വയറുകാളി കണ്ണില്‍ ഇരുട്ട് കയറി മലയിറങ്ങിയ സൈക്കോ ചെന്താമര പൊലീസുകാരെ കണ്ടപാടേ പറഞ്ഞത് എനിക്ക് വിശക്കുന്നു എന്ന്; ചിക്കനും ചോറും വേണമെന്ന് ഒരേവാശി; ഒടുവില്‍ കിട്ടിയത് മെസിലെ ഇഡ്ഡലി; ഇരട്ടക്കൊലയുടെ ഒരു കുറ്റബോധവുമില്ലാതെ ലോക്കപ്പില്‍ ആര്‍ത്തിയോടെ തീറ്റ
ചെന്താമരയ്ക്ക് ചിക്കനും ചോറും വേണമെന്ന് ഒരേവാശി
നെന്മാറ: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ സൈക്കോ ചെന്താമരയ്ക്ക് ആളുകള്‍ പുതിയ വസ്ത്രം ധരിക്കുന്നതും, ചിരിക്കുന്നതും മാത്രമല്ല സഹിക്കാന്‍ കഴിയാത്തത്. ഇയാള്‍ക്ക് വിശപ്പും തീരെ സഹിക്കാന്‍ വയ്യ. 2019ല്‍ ജ്യോതിഷിയുടെ വാക്കുകേട്ട് നീണ്ട മുടിയുള്ള സ്ത്രീയാണ് കുടുംബം തകരാന്‍ കാരണമെന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് അവിടെ കഴിഞ്ഞത്. ഒടുവില്‍, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂര്‍ മാത്രമാണ് നീണ്ടത്. അതിനിടെ തന്നെ വിശപ്പ് രൂക്ഷമായി. പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്.
രാത്രി പിടികൂടിയപ്പോള്‍, പൊലീസുകാരോട് ചെന്താമര ആദ്യം പറഞ്ഞത് ഇങ്ങനെയാണ്: 'വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിക്കാന്‍ വേണം' ്. നെന്മാറ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍, 'നല്ല വിശപ്പുണ്ട്, ചിക്കനും ചോറും വേണം' എന്നായിരുന്നു ഡിമാന്‍ഡ്. ഈ നേരത്ത് എവിടെ ചിക്കനും ചോറും എന്നായി പൊലീസുകാര്‍. എന്തായാലും രാത്രി പതിനൊന്നോടെ സ്റ്റേഷന് മെസ്സിലെ ഇഡ്ഡലിയും കറിയും ഓംലറ്റും കഴിച്ച് ചെന്താമര വിശപ്പടക്കി.
ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണമല്ലാതെ മറ്റ് അസുഖങ്ങളൊന്നും പ്രതിക്കില്ലായിരുന്നു. കാട്ടിലേക്കു വേലി മറികടന്നു പോയതിന്റെ ചെറിയ മുറിപ്പാടുകള്‍ ദേഹത്തുണ്ട്. പുലര്‍ച്ചെ പ്രതിയെ ആലത്തൂരിലേക്കു കൊണ്ടുപോയി. രണ്ടുപേരെ കൊടുവാള് കൊണ്ട് വെട്ടി കൊലപ്പെടുത്തിയിട്ടും ഇയാള്‍ക്ക് യാതൊരു കുറ്റബോധമില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. ചിക്കനും ചോറുമൊക്കെ ചോദിക്കാന്‍ യാതൊരു മടിയും ഉണ്ടായില്ല. ചെന്താമരയ്ക്ക് രണ്ടുദിവസത്തില്‍ കൂടുതല്‍ ഭക്ഷണമില്ലാതെ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് ചെന്താമരയുടെ കുടുംബം നല്കിയ വിവരപ്രകാരമാണ് പൊലീസ് കരുക്കള്‍ നീക്കിയത്.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ വിശപ്പു സഹിക്കാതെ ചെന്താമര പുറത്തു വന്നു. ഒളിയിടത്തില്‍ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാത്രി പോലീസ് തന്ത്രമൊരുക്കിയത്. ഇതിന് വേണ്ടിയാണ് സേനാ പിന്മാറ്റം എന്ന സന്ദേശം നല്‍കും വിധമുള്ള ഇടപെടല്‍ നടത്തിയത്. എല്ലാം നിരീക്ഷിച്ചിരുന്ന ചെന്താമര പോലീസ് പിന്മാറിയെന്ന് കരുതുകയും ചെയ്തു. കൃത്യമായി ഫലം കാണുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്‍ പ്രകോപിതരായി അടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്.
പോത്തുണ്ടി മലയില്‍ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. എല്ലാ പോലീസും നാട്ടുകാരും തിരച്ചില്‍ നിര്‍ത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയില്‍ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാര്‍ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നെന്മാറ പൊലീസ് സ്റ്റേഷനില്‍ മുന്നിലെ സംഘര്‍ഷം കണക്കിലെടുത്തായിരുന്നു പുലര്‍ച്ചെ പൊലീസിന്റെ നാടകീയ നീക്കം. പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നില്‍ ജനം തടിച്ചുകൂടിയിരുന്നു. ഗേറ്റ് തകര്‍ത്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു.
ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്. ചെന്താമരയെ തൂക്കികൊല്ലണമെന്നും ആരുടെയും വാക്ക് വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു.