ടാക്കിയ ഹാള്‍ടിക്കറ്റ് അമ്മയുടെ വാട്സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇത് ഡൗണ്‍ലോഡ് ചെയ്താണ് വിദ്യാര്‍ഥി അമ്മയ്ക്കൊപ്പം പത്തനംതിട്ടയിലെത്തിയത്. അഭിരാം എന്നയാളുടെ ഹാള്‍ടിക്കറ്റില്‍ തിരിമറി കാണിച്ചാണ് ജിത്തുവിന് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍ നിന്നാണ് വിദ്യാര്‍ഥി കഴിഞ്ഞദിവസം പിടിയിലായത്. അഡ്മിറ്റ് കാര്‍ഡില്‍, പരീക്ഷാ സെന്റര്‍ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ അമ്മയ്ക്കൊപ്പമാണ് വിദ്യാര്‍ഥി ഇവിടെയെത്തിയത്. എന്നാല്‍, ഈ സ്‌കൂള്‍ പരീക്ഷ കേന്ദ്രമല്ലായിരുന്നു. തുടര്‍ന്നാണ് നഗരത്തില്‍ പരീക്ഷ നടക്കുന്ന തൈക്കാവ് കേന്ദ്രത്തിലെത്തിയത്.

കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് ഇവിടെ പരീക്ഷയില്ലെന്നാണ് കണ്ടത്. തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതി. എന്നാല്‍ ബയോമെട്രിക് ആധാര്‍ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരില്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് മനസിലായി. ഹാള്‍ടിക്കറ്റ് വ്യാജമായുണ്ടാക്കിയതാണെന്ന് വ്യക്തമായതോടെ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വ്യാജ ഹാള്‍ ടിക്കറ്റെന്ന് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി എത്തിയതെന്നും പൊലീസ് പറയുന്നു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ പൊലീസ് പരിശോധനയ്ക്ക് ശേഷം ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തത്.

Tags:    

Similar News