2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പുറമേ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു; നാഥനില്ലാ കളരിയായതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം; അക്രമം അവസാനിപ്പിക്കാന്‍ ജെന്‍ സി പ്രക്ഷോഭകരോട് അഭ്യര്‍ഥന; സര്‍ക്കാരിനെ മുട്ടുകുത്തിച്ചതിന്റെ ആഹ്ലാദത്തില്‍ പ്രക്ഷോഭകര്‍
2008 ല്‍ രാജഭരണം അവസാനിപ്പിച്ചതിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി
കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭകര്‍ അക്ഷരാര്‍ഥത്തില്‍ സര്‍ക്കാരിനെ മുട്ടുകുത്തിച്ചിരിക്കുകയാണ്. തെരുവുകളില്‍ തുടരുന്ന വന്‍പ്രതിഷേധ മാര്‍ച്ചുകള്‍ പലപ്പോഴും അക്രമാസക്തമായി. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് പിന്നാലെ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജി വച്ചു. സോഷ്യല്‍ മീഡിയ നിരോധനത്തിലെ പ്രതിഷേധത്തിന് പുറമേ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പൊറുതി മുട്ടിയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. കര്‍ഫ്യു ലംഘിച്ച് തെരുവുകളില്‍ ഒത്തുകൂടിയ യുവാക്കള്‍ സുരക്ഷാ സേനയുമായി പലയിടത്തും ഏറ്റുമുട്ടി.യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ അഴിമതിയും ദുര്‍ഭരണവുമാണ് പ്രധാന വിഷയങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദപരമായ നിരോധനമാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രക്ഷോഭങ്ങള്‍ രക്തരൂക്ഷിതമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഈ നിരോധനം പിന്‍വലിച്ചിരുന്നു. പ്രക്ഷോഭങ്ങളില്‍ ഏകദേശം 22 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ചൊവ്വാഴ്ചയും അയവില്ലാതെ തുടരുകയാണ്. പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പാര്‍ലമെന്റ് കെട്ടിടവും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.
ഇരട്ട രാജിയോടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം
ഈ ഇരട്ട രാജി രാജ്യത്തെ രാഷ്ട്രീയപരമായ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരണം സങ്കീര്‍ണ്ണമാക്കുകയും ചെയ്തിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തില്‍ രാജ്യത്തിന്റെ സുരക്ഷാ ചുമതല നേപ്പാള്‍ സൈന്യം ഏറ്റെടുക്കുന്നതായി അറിയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അഖണ്ഡതയും ദേശീയ ഐക്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ സമാധാനം പുന: സ്ഥാപിക്കാനും സാമൂഹിക ഐക്യവും ദേശീയ ഐക്യവും നിലനിര്‍ത്തുന്നതിനും യുവാക്കള്‍ ക്രിയാത്മക പങ്കുവഹിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
രാജ്യത്ത് നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ഭരണഘടന അനുശാസിക്കുന്ന പരിഹാരങ്ങള്‍ക്ക് വഴിതുറക്കുന്നതിനായി താന്‍ സ്ഥാനമൊഴിയുകയാണെന്ന് പ്രധാനമന്ത്രി ഒലി രാജി കത്തില്‍ വ്യക്തമാക്കി. പ്രക്ഷോഭകരുടെ വിജയാഘോഷങ്ങള്‍ പാര്‍ലമെന്റിന് പുറത്ത് നടന്നുവെങ്കിലും, രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പും തുടര്‍ന്നു. പല രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ക്ക് തീയിട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയും ആക്രമിക്കപ്പെട്ടു. കാഠ്മണ്ഡു വിമാനത്താവളത്തിന് സമീപത്തുണ്ടായ തീവെപ്പ് കാരണം സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. സിംഗാ ദുര്‍ബാര്‍ സമുച്ചയത്തിലെ പ്രധാന മന്ത്രാലയങ്ങളും അഗ്‌നിക്കിരയായി.
രാജിക്ക് മുമ്പ് കെ പി ശര്‍മ്മ ഒലി നേപ്പാള്‍ സൈനിക മേധാവി അശോക രാജ് സിഗ്‌ദെലില്‍ നിന്ന് സൈനിക സഹായം തേടിയിരുന്നു. രാജി വയ്ക്കാനായിരുന്നു സൈനിക മേധാവിയുടെ ഉപദേശം. ഒലി അധികാരം കൈവെടിഞ്ഞാല്‍ മാത്രമേ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുകയുള്ളുവെന്നും സൈനിക മേധാവി ധരിപ്പിച്ചു. ഒലി ദുബായിലേക്ക് രക്ഷപ്പെടാന്‍ തയ്യാറെടുത്തിരുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കെ പി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതിനെ തുടര്‍ന്ന് നേപ്പാള്‍ ചീഫ് സെക്രട്ടറി, സൈനിക മേധാവി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി എന്നിവര്‍ അക്രമത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം മന്ത്രി മന്ദിരങ്ങളില്‍ നിന്ന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഹെലികോപ്ടറുകളില്‍ മാറ്റി. വിമാനത്താവളം അടയ്ക്കും മുമ്പ് അഞ്ച് സൈനിക ഹെലികോപ്ടറുകള്‍ മന്ത്രിമാരുമായി പറന്നെത്തി.
പ്രധാനമന്ത്രിയും പ്രസിഡന്റും ഇല്ലാതായതോടെ 2008 ല്‍ രാജഭരണം അവസാനിപ്പിച്ച ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേപ്പാള്‍ നേരിടുന്നത്.